എന്നെ വളർത്തിയ ഫാപിൻസ്

ട്രൈയിനർ, മെമ്പർ, ഹിക്മ

പുത്രൻ പിതാവിന്റെ പൊരുളാണെന്ന പ്രവാചക വചനത്തെ അന്വർത്ഥമാക്കുന്ന വിധം അസീസ് മാസ്റ്റർ എന്ന മഹാമനീഷിയുടെ മക്കളുടെ നേതൃത്വത്തിൽ സ്ഥാപിതമായ 'ഫാപിൻസ്' ഹൃദയബന്ധം കൊണ്ട് ഞാനേറെ ചേർന്നിരിക്കുന്ന മഹത്തായ സംവിധാനമാണ്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ സമുന്നതനായ നേതാവായിരുന്ന മർഹൂം അസീസ് മാസ്റ്ററുടെ സുകൃത ജീവിതത്തിന്റെ തുടർച്ചയാണ് അവരുടെ മക്കളിലൂടെ, പുതിയകാല നന്മകളിലൂടെ 'ഫാപിൻസ്' നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യതകളെ തിരിച്ചറിയുകയും മുസ്ലിം സമുദായത്തിനകത്ത് സാധ്യമായ രീതിയിൽ കാലികമായ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും അത് വഴി സമഗ്രമായ സമുദ്ധാരണ പ്രക്രിയക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു ഫാപിൻസ്. ഉപായം കൊണ്ട് ഓട്ടയടക്കുന്ന പുതിയകാല കാപട്യങ്ങളെ പേറാതെ വ്യതിരിക്തമായ വഴിയിലൂടെ നടന്നു കൊണ്ടാണ് ഇത്രയും വലിയ മുന്നേറ്റം നമുക്ക് നടത്താൻ കഴിഞ്ഞത്. സമൂഹത്തിനാവശ്യമായ ഇടപെടലുകൾ നടത്താൻ വിദ്യാഭ്യാസ- വൈജ്ഞാനിക പദ്ധതികൾ കാലികമായ മാനം നൽകി നടപ്പാക്കിയത് ശ്രദ്ധേയമാണ്. വ്യക്തിപരമായി ഞാനേറെ വളർച്ച നേടിയതും, ഇന്നെന്റെ സാമൂഹിക വിലാസം എന്താണോ അതെല്ലാം എനിക്ക് ലഭിച്ചതും ഫാപിൻസിന്റെ തന്നെ സംവിധാനമായ 'ഹിക്മ'യിലൂടെയാണ്. ഈ അപ്ഡേഷൻ തന്ന ഉയർച്ചകളിൽ ഏറെ അഭിമാനത്തോടെ ഫാപിൻസിന് നന്ദിയും കടപ്പാടും അറിയിക്കുന്നു. അതിന്റെ അണിയറ ശിൽപ്പികൾ, പ്രവർത്തകർ എന്നിവർക്ക് വേണ്ടി ആത്മാർഥമായി പ്രാർഥിക്കുന്നു...