മെമ്പർ, ഹിക്മ
തൃക്കരിപ്പൂരിലെ തങ്കയത്ത് സ്ഥിതി ചെയ്യുന്ന ഫാപിൻസെന്ന മഹത്തായ സ്ഥാപനം പുതിയ കാലത്തിന്റെ വാർത്തകളേയും വർത്തമാനങ്ങളെയും യഥാവിധി മനസ്സിലാക്കാനും അത് വഴി സാമൂഹ്യ നിർമ്മിതിയിൽ മനശ്ശാസ്ത്രപരമായി ഇടപെടാനും തലമുറയെ പാകപ്പെടുത്തുന്ന മഹാ വിദ്യാലയമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അവിടെ നടന്ന ചെറുതും വലുതുമായ ഓരോ ക്ലാസ്സും അതിലെ അനുഭവങ്ങളും എന്നിലെ എന്നെ കണ്ടെത്താൻ വലിയ സഹായകമായിട്ടുണ്ട്. ഗഹനമായ ക്ലാസ്സുകളും തുടർന്നുള്ള ചർച്ചകളും അസൈൻമെന്റുകളും പ്രഗത്ഭരായ സഹപാഠികളൊരുമിച്ചുള്ള സഹവാസവും വലിയ പാഠങ്ങളാണെനിക്ക് നൽകിയിട്ടുള്ളത്. സി.ടി. അബ്ദുൾ ഖാദർ സാഹിബിന്റെ ദീർഘവീക്ഷണവും അഡ്മിനിസ്ട്രേഷൻ സ്കില്ലും ഓർഗനൈസിംഗ് വൈഭവുമൊത്തൊരുമിച്ചുള്ള ആ സ്ഥാപനം എനിക്ക് നൽകിയ നേട്ടങ്ങൾ വിവരണാതീതമാണ്. മന:ശാസ്ത്രത്തിന്റെയും കൗൺസിലിംഗിന്റെയും ബാലപാഠങ്ങൾ ഫാപിൻസിൽ നിന്ന് കിട്ടിയത് കൊണ്ടാണ് അത്തരം വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്താൻ എനിക്ക് പ്രേരകമായത്. മാസത്തിലൊരു ചൊവ്വാഴ്ച നടക്കുന്ന ബഹുമാന്യ ഗുരു കബീർ സാറിന്റെ ക്ലാസ് അനുഭവങ്ങളുടേയും അറിവിന്റെയും വിജ്ഞാനധാര തുറന്ന് വിട്ടത് പോലെയായിരുന്നു അനുഭവപ്പെട്ടത്. കേരളത്തിന്റെ വിവിധ പ്രദേശത്ത് നിന്നെത്തിയ ഉസ്താദുമാരോടൊപ്പമുള്ള സഹവാസവും സമ്പർക്കവും വലിയൊരു വിസ്മയ കൂട്ടായ്മ തന്നെയായിരുന്നു. ഓരോ മാസത്തെ ക്ലാസും വിജ്ഞാനത്തിന്റെ പുതിയ വാതിലുകളാണ് എനിക്ക് മുന്നിൽ തുറന്ന് വെച്ചത്. തങ്കയം മദ്രസയിൽ നടന്ന നബിദിന പ്രോഗ്രാമിൽ പ്രഭാഷകനായി വന്നതിലൂടെ അവിചാരിതമായാണ് സി. ടി. യെ പരിചയപ്പെട്ടതും ഫാപിൻസിനെ അറിയുന്നതും അവിടെയുള്ള ഇമാം കോഴ്സിൽ ചേരുന്നതും. ഇമാം കോഴ്സ് ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ഫാപിൻസ് പണ്ഡിത കൂട്ടായ്മയിലും ക്ലാസ്സുകളിലും സി.ടി.എന്നെ ഉൾപ്പെടുത്തിയതും കോഴ്സ് ചെയ്യാൻ എന്നെ പ്രോൽസാഹിപ്പിച്ചതും.അത് വലിയൊരു അംഗികാരമായിട്ടാണ് ഞാനെന്നും കണ്ടിട്ടുള്ളത്.ബഹുഭാഷകളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഇൻറർനാഷണൽ ട്രെയിനർ, കൗൺസിലർ എന്ന നിലയിൽ എന്റെ ലക്ഷ്യം ഞാൻ സഫലീകരിച്ചാലും എന്റെ വിജയത്തിന്റെ ആദ്യ ചവിട്ടടി ഫാപിൻസാണെന്ന ഓർമ്മയെന്നിൽ ജ്വലിച്ച് നിൽക്കും.