സാമൂഹിക മാറ്റങ്ങൾക്കായി മുന്നിൽ നിന്ന ഫാപിൻസ്

സി.ഇ.ഒ.ബിസിലാപ്, സൈക്കോളജിസ്റ്റ്

പാർശ്വൽക്കരിക്കപ്പെട്ട ഏതു സമൂഹത്തിനും വളർച്ചയുണ്ടായിട്ടുണ്ടെങ്കിൽ മുന്നിൽ നിന്നും ശക്തമായി നയിച്ച ഒരു ചരിത്രമുണ്ടായിട്ടുണ്ടാവും. ആവശ്യമായ സാമൂഹ്യ മാറ്റങ്ങൾ അത് നാവിൽ നിന്നല്ല, നമ്മൾ അതിനായി ചെയ്യുന്ന പ്രവർത്തികളിലൂടെയാണ് സംഭവിക്കുന്നത്. ഇതിനായുള്ള ഒരു പ്രായോഗിക സംവിധാനമാണ് ഫാപ്പിൻസ്. ഇതൊരു ആവേശത്തിൽ നിന്നും ആരംഭിച്ചതല്ല, മറിച്ച് തിരിച്ചറിവിൽ നിന്നുമാണ്. സാമൂഹിക വളർച്ചക്ക് പുതിയ കാലക്രമത്തിനനുസരിച്ച് എന്താണ് ആവശ്യമുള്ളത് എന്നതിൽ നിന്നുള്ള തിരിച്ചറിവിൽ നിന്ന്. ഇങ്ങനെയുള്ള സെന്ററുകൾ ആരംഭിക്കാൻ ചില പഠനങ്ങൾ ആവശ്യമാണ്. എന്റെ സ്നേഹിതൻ ബഹുമാന്യനായ സി. ടി. അബ്ദുൽ ഖാദർ സാഹിബിന്റെ നേതൃത്വത്തിൽ ഇത് ഗൗരവമായി തന്നെ നടന്നിട്ടുണ്ട്. ഇവിടെയും പുറത്തുമുള്ള വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ഇന്ററാക്ട് ചെയ്തും വിവിധ ആധികാരിക പഠനങ്ങളെ റെഫർ ചെയ്തും മോഡൽ സെന്ററുകൾ നേരിട്ട് സന്ദർശിച്ചും ശാസ്ത്രീയമായി രൂപപെടുത്തിയതാണ് ഫാപ്പിൻസ്. ഫാപ്പിൻസിനെ കുറിച്ച് ഒരു കുറിപ്പെഴുതുവാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്ക് ബഹുമാന്യ ഉസ്താദ് ബഹാഉദ്ധീൻ നദ്വിയെ കിട്ടിയതുപോലെ ഒരു ദൈവനിയോഗമാണ് അബ്ദുൽ ഖാദർ സാഹബിനെ ഫാപ്പിൻസിന് ലഭിച്ചത് . അദ്ദേഹത്തിന്റെ സാമൂഹിക ഉൾക്കാഴ്ചയും പാർശ്വവത്കരിക്കപെട്ടുപോയ ഒരു സമൂഹത്തിനു ഭാവിയിൽ എന്ത് സംഭവിക്കാം, എന്ത് സംഭവിക്കണം എന്നതിനെ മുൻകൂട്ടി കാണാനുള്ള ദിശാബോധവുമാണ് ഫാപ്പിൻസിനെ മുന്നോട്ടു നയിച്ചത്. ഏതാണ്ട് പതിമൂന്നു വർഷങ്ങൾക്ക് മുൻപ് ചെറിയ കൂടിച്ചേരലുകളിൽ ആരംഭിച്ച ഫാപിൻസ് ഇന്ന് ഉത്തരേന്ത്യൻ സമൂഹത്തിൽ എന്തുണ്ടാവണം എന്ന് വരെ ചിന്തിച്ച് തുടങ്ങി. ബീഹാർ അടക്കം വിദ്യാഭ്യാസ സാമൂഹ്യ മേഖലയിലെ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ കേരള മോഡൽ കർമ്മ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങി. മഹല്ലുകളുടെ ശാസ്ത്രീയമായ മുന്നേറ്റത്തിന് ഇന്ന് കേരളത്തിൽ പലയിടങ്ങളിലും നടക്കുന്ന പ്രവർത്തനങ്ങൾക്ക് വലിയൊരു പ്രേരകമാവാൻ ഫാപിൻസിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ മദ്രസകൾ ആരംഭിക്കാൻ നേതൃത്വം നൽകിയ പ്രധാനികളിൽ ഒരാളായ വി.പി.എം. അബ്ദുൽ അസീസ് മാസ്റ്ററുടെ വലിയൊരു സ്വപ്നമായിരുന്നു മദ്രസ അധ്യാപകർക്ക് മനഃശാസ്ത്ര മേഖലയിൽ പരിശീലനം ലഭിക്കുക എന്നത്. അദ്ദേഹത്തിന്റെ മകനായ അബ്ദുൽ ഖാദർ സാഹിബ് നേതൃത്വം കൊടുക്കുന്ന ഫാപ്പിൻസിന് ആ റോളും നിർവഹിക്കാൻ കഴിഞ്ഞട്ടുണ്ട്. ഇതിന്റെയെല്ലാം അക്കാദമിക് ലീഡര്ഷിപ് എടുത്ത എൻ വി കബീർ സാറിനെ ഈ അവസരത്തിൽ പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഇതിന്റെ തുടക്കമായി ഫാപിൻസ് സംഘടിപ്പിച്ച വടക്കേ മലബാറിലെ മഹല്ലുകളിലെ ഇമാമുമാരുടെ പഠന ശിബിരം അക്ഷരാർത്ഥത്തിൽ വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. പടന്നയിലെ വി.