പിതാവിന്റെ പൊരുളാണ് പുത്രൻ

ഫാപിൻസിന്റെ പ്രയാണപഥത്തിൽ എന്നും ഗതികോർജ്ജം പകരുന്നത് വന്ദ്യ പിതാവ് വി.പി.എം.അബ്ദുൽ അസീസ് മാസ്റ്ററുടെ മരിക്കാത്ത ഓർമകളാണെന്ന് സി.ടി.എപ്പോഴും അയവിറക്കും. ഉപ്പയെക്കുറിച്ഛ് പറയാൻ നൂറു നാവാണദ്ദേഹത്തിന്. ഉപ്പയെ ഓർക്കുമ്പോൾ പലപ്പോഴും വികാരാധീനനാവും. ഉപ്പാക്ക് ഖിദ്മത് ചെയ്യാൻ ലഭിച്ച സുവർണ്ണാവസരങ്ങളാണ് തന്റെ വളർച്ചക്കും ഉയർച്ചക്കും കാരണമായതെന്ന്, തന്റെ വഴികളിൽ വെളിച്ചം പകർന്നതെന്ന് അദ്ദേഹം ഊന്നി ഊന്നിപ്പറയും. തന്റെ വിവാഹം കഴിഞ്ഞ ഉടനെയാണ് പിതാവ് കാറപകടത്തിൽ പെടുന്നത്. തങ്ങളുടെ ഹണിമൂൺ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ പിതാവിനൊപ്പമായിരുന്നുവെന്ന് സി.ടി.ഓർമിക്കും. ' പിതാവിന്റെ പൊരുളാണ് പുത്രൻ' എന്ന ഒരു ആപ്തവാക്യമുണ്ട് അറബിയിൽ. സമൂഹത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അബ്ദുൽ അസീസ് മാസ്റ്ററുടേത്. അതേ വഴിയിലാണ് പ്രിയ പുത്രനും സഞ്ചരിക്കുന്നത്. മലയാളീ മുസ്ലിം സമാജത്തിന്റെ മതപരവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മദ്റസാ പ്രസ്ഥാനത്തിന്റെ ശിൽപികളിലൊരാളായിരുന്നു അബ്ദുൽ അസീസ് മാസ്റ്റർ. അഞ്ച് പതിറ്റാണ്ട് കാലം സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അമരത്തുണ്ടായിരുന്നു അദ്ദേഹം. ഒന്നുമില്ലായ്മയുടെ കാലത്താണ് അദ്ദേഹം പ്രവർത്തിച്ചത്. ഒന്നിൽ നിന്നാണ് തുടങ്ങിയത്. ഇന്ന് ലോകത്തുടനീളം ശിഖരങ്ങളുള്ള വട വൃക്ഷമായി വളർന്ന മദ്രസാ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മായ്ച്ചു കളയാനാവാത്ത കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട് അസീസ് മാസ്റ്റർ. സി. ടി. അബ്ദുൽ ഖാദർ നിലവിൽ തന്റെ കർമശേഷിയുടെയും അധ്വാനത്തിന്റെയും വലിയൊരു ഭാഗം ഇൻവെസ്റ്റ് ചെയ്യുന്നത് ഉത്തരേന്ത്യയിലാണ്. ഇന്ത്യയിലേറ്റം പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നായ ബീഹാറിലെ കിഷൻഗഞ്ചിൽ ഡോ.സുബൈർ ഹുദവി ചേകനൂരിന്റെ നേതൃത്വത്തിൽ 'പ്രയാൺ' ഫൗണ്ടേഷന്റെ ബാനറിൽ നടക്കുന്ന ഉത്ഥാന - ജാഗരണ പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം. പിതാവിന്റെ സേവനം കേരളത്തിലായിരുന്നു ആവശ്യം. അക്കാലം മാറി. ഇന്ന് ഉത്തരേന്ത്യയാണ് നമ്മുടെ സേവനങ്ങൾ ആവശ്യപ്പെടുന്നത്. ആ തിരിച്ചറിവാണ് കർമ മണ്ഡലം അങ്ങോട്ട് മാറ്റാൻ കാരണമായത്. അവിടെയും, ഒന്നുമില്ലായ്മയിൽ പ്രവർത്തിക്കണം.ഒന്നിൽ നിന്നേ തുടങ്ങണം. സുന്നീ മഹല്ല് ഫെഡറേഷനായിരുന്നു അബ്ദുൽ അസീസ് മാസ്റ്ററുടെ മറ്റൊരു തട്ടകം. അതിന്റെ സംസ്ഥാന കാര്യദർശികളിലൊരാളായിരുന്നു അദ്ദേഹം. ഒരു നിയോഗം പോലെ മകനും ഇന്ന് അതേ സ്ഥാനത്തിരിക്കുന്നു. ഫാപിൻസിലൂടെ നടപ്പിലാക്കാനുദ്ദേശിച്ചിരുന്ന വിവിധ മഹല്ല് ശാക്തീകരണ പദ്ധതികൾ നടപ്പിലാക്കാൻ വിശാലമായ ഒരു പ്ലാറ്റ്ഫോമാണ് ഈ സ്ഥാനലബ്ധിയിലൂടെ ലഭ്യമായിരിക്കുന്നത്. എസ്.എം.