വ്യത്യസ്തമായ ഒരു സംരംഭം

റിട്ട. സയൻ്റിസ്റ്റ്, ഭാഭ അണു ഗവേഷണ കേന്ദ്രം, മുംബൈ, മുൻ ഡയറക്ടർ, സിജി നോർത്ത് സോൺ

1999 ൽ സിജി നോർത്ത് സോൺ യൂണിറ്റ് കണ്ണൂരിൽ ആരംഭിക്കുന്നതോടെയാണ് ഞാൻ സി.ടി.അബ്ദുൾ ഖാദറെന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് മേഖലയിൽ സിജിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അന്ന് സി.ടി. ഒരു പാട് ചെറുപ്പക്കാരെ സിജിയിലേക്കാകർഷിക്കാൻ സി.ടി.ക്ക് കഴിഞ്ഞു. പ്രശസ്തനായ ഒരു വിദ്യാഭ്യാസ- സാമൂഹിക പ്രവർത്തകനായിരുന്ന വന്ദ്യ പിതാവിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ജീവിത ദൗത്യമായി സ്വീകരിച്ച വ്യക്തിത്വമാണ് സി.ടി.യെന്ന് അദ്ദേഹത്തെ അറിയുന്ന ആരും സംശയലേശമന്യേ പറയും. മലബാർ മേഖലയിലെ ഇമാമുമാരെ സംഘടിപ്പിച്ച് കൊണ്ട് ഒരു ത്രിദിന സഹവാസ ക്യാംപ് 2006 മാർച്ച് ആദ്യവാരത്തിൽ പടന്ന വി.കെ.പി.ഖാലിദ് ഹാജി ഭവനത്തിൽ, സി.ടി.യുടെ നേതൃത്വത്തിൽ നടന്നപ്പോൾ അതിൻ്റെ ഉൽഘാടനം നിർവഹിക്കാനവസരം ലഭിച്ചത് സന്തോഷപൂർവം ഓർക്കുന്നു. പിന്നീടാണ് തൃക്കരിപ്പൂർ തങ്കയം ആസ്ഥാനമായി 'ഫാപിൻസ്' എന്ന തികച്ചും വ്യത്യസ്തമായ സംരംഭം ഉണ്ടാകുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക- വിദ്യാഭ്യാസ- മാനസിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഫാപിൻസ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രതീക്ഷിച്ചതിനപ്പുറം വളർന്നത് സ്വാഭാവികം മാത്രം. ഇന്ന് ഫാപിൻസ് PGDCP, PGDLD കോഴ്സുകളുടെ സെൻ്ററും മന:ശാസ്ത്ര- പഠന വൈകല്യ പ്രശ്നങ്ങളിൽ ഗവേഷണ കേന്ദ്രവുമായി മാറിയിരിക്കുന്നു എന്നറിയുമ്പോൾ, ആരംഭകാലം മുതലേ താൽപര്യപൂർവം നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്. ഫാപിൻസിനും അതിൻ്റെ സർവോൻമുഖ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സി.ടി.ക്കും അദ്ദേഹത്തിൻ്റെ സഹ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.