കെ.പി. ഭവനിലെ ഇസ്മായിൽ ഹാജി സാഹിബിനെയും കുടുബത്തേയും ഈ അവസരത്തിൽ ഓർക്കുന്നു. സാമൂഹിക മുന്നേറ്റത്തിന് ഒരു കുടുബം മുൻകൈ എടുക്കുന്നതിൻ്റെ ഒരു മോഡൽ ആയിരുന്നു അത്. വീട്ടിലെ അംഗങ്ങൾ മറ്റു കുടുംബങ്ങൾക്ക് ഒപ്പം താമസിച്ചു. എന്നിട്ട് വി. കെ. പി. ഇസ്മായിൽ ഹാജി സാഹിബിന്റെ വീട് ഒരു സമൂഹത്തിനാവശ്യമായ നിശ്ചിത വിഷയങ്ങളിലുള്ള പഠന കളരിയായി മാറി. ഈ പ്രവർത്തനങ്ങൾക്ക് കൃത്യമായ സിലബസോടെ മുറിഞ്ഞു പോവാത്ത പിന്തുടർച്ചയുണ്ടായിരുന്നു. ഇതാണ് പിന്നീട്ട് പണ്ഡിതന്മാരുടെ ലീഡർഷിപ്പോടെ 'ഹിക്മ'യായി മാറിയത്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയും മംഗലാപുരത്തും ഇമാമുമാർക്കും മദ്രസ അദ്ധ്യാപകർക്കും ഉമറാക്കൾക്കും വിവിധ കോഴ്സുകൾ ആരംഭിച്ചു. കോഴിക്കോട് ഹൈസൺ ഹെരിറ്റേജിൽ നടന്ന ഹിക്മ കോൺവെക്കേഷനു ശേഷം സി.ടി സാഹിബിന്റെ നേതൃത്വത്തിൽ ദാറുൽഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കു വേണ്ടി സിപെറ്റ് എന്ന പേരിൽ പുതിയ ഡിപ്പാർട്ട്മെന്റ് ഉണ്ടാക്കി ഇമാം ഡിപ്ലോമ കോഴ്സിനു വേണ്ടി നടത്തിയ ശ്രമകരമായ ദൗത്യം ഓർമ്മയിൽ നിന്നും മായാതെ നിൽക്കുന്നു. അതിനായുള്ള സിലബസ്സ് തയാറാകുന്നതിനും കോഴ്സ് ലോഞ്ച് ചെയ്യുന്നതിനും സി.ടി സാഹിബും സംഘവും നടത്തിയ ചരിത്രപരമായ ദൗത്യത്തിൽ ഭാഗഭാക്കാവാൻ ഈ വിനീതിനും സാധിച്ചു... റബ്ബിനെ സ്തുതിക്കുന്നു.ഇത്തരം വലിയ വലിയ പ്രവർത്തങ്ങളുമായി മുന്നോട്ട് പോവാൻ ഫാപിൻസിന് ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് . അതിനെയെല്ലാം തരണം ചെയ്യാൻ സി.ടി.അബ്ദുൽ ഖാദർ സാഹിബിന്റെ നേതൃത്വത്തിന്നും കൂടെ ഉണ്ടായിരുന്ന ചെറു സംഘത്തിനും ദൈവാനുഗ്രഹംകൊണ്ട് കഴിഞ്ഞു. ഈ മുന്നേറ്റത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഭാഗമാവാൻ എനിക്കും കഴിഞ്ഞു എന്നത് കൂടുതൽ സന്തോഷം തരുന്ന കാര്യമാണ്. ഇമാമുകൾക്കും മദ്രസ അദ്ധ്യാപകർക്കും നിശ്ചിത സിലബസോടെ തിരുവനന്തപുരം,കോട്ടയം, കൊല്ലം, മലപ്പുറം , കാസർകോഡ്, മംഗലാപുരം എന്നിവിടങ്ങളിൽ കോഴ്സ് ലീഡ് ചെയ്യാൻ തുടങ്ങിയപ്പോൾ രണ്ടു വർഷത്തോളം നിശ്ചിത സമയം അതിനായി മാറ്റിവെച്ചു. ബഷീർ എടാട്ട്, സാജിഹ് സമീർ അസ്ഹരി , അബ്ദുല്ല ബാഖവി, ഇസ്മായിൽ ഫൈസി, അശ്റഫ് അശ്റഫി, മുനീർ ഹുദവി, ജാഫർ ഹുദവി, സിദ്ധീഖ് ഇടുക്കി, സുഹൈൽ ബാബു തുടങ്ങിയവയെല്ലാം ഈ സന്ദർഭത്തിൽ ഓർക്കുന്നു. ഈ സമൂഹം ആവശ്യപെടുന്ന ഒട്ടേറെ ദൗത്യങ്ങൾക്ക് ഫാപിൻസ് ഇനിയും നേതൃത്വം വഹിക്കാനുണ്ട്.. സമയം ഒട്ടും നഷ്ടപ്പെടുത്താതെ അതിവേഗം മുന്നോട്ട് നയിക്കപ്പെടട്ടെ. കാരണം നമ്മൾ ഇപ്പോഴും ഒട്ടേറെ കാര്യങ്ങളിൽ പിന്നിൽ തന്നെയാണ്.