കനിവിന് പ്രചോദനമായതും ഫാപിൻസ്

ട്രഷറർ, കെ.എം.സി.സി, ദുബൈ

കരളലിയിക്കുന്ന കാഴ്ചകൾ കാണാനുള്ള കണ്ണ് വേണമെന്നും അതിന് പരിഹാരം കാണാനുള്ള മനസ്സ് വേണമെന്നും എന്തെങ്കിലും ആ മേഖലയിൽ കഴിയും വിധം ചെയ്യണമെന്നും എനിക്ക് കൂടുതൽ ബോധ്യപ്പെടുത്തി തന്നതിൽ ഒരു നിർണായക പങ്ക് ഫാപിൻസിനുണ്ട്. ഫാപിൻസിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഏതാണ്ട് ഒരു വർഷക്കാലം തൃക്കരിപ്പൂർ മണ്ഡല പരിധിയിലെ കാൻസർ രോഗികൾക്ക് അൽപാശ്വാസം പകരാൻ കഴിഞ്ഞത് ഞാൻ ഏറെ അഭിമാനത്തോടെ കാണുന്നു . എന്റെ വന്ദ്യ പിതാവിന്റെ നാമധേയത്തിൽ കനിവിന്റെ കാരുണ്യവഴിയിൽ കഴിവിനകത്ത് നിന്ന് രോഗീപരിചരണ മേഖലയിൽ ഇടപെടാൻ സാധിച്ചു . കാൻസർ രോഗികളായ നൂറോളം സഹോദരങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അരിക് ചേർന്ന് നിൽക്കാനും മാനസിക ആരോഗ്യം പകരാനും സാധിച്ചത് ഫാപിൻസുമായുള്ള ഹൃദയബന്ധത്തിലൂടെയാണ് . മാസംതോറും നിശ്ചിത തുക നൽകിയും, രോഗം മൂർഛിക്കാതിരിക്കാൻ കൈകൊള്ളേണ്ടുന്ന മാർഗദർശനങ്ങളും മാനസിക പരിചരണങ്ങളും നൽകിയും ഒരു കൂട്ടുകാരനെപ്പോലെ ,കൂട്ടിരിപ്പുകാരനെപ്പോലെ കഴിഞ്ഞു ഒരു വർഷം. തിരുവനന്തപുരത്തെ RCC യോട് ചേർന്നുള്ള CH സെന്ററുമായുള്ള വർഷങ്ങളായുള്ള വൈകാരിക ബന്ധം എന്നെ ഈ മേഖലയിൽ കൂടുതൽ സ്വാധീനിച്ചു . കാൻസർ രോഗികൾക്കൊപ്പം മനസ്സ് പങ്കിട്ടപ്പോൾ ആശ്വാസം അവർക്ക് മാത്രമായിരുന്നില്ല .അവരേക്കാൾ എനിക്കായിരുന്നു . അൽഹംദുലില്ലാഹ് .... ഓർക്കുന്നു ഞാൻ ആ കനിവിന്റെ കാലത്തെയും, ഫാപിൻസിന്റെ ഹൃദയ ബന്ധത്തെയും . നമുക്ക് ചുറ്റും അനേകം പേരുണ്ട് അനന്തതയിലേക്ക് കണ്ണും നട്ട് അനങ്ങാനാവാതെയിരിക്കുന്നവർ . അവരെ അനക്കാൻ ,അവരുടെ മനസ്സിനെ ഉണർത്താൻ ,അവർക്ക് വേണ്ടി ആവുന്നത് എന്തെങ്കിലും ചെയ്യാൻ നാം ഒന്ന് മനസ്സ് വെച്ചാൽ അതിലൂടെ ഉണ്ടാവുന്ന മാറ്റം ചെറുതല്ല. ആശ്വാസം ഒട്ടും ചെറുതല്ല. റബ്ബ് അനുഗ്രഹിക്കട്ടെ! ആമീൻ.