കൺവീനർ, ഫാപ്പിൻസ്
വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുന്ന സാമൂഹിക ചുറ്റുപാടിൽ നിന്നും പ്രത്യാശയുടെയും സാന്ത്വനത്തിന്റെയും മാർഗ്ഗം അന്വേഷിച്ചുള്ള യാത്രയിലാണ് 2006 ഫാപിൻസ് എന്ന സംരംഭം പിറവിയെടുക്കുന്നത്. ഒരു മുൻ മാതൃകയില്ലാതെ ഈ സംരംഭത്തിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ ഒരുപാട് ആശങ്കകൾക്ക് നടുവിലും മഹൽ വ്യക്തികളിൽ നിന്നും ലഭിച്ച ഉയർന്ന പ്രതീക്ഷയും ഉദാത്തമായ ലക്ഷ്യവുമാണ് ഇതിനെ മുന്നോട്ടു നയിച്ചത്. ഈ സംരംഭത്തെ ഒരു സ്ഥാപനമായി പടുത്തു പണിതുയർത്തിയത് വന്ദ്യരായ സി.ടി.യുടെ ഭാര്യാപിതാവ് ആയിരുന്നു. ഫാപിൻസിന്റെ മുന്നോട്ടുള്ള ഓരോ വളർച്ചയുടെയും ആണിക്കല്ല് അദ്ദേഹം നൽകിയ പ്രത്യാശയും പ്രതീക്ഷയും ആയിരുന്നു. സ്ഥാപിച്ച് വർഷങ്ങൾക്കു ശേഷം ഇന്നും വളരെ കാലിക പ്രസക്തിയോടെ ഈ സംരംഭം നിലനിൽക്കുന്നത് സി.ടി.യുടെ വന്ദ്യ പിതാവ് അബ്ദുൽ അസീസ് മാസ്റ്റർ പകർന്നുതന്ന കരുത്തും ഉദാത്തമായ ലക്ഷ്യവും കൊണ്ടാണ്. നമുക്ക് മുന്നിൽ ജ്വലിച്ചു നിന്ന ഈ രണ്ട് മഹദ് വ്യക്തികൾ നമ്മിൽനിന്നും മറഞ്ഞ് വർഷങ്ങൾക്ക് ശേഷവും നിലാവൊളിയായി ഉദ്യമങ്ങൾക്ക് ഊർജ്ജവും പ്രചോദനവും നൽകുന്നു. വന്ദ്യരായ സി.ടി.യുടെ നിശ്ചയദാർഢ്യവും ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള ആഗ്രഹവും ആണ് ഈ സംരംഭത്തെ വിജയത്തിലെത്തിച്ചത്. തുടക്കത്തിൽ ഫാപിൻസ് കെട്ടിടത്തിലെ ഒരു റൂമിലെ പണി വേഗത്തിൽ പൂർത്തീകരിച്ച് അവിടെ വെച്ചായിരുന്നു നമ്മു പദ്ധതികൾ തുടക്കം കുറിച്ചത്. അന്ന് ഞങ്ങളുടെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും അവിടെ വെച്ചായിരുന്നു. ഓരോ ദിവസവും അതിരാവിലെ ഒരുമിച്ചിരുന്ന് നമ്മുടെ പദ്ധതിയെ വിവിധ ഭാഗങ്ങളിൽ ആസൂത്രണം നടത്തുകയും രാത്രി വൈകുമ്പോള് വിശകലനം നടത്തുകയും ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും. പല വ്യത്യസ്തമായ പ്രതിസന്ധികളിലൂടെയും ഫാപിൻസ് കടന്നു പോയപ്പോഴും ഒരുമിച്ചുള്ള ഈ ഇരുത്തം ആണ് നമ്മെ ഉറപ്പിച്ചു നിർത്തിയത്. ‘Holstic approach of medicine, itnegrated approach of treatment’ എന്ന നൂതനമായ ആശയത്തിൽ ആയിരുന്നു ഫാപ്പിൻസ് തുടക്കംകുറിച്ചത്. വിവിധ മെഡിക്കൽ ശാഖകളെ ഒരേ കുടക്കീഴിൽ കൊണ്ടു വന്ന് ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും സമൂഹത്തിലെ ഒരു അംഗമെന്ന നിലയ്ക്ക് ഒരു വ്യക്തിക്ക് ആവശ്യമായ വിവിധ പരിശീലനങ്ങളും നൽകി സമാധാനപൂർണമായ ജീവിതത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. സ്ഥാപനം ഇതേ രീതിയിൽ മുന്നോട്ടു നീങ്ങുകയും ആരോഗ്യ മേഖലയിലെ അനാരോഗ്യകരമായ കിടമത്സരം കൊണ്ടും ശാരീരിക ആരോഗ്യത്തിൽ മാനസിക ആരോഗ്യം പ്രധാന പങ്കുവഹിക്കുന്നു എന്ന് വ്യക്തമായത് കൊണ്ടും ശാരീരിക ആരോഗ്യവിഷയത്തിൽ അവബോധം മാത്രം നൽകി മനശാസ്ത്ര മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് സ്ഥാപനത്തിൽ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി. വർഷങ്ങൾ കഴിയുന്നതിനനുസരിച്ച് ഫാപ്പിൻസ് മുന്നോട്ടുവെച്ച പല ആശയങ്ങളും നൂതന സംരംഭങ്ങളും പദ്ധതികളുമായി സ്ഥാപനത്തിന് അകത്തും പുറത്തും വളർന്നു വരികയുണ്ടായി. യുവതി-യുവാക്കൾ, രക്ഷിതാക്കൾ, കുടുംബിനികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, പണ്ഡിതന്മാർ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവർക്ക് പരിശീലനവും മാർഗദർശനവും നൽകുന്ന വിവിധ പദ്ധതികൾക്ക് ഫാപ്പിൻസ് തുടക്കം കുറിക്കുകയുണ്ടായി. കമ്മ്യൂണിറ്റി കോളേജ്, സ്കഫോൾഡിങ്, ഹിക്മ, റിക്രിയേഷൻ സെന്റർ തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ഫാപിൻസിന്റെ യാത്രയിൽ കൂടെ നിന്ന് സഹകരിച്ച അനേകം വ്യക്തികളുണ്ട്. അവരെ പ്രത്യേകം സ്മരിക്കുന്നു. നന്ദി അറിയിക്കുന്നു. അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് ഇതിനെ മുന്നോട്ടു നയിച്ചത്. സമൂഹത്തിന് ക്ഷേമവും സമാധാനവും ഉയർച്ചയും നൽകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഇനിയും നാം തുടങ്ങേണ്ടതുണ്ട്. നാഥൻ തുണക്കട്ടെ...