എഫിന് കീഴിൽ നടക്കുന്ന പല ശ്രദ്ധേയമായ സംരംഭങ്ങളിലും നേതൃപരമായ പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. സംഘടനയുടെ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ദേശീയ ഉമറാ പ്രതിനിധി സമ്മേളനം, ലൈറ്റ് ഓഫ് മദീനാ ദൃശ്യ ശ്രാവ്യാവിഷ്കാരം, ചെമ്മാട് ദാറുൽ ഹുദയിൽ, വാദീ അറഫയിൽ നടന്ന ഉമറാ സമ്മേളനം തുടങ്ങിയവയുടെ പ്രധാന സംഘാടകനായും അദ്ദേഹം തിളങ്ങി. മദ്രസാ അധ്യാപക ടൈ്രയിനിങ് അബ്ദുൽ അസീസ് മാസ്റ്ററുടെ ചിന്താസന്തതിയാണ്. ടൈ്രയിനിങ് എന്ന വാക്ക് തന്നെ സമുദായത്തിന് അപരിചിതമായ കാലത്താണ് മാസ്റ്റർ ഈ ചിന്ത മുന്നോട്ട് വെക്കുന്നത്. ടൈ്രയിനിങ് സ്കൂളുകളിൽ ഉപയോഗിക്കുന്ന, മനഃശാസ്ത്രം, അദ്ധ്യാപന രീതികൾ, സ്ഥാപന ഭരണം എന്നീ വിഷയങ്ങളിലുള്ള മെറ്റീരിയിലുകളും ഇഹ്യാ ഉലൂമുദ്ദീൻ അടക്കമുള്ള മത ഗ്രന്ഥങ്ങളും ആസ്പദമാക്കി ടൈ്രയിനിങ് നോട്ടുകളും സിലബസ്സുണ്ടാക്കി, കൃത്യമായി അധ്യാപകരിലേക്കെത്തിച്ചു. വലിയ മാറ്റങ്ങളാണ് മദ്രസാ അധ്യാപന രംഗത്ത് ഈ ടൈ്രയിനിങ് ഉണ്ടാക്കിയത്. ഇന്നും സമുദായത്തിന് വലിയ തോതിൽ ദഹിച്ചിട്ടില്ലാത്ത ടൈ്രയിനിങ്, കൗൺസിലിങ്, സൈക്കോളജി, ലേണിങ് ഡിസബ്ളിറ്റി, മെന്റൽ ഹെൽത്ത് തുടങ്ങിയവയാണ് സി.ടി.യുടെ ഇഷ്ട മേഖലകൾ. എല്ലാവരും ചെയുന്നത് തന്നെ ചെയ്യാൻ അദ്ദേഹത്തിന് താൽപര്യമില്ല. മാതൃകാ അധ്യാപകനായിരുന്നു അസീസ് മാസ്റ്റർ. കേരള സംസ്ഥാന അധ്യാപക അവാർഡും അദ്ദേഹത്തെ തേടിയെത്തി. 1984 ൽ തിരുവനന്തപുരം വി.ജെ.ടി.ഹാളിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി ശ്രീ.കെ.കരുണാകരനാണ് അവാർഡ് കൈമാറിയത്. സർക്കാർ തയ്യാറാക്കിയ പ്രശംസാ പത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: ''ചുരുക്കത്തിൽ, ശ്രീ അസീസിന്റെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ സേവനങ്ങളാണ് അദ്ദേഹത്തെ ഈ അവാർഡിന് അർഹനാക്കിയത്. ഒരു ആദർശ അധ്യാപകൻ, സാമൂഹിക സേവകൻ, സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ സജീവ പ്രവർത്തകൻ, മത പരിഷ്കർത്താവ്, ഹരിജനോദ്ധാരകൻ എന്നീ നിലകളിൽ ശ്രീമാൻ അസീസ് സ്‌തുതീർഹവും സ്മരണീയവുമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട് ''. അർഹതക്കുള്ള അംഗീകാരം തന്നെയായിരുന്നു അദ്ദേഹത്തിന് ഈ അവാർഡ്. മകൻ അബ്ദുൽ ഖാദറിനും കിട്ടിയിട്ടുണ്ട് ഒരു അവാർഡ്. അദ്ദേഹത്തിന്റെ സാമൂഹിക- വിദ്യാഭ്യാസ സേവനങ്ങൾ പരിഗണിച്ച് കാഞ്ഞങ്ങാട് ഇ.അഹ്മദ് പഠന കേന്ദ്രം, സംസ്ഥാനത്തെ മികച്ച ന്യൂനപക്ഷ വിദ്യാഭ്യാസ പ്രവർത്തകനുള്ള പ്രഥമ ഇ.അഹ്മദ് സ്മാരക അവാർഡാണ് നൽകിയത്. അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയതെന്ത് എന്ന് വിശദീകരിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലർ ഡോ. ഖാദർ മാങ്ങാടിന്റെ നേതൃത്വത്തിലുള്ള ജൂറി കുറിച്ചതിങ്ങനെ: ''വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം തള്ളപ്പെടുന്ന മുസ്ലിം സമുദായത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനും മറ്റ് സമുദായങ്ങൾക്കൊപ്പം ചുമലൊപ്പിച്ച് നിർത്തുന്നതിനും അത് വഴി ഈ സമൂഹത്തെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും രണ്ട് പതിറ്റാണ്ടുകളായി അദ്ദേഹം നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഞങ്ങൾ ഇ.അഹ്മദ് സ്മാരക അവാർഡ് അദ്ദേഹത്തിന് നൽകുന്നത്.'' സമൂഹത്തിനും സമുദായത്തിനും സ്വയം സമർപ്പിച്ച പിതാവിന്റെ വഴിയേ തന്നെ പുത്രനും സഞ്ചരിക്കുന്നുവെന്നത് ആശാവഹമായ കാര്യമാണ്. പിതാവിന്റെയും പുത്രന്റെയും സേവനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.