എനിക്ക് കരുത്ത് പകർന്ന ഫാപിൻസ്

മുൻ കോഡിനേറ്റർ, ഫാപിൻസ്,സൈക്യാട്രിക്ക് സോഷ്യൽ വർക്കർ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബാംഗ്ലൂർ

ജീവിതത്തിലെ പ്രധാന വഴിത്തിരിവ് സംഭവിച്ചത് 2015 മെയ് മാസത്തിലാണ്. പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് MSW ബിരുദം കരസ്ഥമാക്കി. പിന്നീടുള്ള മാസങ്ങൾ തൊഴിൽ അന്വേഷണമായിരുന്നു. അതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. പക്ഷെ മനസ്സിനിണങ്ങിയ ജോലി ലഭിച്ചില്ല. അങ്ങനെ 2016 ആഗസ്തിൽ എന്റെ ഒരു സുഹൃത്ത് വഴി സി ടി യെ വിളിക്കുകയും ജോലി അന്വേഷിക്കുകയും ചെയ്തു. അങ്ങനെ ഫാപ്പിൻസിൽ ജോലി ആരംഭിച്ചു. ഫാപ്പിൻസ് കൗതുകമുണർത്തുന്ന സംരംഭമാണ്. കാരണം സമൂഹത്തിലെ വിത്യസ്ത മേഖലകളിൽ അനേകം സാമൂഹിക സേവനങൾ സംഭാവന ചെയ്യുന്ന സഥാപനമാണ്. എന്നാൽ സ്ഥാപനത്തേക്കാൾ എന്നെ ആകർഷിച്ചതും സ്വാധീനിച്ചതും അങ്ങേയറ്റം ആത്മാർത്ഥതയും സന്നദ്ദതയും നിറഞ്ഞ സി ടി അബ്ദുൽ ഖാദർ (എന്റെ വാക്കിലെ കാദർച്ച) യാണ്. എന്റെ ജീവിതത്തിൽ ഞാൻ പരിചയപ്പെട്ട് അടുത്തറിഞ്ഞ വ്യകതിത്വങ്ങളിൽ ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി, സാമൂഹിക സേവനം ഏതൊക്കെ രീതിയിൽ വളരെ അർത്ഥവത്തായ രൂപത്തിൽ സമർപ്പിക്കാൻ സാധിക്കുമെന്ന ചിന്തയുള്ള വ്യക്തി. സാമൂഹിക സേവനത്തിന് യാതൊരു ലാഭേച്ചയുമില്ലാതെ ശരീരവും മനസ്സും സമ്പത്തും സമർപ്പിക്കുന്ന വ്യക്തി. സി ടി എന്ന വ്യക്തിയോടുള്ള സ്നേഹം കാരണം ഏത് സമയത്തും എന്ത് ഉത്തരവാദിത്തവും നിറവേറ്റാൻ സന്നദ്ദനായിരുന്നു എന്റെ മനസ്സ്. ആ സ്നേഹം എനിക്ക് ക്ഷീണമില്ലാതെ രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ അദ്ദേഹത്തെ സഹായിക്കാൻ സന്നദ്ധത സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്തമായ പദ്ധതികൾക്ക് രൂപം കൊടുത്ത വ്യക്തി. ഏകദേശം ഒരു വർഷത്തോളം ഫാപ്പിൻസിൽ സേവനം ചെയ്തു. ഫാപ്പിൻസിലെ ഒരു വർഷം ജീവിതത്തിലെ നല്ല ഓർമകളും പല തിരിച്ചറിവുകളും സമ്മാനിച്ച വർഷമായിരുന്നു. ഫാപ്പിൻസിലെ നൂതനമായ പദ്ധതികളിൽ ഒന്നാണ് ലേണിംഗ് ഡിസബിലിറ്റി മേഖലയിൽ കണ്ണൂർ യൂനിവേഴസിറ്റിയിൽ അഫിലിയേറ്റ് ചെയ്ത് കൊണ്ടുള്ള പി ജി ഡിപ്ളോമ കോഴ്സ്. കാലിക പ്രസക്തമായ മേഖലയാണ് ലേണിംഗ് ഡിസബിലിറ്റി കാരണം പഠന പിന്നോക്കാവസ്ഥ വിദ്യാർത്ഥികളിൽ സാധാരണമാണ്. ഫലവത്തായ രീതിയിൽ സമയമെടുത്ത് കുട്ടികളെ പരിശീലിപ്പിച്ചാൽ ആ പിന്നോക്കാവസ്ഥയെ തരണം ചെയ്യാൻ കുട്ടികളെ പ്രാപതരാക്കും. ഫാപ്പിൻസിലെ കോഴ്സിൽ സൈക്കോളജി, സോഷ്യൽ വർക്ക് ബിരുദധാരികൾക്കും ഒപ്പം അധ്യാപകർക്കും മുൻഗണന കൊടുക്കുന്നത് ഫലപത്താണ്. കാരണം അത് ലേണിംഗ് ഡിസബിലിറ്റിയെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ (Remeditation) കുറിച്ചും അവബോധമുണ്ടാവാൻ സഹായിക്കുന്നു. മാത്രമല്ല അധ്യാപകർ അതിന് പ്രാപ്തരായാൽ ചെറിയ രീതിയിലെങ്കിലും കുട്ടികളെ പരിശീലിപ്പിക്കാൻ സഹായിക്കും. ഫാപ്പിൻസ് കാലം എന്റെ ഓർമയിൽ ഞാൻ കൂടുതൽ സമയവും സി ടി യുടെ കൂടെ ചെലവഴിച്ചു എന്നതാണ്. അത് കൊണ്ട് തന്നെ ഞാൻ സന്തോഷവാനായിരുന്നു. കാരണം എല്ലാ പ്രവർത്തനവും സാമൂഹിക നന്മ ലക്ഷ്യം വെച്ചുള്ളതായിരുന്നു. പല മഹത്തായ പദ്ധതികളുടെയും ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു. ഒപ്പം സമൂഹത്തിലെ സാമൂഹിക സേവനം ലക്യമാക്കി ജീവിക്കുന്ന പല നല്ല വ്യക്തികളെയും നേതാക്കളെയും പരിചയപ്പെട്ടു. 2017 മാർച്ചിൽ എനിക്ക് മാനസികാരോഗ്യ മേഖലയിൽ അൽപ്പം കൂടെ അറിവും കഴിവും വികസിപ്പിക്കണമെന്ന് തോന്നി. അങ്ങനെ കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ ഇംഹാൻസിൽ എം ഫിൽ സൈക്യാട്രിക്ക് സോഷ്യൽ വർക്കിൽ എൻട്രൻസ് പരീക്ഷ എഴുതി അഡ്മിഷനെടുത്തു. 2017 ആഗസ്തിൽ ഫാപ്പിൻസിൽ നിന്ന് ജോലി രാജി വെച്ച് എം ഫിൽ സൈക്യാട്രിക്ക് സോഷ്യൽ വർക്ക് പഠനമാരംഭിച്ചു. രണ്ട് വർഷത്തിന് ശേഷം 2019 ഒക്ടോബറിൽ കോഴ്സ് പൂർത്തീകരിച്ച് വീണ്ടും സേവന വഴിയിൽ പ്രവേശിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് ഞാൻ ജോലി ചെയ്യുന്നത് അറിയപ്പെടുന്ന സഥാപനത്തിലാണ്. എപ്പോഴും സി ടി യോടുള്ള സ്നേഹം മനസ്സിലുണ്ടാവും. ഒപ്പം സിടി യുടെ പ്രിയപ്പെട്ട ഫാപിൻസിനോടും.