ട്രഷറർ,ഹിക്മ
എൻ്റെ നാട്ടിൽ,അടക്കാത്തെരു മഹല്ല് റിലീഫ് കമ്മിറ്റി എന്ന പേരിൽ രൂപീകരിക്കപ്പെട്ട സന്നദ്ധസംഘടനയും അതിന്റെ കീഴിൽ വരുന്ന പ്രൊജക്ട് എ.എം.ഇ.യും (അടക്കാത്തെരു മഹല്ല് എംപവർമെന്റ്) ഹിക്മയിൽ നിന്ന് ആ വേശമുൾക്കൊണ്ട് രൂപീകൃതമായതാണ്. ഹിക്മയുടെ വളർച്ചയുടെ രണ്ടാം ഘട്ടത്തിലാണ് ഞാൻ അതിന്റെ ഭാഗമായി മാറുന്നത്. ഖത്തറിൽ അടക്കാത്തെരു മഹല്ലിലെ അംഗങ്ങൾ ചേർന്ന് ഒരു കൂട്ടായ്മ രൂപപ്പെടുകയായിരുന്നു. പിന്നീട് വടകര മഹല്ലിൽ പെട്ട ആളുകളും അതിന്റെ ഭാഗമായി മാറി. ബ്ലോസം എന്ന പേരിൽ ഒരു പദ്ധതി ആ കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തു. ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ രാവിലെ മുതൽ ജുമഅ പ്രാർത്ഥനക്ക് തയ്യാറെടുക്കുന്ന സമയം വരെ നേതൃത്വപരിശീലന കളരിയാണ് ബ്ലോസത്തിലൂടെ നടപ്പിൽ വരുത്തിയത്. വിദ്യഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ പുരോഗതിക്ക് അവശ്യമാകുന്ന വിധം വ്യത്യസ്ത സമിതികൾ രൂപീകരിച്ചുകൊണ്ടാണ് എ.എം. ആർ.സി പ്രവർത്തിക്കുന്നത്. മഹല്ലിൽ ഉൾപെട്ട ആളുകളുടെ ആരോഗ്യകാര്യങ്ങൾ, വിദ്യഭ്യാസ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങൾ എല്ലാം ഇതിന്റെ കീഴിൽ വന്നു. ഏഴുഭാഗങ്ങളായി വികസിച്ച് കിടക്കുന്ന മഹല്ലിന് കീഴിൽ സ്വന്തമായി ജുമുഅ ഉള്ള പള്ളികളുണ്ട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ട് കോർഡിനേഷൻ സാധ്യമാക്കുവാൻ കമ്മിറ്റിക്ക് കഴിഞ്ഞു. വെക്കേഷൻ ക്യാംപുകൾ, പി.എസ്. സി കോച്ചിംഗ്, ഇമാം എംപവർമെന്റ്, പ്രീമാരീറ്റൽ കൗൺസിലിംഗ്, സ്ത്രീകൾക്ക് വേണ്ടിയുള്ള ബോധവത്കരണ ക്യാംപുകൾ എന്നിവയെല്ലാം കമ്മിറ്റിയുടെ കീഴിൽ സംഘടിക്കപ്പെട്ടു. മദ്രസാ വിദ്യഭ്യാസരംഗത്ത് ബോധനരീതിയിൽ പരിഷ്കരണത്തിന് ആവശ്യമാകുന്ന വിധം മനശാസ്ത്ര പരിശീലനം ഏർപ്പാടാക്കുകയും അതിന്റെ ഫലമായി ശിക്ഷാരീതികളിലും ശിക്ഷണരീതികളിലും മാറ്റം ഉണ്ടാകുകയും ചെയ്തു. സമസ്തയുടെ കീഴിൽ ഉയർന്ന റാങ്ക് മഹല്ല് മദ്രസക്ക് ലഭിച്ചു. സ്കോളർഷിപ് ആപ്ലിക്കേഷൻ സ്റ്റ്രീംലൈൻ ചെയ്ത് അർഹരായവർക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും കമ്മിറ്റിക്ക് ചെയ്യാൻ സാധിച്ചു. അതുപോലെ എടുത്ത്പറയേണ്ട കാര്യമാണ് മദ്രസാ അധ്യാപകർക്ക് പെൻഷൻ വിതരണം നടത്താനെടുത്ത കാര്യങ്ങൾ. അടക്കാത്തെരു മറ്റ് മഹല്ലുകൾക്ക് മാതൃകയാണ്. ഖത്തറിലുള്ള മറ്റ് മഹല്ലിൽ പെട്ട ആളുകൾ ഇതേമാതൃകയിൽ സമാനമായ ഉദ്യമങ്ങൾക്ക് രൂപംകൊടുത്തു എന്നത് ഇതിന്റെ തെളിവാണ്. കേരളത്തിന് മുഴുവൻ മാതൃകയാകേണ്ട ഒരു കാര്യം അടക്കാത്തെരുവിൽ ചിട്ടയോടെ, ക്രമബദ്ധമായി നടപ്പാക്കുന്നു എന്ന് മാത്രം. എന്നാൽ ഇതൊരു ചുവടുവെപ് മാത്രമാണ്. ഇനിയും വ്യവസ്ഥാപിതമായി ഈ പ്രൊജക്ട് മുന്നോട്ട് പോകേണ്ടതുണ്ട്. നാട്ടുകാരുടെ സമർപ്പണബോധവും, കാഴ്ചപ്പാടും കൈമുതലാക്കി നമുക്ക് മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ.