ജില്ലാ പ്രസിഡൻ്റ്, സിജി
ഞാനുൾക്കൊള്ളുന്ന, ഇടപഴകുന്ന സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുമായി കഴിയുമ്പോഴാണ് ഞാൻ ഫാപിൻസുമായി ബന്ധപ്പെടുന്നത്. ഇമാം എംപവർമെന്റ് കോഴ്സിലൂടയൊണ് ഞാൻ ഫാപിൻസിൻ്റെ പ്രവര്ത്തനനങ്ങളിൽ ആദ്യമായി ഭാഗമാവുന്നത്. കേരളത്തിൽ മുസ്ലിം സമൂഹത്തിൻ്റെ അടിസ്ഥാന യൂണിറ്റുകളാണ് മഹല്ലുകൾ. മഹല്ലുകൾക്ക് നേതൃത്വം നൽകുന്നവരാണ് ഇമാമുമാർ. മഹല്ലിലെ എല്ലാ വിഭാഗങ്ങളിലുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ പ്രശ്നങ്ങളിൽ മനശാസ്ത്രപരമായി ഇടപെടാനും പരിഹാരം നിർദേശിക്കാനുമെല്ലാം ഖത്തീബുമാർക്കും ഇമാമുമാർക്കും കഴിയണം. ആ രീതിയിൽ ഇമാമുമാരെ ശാക്തീകരിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ ഖത്തീബുമാർ ഫാപിന്സിന്റെ ബാനറിൽ പടന്നയിലെ എന്റെ വീട്ടിൽ ഒരുമിച്ച് കൂടുന്നത്. അറുപതോളം പണ്ഡിതന്മാരാണ് അന്ന് ആ സംഗമത്തിലുണ്ടായിരുന്നത്. എന്റെയും സഹോദരന്റെയും വീട് പൂർണ്ണമായും അവർക്കായി ഒഴിഞ്ഞുകൊടുത്തു. സി.ടി അബ്ദുൽഖാദറുമായും ഫാപിൻസുമായും ബന്ധപ്പെടാൻ ആ സംഗമം ഒരു നിമിത്തമായി. അതൊരു നിയോഗമായിട്ടാണ് ഞാൻ കാണുന്നത്. ബിസിനസിന്റെ തീർത്താൽ തീരാത്ത തിരക്കുകളുമായി ജീവിച്ചിരുന്ന എന്നെ സാമൂഹിക പ്രവർത്തനത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത് സി.ടി.യും അന്നത്തെ ആ സംഗമവും ആയിരുന്നു. പ്രസ്തുത സംഗമത്തിൽ നി ന്നുള്ള ഊർജ്ജമാണ് ഹിക്മയുടെ രൂപീകരണത്തിന് കാരണമായത്. എന്റെ വീട്ടിൽ തന്നെ പിന്നീട് പലതവണ ഹിക്മയുടെ നേതൃത്വത്തിൽ ഖത്തീബുമാർക്കുള്ള പരിശീലന പരിപാടികൾ നടന്നു. ഹിക്മ വിഭാവനം ചെയ്ത പ്രൊജക്ട് പിന്നീട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഏറ്റെടുത്തുവെന്നതും അഭിമാനകരമാണ്. അതിന് ശേഷം സി.ടി.യൊടൊപ്പം ഫാപിൻസിന്റെ എല്ലാപദ്ധതികളിലും ഭാഗവാക്കാകാനും നേതൃപരമായ പങ്ക് വഹിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അല്ലാഹുവിന് സ്തുതി! ബിസിനസ് ലോകത്ത് ലഭിക്കാത്ത സ്വസ്ഥതയും ശാന്തിയും മനസ്സമാധാനവുമാണ് സാമൂഹിക പ്രവർത്തനത്തിൽ നിന്ന് ലഭിക്കുന്നത്. ഫാപിൻസിന്റെയും സി.ടി.യുടെയും സ്വപ്നപദ്ധതിയായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസബ്ലിറ്റി മാനേജ്മെന്റ് ആന്റ് റിഹാബിലിറ്റേഷന് ഞാനുണ്ടാക്കുന്ന റിസോർട്ടിനോട് ചേർന്ന് സ്ഥലമനുവദിക്കാൻ കഴിഞ്ഞതും വലിയ സൗഭാഗ്യമായി കാണുന്നു. സി.ടി.യോടൊപ്പം ഹുദവി കൂട്ടായ്മ ഹാദിയയുടെയും അവരുടെ സി.എസ്.ഇ.യുടെയുമെല്ലാം പ്രവർത്തനങ്ങളിൽ പങ്ക് ചേരാനായത് അനർഘമായ അനുഗ്രഹമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലാ തിരക്കുകൾക്കിടയിലും ജീവിതത്തിന്റെ വലിയൊരുഭാഗം സാമൂഹിക സേവനത്തിനായി മാറ്റിവെക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് അല്ലാഹു നൽകുന്ന അളവറ്റ പ്രതിഫലമാണ് പ്രതീക്ഷ. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.