മെമ്പർ, ഹിക്മ
2018 ലെ പ്രാരംഭത്തിൽ ആണ് ഹിക്മ ഇമാം എംപവർമെന്റ് പദ്ധതിയെക്കുറിച്ച് അറിയുന്നതും അതിന്റെ ഭാഗമായി മാറിയതും. തളിപ്പറമ്പ് അൽ ഹിദായ അറബി കോളേജിൽ സേവനം ചെയ്യുന്ന സമയത്ത് ആണ് തളിപ്പറമ്പ് യത്തീംഖാനയിൽ വെച്ച് ഉസ്താദുമാർക്ക് മനശാസ്ത്ര ട്രെയിനിങ് നൽകാൻ ഒരു കോഴ്സ് തുടങ്ങുന്നു എന്ന് അറിഞ്ഞത്. തൃക്കരിപ്പൂർ ആസ്ഥാനമായുള്ള ഹിക്മ എന്ന മനശാസ്ത്രം പഠിച്ച ഉസ്താദുമാരുടെ കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത് എന്നും അറിഞ്ഞു. സൈക്കോളജി വിഷയങ്ങളോട് പണ്ടേ താല്പര്യം ഉണ്ടായിരുന്നതിനാൽ മറ്റൊന്നുമാലോചിക്കാതെ ഹിക്മയുടെ രണ്ടാം ബാച്ച് ആയ തളിപ്പറമ്പ് ബാച്ചിൽ ചേർന്നു. അൽഹംദുലില്ലാഹ്! അതൊരു തുടക്കമായിരുന്നു. എല്ലാ അർത്ഥത്തിലുമുള്ള മാറ്റത്തിന്റെ തുടക്കം..! പ്രിയപ്പെട്ട സി.ടി. അബ്ദുൽ ഖാദർ സാഹിബ് ഒരുക്കിയ പ്ലാറ്റ്ഫോമിലൂടെ പരിശീലന രംഗത്തെ അതികായനായ പ്രിയപ്പെട്ട എൻ. വി. കബീർ സാറും (തൃശ്ശൂർ) ടീമും ഉസ്താദുമാരുടെ ടീമിനെ പരമ്പരാഗത സാമ്പ്രദായിക രീതിയിൽ നിന്ന് കാലത്തോട് സംവദിക്കുന്ന, കാഴ്ചപ്പാടുകളും ഇടപെടൽ രീതികളും ഉള്ള, സമൂഹം കൗതുകത്തോടെ കാതോർക്കുന്ന ഉത്തമ സമൂഹ സൃഷ്ടാക്കളായ ഒരു പടയണിയെ വാർത്തെടുക്കുക യായിരുന്നു ആ കോഴ്സിലൂടെ. അധ്യാപന മേഖലകളിലും മഹല്ല് വിഷയങ്ങളിലും തലപ്പാവ് ധരിച്ച ഉസ്താദുമാർ മനശാസ്ത്രപരമായ ഇടപെടലുകളുമായി മുന്നേറിയപ്പോൾ അന്നത്തെ സാഹചര്യത്തിൽ അതൊരു മഹാ സംഭവമായി വിലയിരുത്തപ്പെട്ടു. അതിനുശേഷമാണ് പിന്നീട് ഉസ്താദുമാർക്ക് വേണ്ടി പല മനശാസ്ത്ര പരിശീലന പദ്ധതികളും സമൂഹത്തിൽ വ്യാപകമാകുന്നത്. സമസ്ത തുടങ്ങിവച്ച തദരീ ബ് സിസ്റ്റം വരെ ഇതിന്റെ ഒരു എസ്റ്റബ്ലിഷിഡ് ഫോം ആണെന്ന് വേണം പറയാൻ. വിനീതനെ സംബന്ധിച്ചിടത്തോളം മനശാസ്ത്ര രംഗത്ത് കൂടുതൽ പഠനങ്ങളും പരിശീലനങ്ങളും നടത്താൻ ഹിക്മയും ഫാപിൻസും വീണ്ടും ധാരാളം അവസരങ്ങൾ ഒരുക്കിത്തന്നു. ഫാപിൻസിൽ വച്ച് തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കൗൺസലിങ്ങിലും സൈക്കോതെറാപ്പിയിലുമുള്ള പിജി ഡിപ്ലോമ ചെയ്യാൻ സാധിച്ചത് അതിന്റെ ഭാഗമായാണ്. കൂടാതെ മനശാസ്ത്രത്തിലെയും കൗൺസിലിങ്ങിലെയും പുതിയ ടൂളുകൾ ആയ ടി എ യും എൻ. എൽ.പിയും അടിസ്ഥാനമാക്കി മണിപ്പാലിൽ വച്ച് നാലുവർഷത്തെ തീവ്ര പരിശീലനം നടത്താൻ ഞങ്ങൾ നാല് ഉസ്താദുമാർക്ക് ഈ സംവിധാനം വഴി സൗഭാഗ്യം ലഭിച്ചു. ടി എ യുടെ ഇന്റർനാഷണൽ ട്രെയിനർ ഹസീന മേഡത്തിന് കീഴിലായിരുന്നു പരിശീലനം. മനഃശാസ്ത്രം- കൗൺസിലിംഗ് രംഗത്തെ ഇടപെടലുകൾ മാനിച്ച് 2013 ൽ കുവൈത്തിലെ ജംഇയ്യത്തുൽ ഖൈരിയ്യത്തിന്റെ ഹോണററി സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനും ഫാപ്പിൻസ് വഴി സൗഭാഗ്യം ഉണ്ടായി. അവസാനമായി ഖുർആൻ-മനഃശാസ്ത്ര സമന്വയ പഠനങ്ങൾ മാനിച്ചും മറ്റും അന്താരാഷ്ട്ര അറബി ഭാഷാ സമിതി അംഗത്വവും കഴിഞ്ഞമാസം നേടാൻ മഹാ സൗഭാഗ്യം ലഭിച്ചു. ഇതേപോലെ വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സേവന മേഖലകളിൽ എല്ലാം വലിയ വളർച്ചയും പുരോഗതിയും നേടിയെടുക്കാൻ ധാരാളം പണ്ഡിതൻമാർക്ക് സാധിച്ചിട്ടുണ്ട്. അത് സമൂഹത്തിന് പലവിധത്തിലും വലിയ മുതൽകൂട്ടായി മാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫാപിൻസിന്റെയും ഹിക്മയുടെയും സ്ഥാപിത ലക്ഷ്യം പിഴച്ചില്ല എന്നുറപ്പിക്കാം. നാഥൻ ഇനിയും വളർത്തട്ടെ - ആമീൻ.