ഫാപിൻസ്: നനവുള്ള ഓർമകൾ

മുൻ കോഡിനേറ്റർ, ഫാപിൻസ്

ഫാപിൻസ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ എനിക്ക് ഈ സ്ഥാപനവുമായി ബന്ധമുണ്ട്. ഇതിന്റെ ആദ്യത്തെ പ്രോഗ്രാം കോഡിനേറ്റർ ആയിരുന്നു ഞാൻ. ഫാപിൻസിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുമ്പോഴും അതിന്റെ ഇന്റീരിയർ ഡിസൈനിങ് നടക്കുമ്പോഴും അവിടെയുള്ള തൊഴിലാളികളെ മെയിനൈ്റൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥത്തിലുള്ള സേവനത്തിന് പുറമേ ഇങ്ങനെയുള്ള കാര്യങ്ങളിലും ഭാഗവാക്കാവാൻ സാധിച്ചിട്ടുണ്ട്. സി.ടി. അബ്ദുൽഖാദർ സാഹിബുമായിട്ടുള്ള എന്റെ ബന്ധം തുടങ്ങുന്നത് സിജിയിൽ വെച്ചാണ്. അന്ന് അദ്ദേഹം സിജിയുടെ നോർത്ത് സോൺ ഡയറക്ടറാണ്. അന്ന് ഞാൻ സിജിയിൽ DAT ന്റെ സ്റ്റേറ്റ് കോഡിനേറ്റർ ആയി വർക്ക് ചെയ്യുകയായിരുന്നു. അവിടെ നടന്നിരുന്ന മീറ്റിങ്ങുകളിലും പരിപാടികളിലും സ്ഥിരമായി ഞങ്ങൾ കാണുകയും അവിടെവച്ച് പരിചയപ്പെടുകയും ചെയ്തു. പിന്നെയാണ് ഞാൻ ഫാപിൻസിലേക്ക് മാറുന്നത്. അങ്ങനെ തൃക്കരിപ്പൂരിൽ ഉള്ള സിജി സ്ഥാപനവുമായി സഹകരിക്കുകയും ഫാപിൻസിന്റെ പ്രൊജക്ടുമായി മുന്നോട്ട് പോവുകയും ചെയ്തു. ഈ സംരംഭം തുടങ്ങുന്നതിന് മുമ്പ് സി.ടി. അബ്ദുൽഖാദർ സാഹിബിന്റെ കൂടെ ഒരുപാട് നേതാക്കളെയും ഡോക്ടർമാരെയും കണ്ടു. അതിൽ അലോപ്പതി, ആയുർവേദിക്, പ്രൊഫറ്റിക് മെഡിസിൻ, യൂനാനി തുടങ്ങിയ പല മേഖലകളിലുള്ള ഡോക്ടർമാരെല്ലാം ഉണ്ടായിരുന്നു. അവരിൽനിന്ന് നിർദ്ദേശങ്ങളും ഫീഡ്ബാക്കുകളും സ്വീകരിച്ചു. അതുപോലെ ഫാപിൻസിൽ നിന്ന് തന്നെ ബാംഗ്ലൂരിലേക്ക് പോകുകയും അവിടെയുള്ള NGOകളുമായി ചർച്ചചെയ്ത് അവരിൽനിന്ന് ഒരു റിപ്പോർട്ട് ഉണ്ടാക്കുകയും ചെയ്തു. ഫാപിൻസിന്റെ ആദ്യകാലഘട്ടത്തിൽ ഓരോ മേഖലകളിലും ഗൈഡൻസ് നൽകൽ ആയിരുന്നു ലക്ഷ്യം . അതുപോലെ തൃക്കരിപ്പൂർ,തങ്കയം പോലെയുള്ള സ്ഥലങ്ങളിൽ കമ്മ്യൂണിറ്റിയെ വിദ്യാഭ്യാസ മേഖലയിൽ ശാക്തീകരണം നടത്തുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. അതിന്റെ ഭാഗമായി ഒരുപാട് എംപവർമെന്റ് പ്രോഗ്രാമുകളും കൗൺസിലിംഗ് പരിപാടികളും നടന്നു. അതുപോലെ സമൂഹത്തോട് കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്ന, സ്വാധീനമുള്ള മതനേതാക്കൾ, ഖത്തീബുമാർ, മഹല്ലിന് കീഴിലുള്ള ഉസ്താദുമാർ, അധ്യാപകർ എന്നിവർക്കും ആധുനിക- സാങ്കേതിക വിദ്യാഭ്യാസ രീതികളെക്കുറിച്ച് പരിചയപ്പെടുത്തുകയും അവർക്കും എംപവർമെന്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ ഫാപിൻസിൽ നിന്നും പോയതിനു ശേഷവും ഇങ്ങനെയുള്ള ഒരുപാട് പരിപാടികൾ വ്യവസ്ഥാപിതമായ രീതിയിൽ നടന്നിട്ടുണ്ടെന്ന് പിന്നീട് സി.ടി. എന്നെ അറിയിച്ചിരുന്നു. ഇത്രയും വർഷങ്ങൾ മുന്നോട്ടു പോയിട്ടും നല്ല രീതിയിൽ ഫാപിൻസ് മുന്നോട്ടു പോകുന്നുണ്ടെങ്കിൽ അത് സി.ടി. എന്ന വ്യക്തിയുടെ കഠിനാധ്വാനവും പരിശ്രമവും ഓരോ പരിപാടിയും ആസൂത്രണം ചെയ്യാനുള്ള സി.ടി.യുടെ നിസ്തുലമായ കഴിവും കൂടിയാണ് അതിന്റെ പിന്നിൽ. ഇനിയും ഒരുപാട് ദൂരം നമുക്ക് സഞ്ചരിക്കാൻ ഉണ്ട്. അതിന് ഫാപിൻസിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.