ഇമാമുമാരെ ശാക്തീകരിച്ച ഹിക്മ

ജനറൽ കൺവീനർ ഹിക്മ

2005-2006 തുടക്ക കാലഘട്ടം. ആ സമയത്ത് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പുതിയ പുഴക്കര പള്ളിയിൽ ജോലി ചെയ്യുമ്പോഴാണ് സി. ടി. അബ്ദുൽ ഖാദർ സാഹിബ് എന്ന നല്ല മനുഷ്യനെ പരിചയപ്പെടാൻ എനിക്ക് അവസരം ലഭിക്കുന്നത്. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ പ്രഭാഷണ മേഖലയിലും മറ്റുള്ള മേഖലയിലും നിൽക്കുന്ന നാൽപത് പണ്ഡിതൻമാരെ ഒരുമിച്ചു കൂട്ടി ഖാലിദ് ഹാജിയുടെ വീട്ടിൽ വെച്ചു നടന്ന മൂന്നു ദിന വർക്ക്ഷോപ്പ് സൈക്കോളജി മേഖലയിൽ സംഘടിപ്പിച്ചതായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായി പരിപാടിയിലേക്ക് അദ്ദേഹം ക്ഷണിച്ചു. അന്ന് തുടക്കത്തിൽ തന്നെ അതിന്റെ പരിപാടിയിൽ സംബന്ധിക്കാനായി. ഫാപിൻസിന്റെ ആദ്യ സമയത്ത് സ്ത്രീകൾക്കു വേണ്ടി നടത്തിയ ആദ്യത്തെ ഇത്ഖിന്റെ വഴി തേടി വിജ്ഞാന യാത്ര യിൽക്ലാസെടുക്കാനും ഫാപിൻസ് കുടുംബവുമായി ബന്ധപ്പെടാനും അവസരമുണ്ടായി. ഇമാം എംപവർമെന്റ് പ്രോഗ്രാം എന്ന മൂന്നു ദിവസത്തെ വർക്ക്ഷോപ്പ് കഴിഞ്ഞപ്പോൾ ഇത് വെറുമൊരു പഠനമല്ലെന്നും ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കേണ്ട പഠനമേഖലയാണെന്നും ബോധ്യമാവുകയായിരുന്നു . പിന്നീട് വന്ദ്യരായ എൻ. വി. കബീർ സാറിൻ്റെ നേതൃത്വത്തിൽ എല്ലാ മാസത്തിലും രണ്ട് ദിവസം മാറ്റിവെച്ചു . പിന്നീട് ഈ മേഖല ഒരു പാട് വളർന്നു. പണ്ഡിതന്മാർ കൂടുതൽ താല്പര്യത്തോടെ മുന്നോട്ടു വന്നു. അക്കാലത്തു തന്നെ കാഞ്ഞങ്ങാട്, തളിപ്പറമ്പ്, മറ്റിടങ്ങളിലും ബാച്ചുകൾ ആരംഭിക്കാൻ സാധിച്ചു. ഇമാം എംപവർമെന്റ് പ്രോഗ്രാം എന്ന രീതിയിൽ ആയിരുന്നു തുടക്കത്തിൽ. പിന്നീട്, സംവിധാനം ശക്തിപ്പെടുത്തൽ അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായും ഈ വിനീതൻ കൺവീനറായും ഹിക്മ എന്ന പേരിൽ സമിതി രൂപീകരിച്ച് ചടുലമായ പ്രവർത്തനങ്ങൾ ഈ വിഷയത്തിൽ മുന്നോട്ടു കൊണ്ടു പോവാൻ സാധിച്ചു. അപ്പോഴൊക്കെ സി. ടി. എന്ന നല്ല മനുഷ്യൻ ഇതിന്റെ പിന്നാലെ താൻ ഉദ്ദേശിക്കുന്ന ലക്ഷ്യ പൂർത്തീകരണത്തിനു വേണ്ടി, ഒരു കാര്യമേറ്റെടുത്താൽ അതിന്റെ പിന്നാലെ കൂടി അത് നടപ്പാക്കുന്നതിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും അദ്ധ്വാനിക്കയും ചെയ്യുന്നത് വല്ലാതെ ബോധ്യമായി. ഫാപിൻസിൽ ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ തന്റെ വീട്ടിൽ ഭക്ഷണമൊരുക്കി. താമസം വേണ്ടവർക്ക് താമസ സൗകര്യമൊരുക്കി. കാലം മുന്നോട്ട് പോയപ്പോൾ പല ദിക്കുകളിൽ നിന്നും ഹിക്മയുടെ കോഴ്സിന് ആവശ്യക്കാർ ഏറി വന്നു. അൽഹംദുലില്ലാഹ്. മംഗലാപുരത്ത് തൊടാർ, കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് എന്നിവിടങ്ങളിൽ മുഅല്ലിം എംപവർമെന്റ് പ്രോഗ്രാമുകൾ, പിന്നീട് കോഴിക്കോട് ജില്ലയിൽ മണിയൂർ, വടകര, തിരുവനന്തപുരം, കോട്ടയം, പിൽക്കാലത്ത് വടകരയിൽ ഒരു കേന്ദ്രമായി മാറുകയും അവിടെ മൂന്നു ബാച്ചും കൊയിലാണ്ടിയിൽ ഒരു ബാച്ച്, ഒറ്റപ്പാലത്ത് മറ്റൊരു ബാച്ച്, കൊടുവള്ളിയിൽ മറ്റൊന്ന് ഇങ്ങനെ ധാരാളം സ്ഥലങ്ങളിൽ ഹിക്മയുടെ ബെയ്സിക് കോഴ്സുകൾ നടക്കുകയും ചെയ്തു. കൂട്ടത്തിൽ വടകരയിൽ നിന്ന് ഒരു അഡ്വാൻസ് ബാച്ചും നടത്താൻസാധ്യമായി. ഹിക്മ എന്നൊരു സംവിധാനം ഇത്രയും വ്യവസ്ഥാപിതമായി പടർന്നു പന്തലിച്ച്, ഇടക്കാലത്ത് ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ CPET ന്റെ ഭാഗമായി ഈ കോഴ്സ് നടപ്പാക്കുന്നതിന് വേണ്ടി പ്രത്യേക സിലബസ് തയ്യാറാക്കി നൽകൽ വഴി ധാരാളം പണ്ഡിതൻമാരിലേക്ക് ഈ കോഴ്സ് എത്തിച്ചേരുകയുണ്ടായി. അതിനെല്ലാം വേണ്ടി കബീർ സാർ, സുഹൈൽ സാർ ഉൾപ്പെടെയുള്ള ആളുകളെ കൂടെ നിർത്തി അതിനാവശ്യമായ രീതിയിൽ നടപ്പാക്കുന്നതിന് ഉമറാക്കളെ, സമ്പന്നരെ, ആവശ്യമായവരെ മുഴുവൻ പ്രത്യേകിച്ച് മഹല്ല് സംവിധാനത്തെ കണ്ണി ചേർത്തുകൊണ്ട് സി. ടിയുടെ ഒരു മനഃശാസ്ത്ര ഇടപെടൽ അതേറെ ഫലം ചെയ്തു. ഓരോ കാര്യങ്ങൾ വിജയിപ്പിക്കാൻ ആരെയാണോ അതിനേൽപ്പിക്കേണ്ടത്, തേടിപ്പിടിക്കേണ്ടത്, അവരെ ഏൽപ്പിച്ച്, അങ്ങനെ അതിന്റെ വിജയത്തിനു വേണ്ടി നിരന്തരം ഫോളോ അപ് ചെയ്ത് ഒരു കാര്യം വിജയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഒരു രീതി ശാസ്ത്രം ഏറെ ശ്രദ്ധേയമായി തോന്നുകയായിരുന്നു. എല്ലാം അല്ലാഹു ഖബൂൽ ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇപ്പോൾ അവസാനം കിഷൻങ്കഞ്ച് ഫോക്കസ് ചെയ്തു കൊണ്ട് സി. ടി. നടത്തി വരുന്ന പ്രവർത്തനങ്ങൾ, ഫാപ്പിൻസിൽ തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി ചേർന്നു നടത്തുന്ന പദ്ധതികൾ.... ഓരോന്നും അൽഹംദുലില്ലാഹ് ഏറെ വിജയപ്രദമാണ്. ഫാപിൻസിൽ എല്ലാ റമളാനും നടക്കാറുള്ള ഇത്ഖിന്റെ വഴി തേടി വിജ്ഞാന യാത്ര അത്യപൂർവ്വമായ ഒരനുഭവമാണ് സമ്മാനിക്കാറുള്ളത്. ഇത്തവണ കോവിഡ് കാരണം ഓൺലൈനിലും ചരിത്രം സൃഷ്ടിക്കുകയുണ്ടായി. ഏതായിരുന്നാലും സി. ടി. എന്ന മഹൽ വ്യക്തിത്വത്തെ അടുത്തറിയാനും കൂടുതൽ ഇടപെഴകാനും ഒന്നിച്ച് ധാരാളം യാത്രകൾ ചെയ്യാനും ഇത്തരം മഹല്ല് ശാക്തീകരണ പദ്ധതികളിൽ കൂടെ നിൽക്കാനും കഴിഞ്ഞത് ജീവിതത്തിലെ സൗഭാഗ്യമായി കണക്കാക്കുന്നു. പടച്ച റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു. മകൻ പിതാവിന്റെ പൊരുളാണ് എന്നു പറഞ്ഞതിന്റെ രീതിയിൽ വി. പി. എം. അബ്ദുൽ അസീസ് മാസ്റ്റർ എന്ന ആ നല്ല മനുഷ്യൻ കാണിച്ച വഴികൾ ഒരൂർജ്ജമായി കണ്ട് അതിനെ നെഞ്ചേറ്റി തന്റെ പിതാവ് ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കുക എന്നത് പോലെയുള്ള പ്രിയപ്പെട്ട മകന്റെ പ്രവർത്തനം എന്തുകൊണ്ടും ശ്ലാഘനീയമാണ്. പടച്ച റബ്ബ് അത് എല്ലാ അർത്ഥത്തിലും അദ്ദേഹത്തിൽ നിന്നും സ്വീകരിക്കട്ടെ... കൂടുതൽ പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.