കർമ്മം കൊണ്ട് വിസ്മയം സൃഷ്ടിച്ച ഫാപ്പിൻസ്

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, ജില്ലാ ജന.സെക്രട്ടറി, സിജി

ഫാപിൻസ്- എന്താണ് ആ വാക്കിനർത്ഥം.? ആർക്കും നിശ്ചയമില്ല. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു..? എങ്കിലും ആർക്കും പിടികൊടുക്കാതെ എന്തോ ഒരു നിഗൂഢത അതിൽ ഒളിപ്പിച്ചത് പോലെ, ജീവിതം തന്നെ മറന്നു പോകുന്ന നമ്മുടെ തിരക്കിനിടയിൽ നാം ഓർത്ത് വെക്കേണ്ട ഒത്തിരി കാര്യങ്ങൾ ഫാപിൻസ് നമ്മെ സദാ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നു. ആരോ ഏൽപ്പിച്ച ഒരു നിയോഗം പോലെ. ഫാപിൻസിന്റെ സ്ഥാപക ഡയറക്ടറായ സിടി അബ്ദുൽ ഖാദർ എന്ന സിടി എന്നും വ്യത്യസ്തനായിരുന്നു. അധികപേരും നടക്കാത്ത വഴിയേ നടക്കാൻ താല്പര്യപ്പെടുന്നവർ. തന്റെ നാടിനുവേണ്ടി പുതിയ വഴികൾ വെട്ടി കൊടുക്കാൻ സിടി യുടെ മനസ്സിൽ ഒത്തിരി ആശയങ്ങൾ.അതിന് ഊടും പാവും നെയ്യാൻ ഒരുപറ്റം സാത്വികർ. അതെ ഫാപിൻസ് പോലെ സിടി യും ഒരു വിസ്മയമാണ്. എന്നും നന്മയുടെ കൂടപ്പിറപ്പ് ആവാൻ സി. ടി. വലിയ തിരക്കിനിടയിലും സമയം കണ്ടെത്തിയിരുന്നു. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ് എന്ന വലിയ പാഠം നമുക്ക് പറഞ്ഞുതന്നത് ഫാപിൻസാണ്. കേവലം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ 2 കോഴ്സുകൾക്ക് അപ്പുറം സ്വന്തം നാട്ടുകാർക്ക് വിവിധ പ്രോഗ്രാമിലൂടെ മാനസിക ആരോഗ്യത്തിന് കുളിർമ നൽകാൻ ഫാപിൻസ് എന്നും ശ്രമിച്ചിട്ടുണ്ട്. മക്കളുടെ പഠന രംഗത്തുള്ള പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങളെ ചെറുക്കാൻ അത്തരം പ്രശ്നങ്ങൾ ശാസ്ത്രത്തിന്റെ അകകണ്ണോടെ അപഗ്രഥിച്ച് അടിസ്ഥാന കാരണം കണ്ടെത്തി അത്തരം വേദന തിന്നുന്ന രക്ഷിതാക്കൾക്ക് ഫാപിൻസ് ഒരു വട വൃക്ഷത്തിന്റെ തണൽ ഒരുക്കിയിട്ടുണ്ട്. തിരക്ക് പിടിച്ച ജീവിതത്തിൽ മാനസിക ഉന്മേഷം നേടാൻ ദൈവസ്മരണയോളം വലിയ മരുന്നില്ലെന്ന് നാട്ടുകാർക്ക് ഫാപ്പിൻസ് എന്നും പറഞ്ഞു കൊടുക്കുമായിരുന്നു. അത് നന്മനിറഞ്ഞ പുണ്യ റമദാൻ മാസത്തിൽ കോർത്ത് വല്ലാത്ത ആത്മീയ അനുഭൂതിയുടെ ലോകം സൃഷ്ടിക്കാൻ ഫാപ്പിൻസിന്റെ റംസാൻ പ്രോഗ്രാം ഏറെ സഹായിച്ചിട്ടുണ്ട്. സമൂഹത്തിൽ മാറ്റത്തിന്റെ ശില്പികൾ ആണ് അധ്യാപകർ, ഉസ്താദുമാർ, ഖത്തീബുമാർ. ഇവർ യഥാർത്ഥത്തിൽ നടത്തുന്ന സോഷ്യൽ എൻജിനീയറിങ് എന്ന ദൗത്യത്തെ പുത്തൻ പഠനങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി പരിപോഷിപ്പിക്കാൻ ഉതകുന്ന 'ഹിക്മ' കോഴ്സ് കേരളത്തിലാദ്യമായി നടപ്പിലാക്കി ചരിത്രത്തിലിടം നേടാൻ ഉത്തര മലബാറിലെ ഈ കൊച്ചു സ്ഥാപനത്തിനായി എന്നത് തന്നെ വലിയ വിസ് മയമാണ്. ഇനിയും ഒത്തിരി ഓർമ്മകൾ തികട്ടി വരുന്നുണ്ട്.പുതിയ വിസ്മയങ്ങൾ തീർക്കാൻ വെമ്പൽകൊള്ളുന്ന പ്രിയ സ്നേഹിതൻ സി.ടി.ക്കും ഫാപിൻസിനും ഒരായിരം ആശംസകൾ നേരുന്നു.