ചിന്തനീയം

25 Jun 2021

ഇന്ന് വെള്ളിയാഴ്ച. യൗമുൽ ജുമുഅ. നമ്മുടെ പള്ളികളിൽ ജുമുഅ നടക്കുന്നില്ലെങ്കിലും ഈ ദിവസത്തിൻ്റെ മാറ്റും മഹത്വവും കുറയുന്നില്ല. നബി(സ്വ) പറഞ്ഞു: 'സൂര്യനുദിക്കുന്ന ദിവസങ്ങളിലേറ്റം ശ്രേഷ്ഠം വെള്ളിയാഴ്ചയാണ്. ആദം നബി സൃഷ്ടിക്കപ്പെട്ടതും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും പുറത്താക്കപ്പെട്ടതും വെള്ളിയാഴ്ചയാണ്. അന്ത്യനാൾ സംഭവിക്കുക വെള്ളിയാഴ്ചയാണ്....' വെള്ളിയാഴ്ചയുടെ രാപകലുകളിൽ മരണപ്പെട്ടാൽ ഖബ്ർ ശിക്ഷയിൽ നിന്ന് പ്രത്യേക സംരക്ഷണം ലഭിക്കുമെന്ന് ഹദീസുകളിൽ കാണാം. നിസ്കാരങ്ങളിലേറ്റം ശ്രേഷ്ഠം വെള്ളിയാഴ്ച ദിവസം ജമാഅതായി നിസ്കരിക്കുന്ന സുബ്ഹ് ആണെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. മറ്റ് ചില ഹദീസുകൾ കൂടി നോക്കൂ: ' നിങ്ങളുടെ ദിവസങ്ങളിലേറ്റം ശ്രേഷ്ഠം വെള്ളിയാഴ്ചയാണ്. അന്ന് നിങ്ങളെൻ്റെ പേരിൽ സ്വലാത്ത് വർധിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എനിക്ക് കാണിക്കപ്പെടും'. ' വെള്ളിയാഴ്ച പ്രത്യേകമായ ഒരു സമയമുണ്ട്. അപ്പോൾ നിങ്ങൾ അല്ലാഹുവിനോട് എന്ത് ചോദിച്ചാലും തള്ളപ്പെടുകയില്ല'. ' വെള്ളിയാഴ്ച സൂറതുൽ കഹ്ഫ് പാരായണം ചെയ്താൽ, അടുത്ത വെള്ളിയാഴ്ച വരെ അത് പ്രകാശമായി നില നിൽക്കും.' ഈ മഹത്വങ്ങളും പ്രതിഫലങ്ങളും, ജുമുഅ നിസ്കാരം നടക്കാത്ത ഈ സവിശേഷ സാഹചര്യത്തിലും ഇല്ലാതാവുന്നില്ല. ജുമുഅ ഉള്ള കാലത്ത് വെള്ളിയാഴ്ചയെ എങ്ങനെയാണ് നാം സമീപിച്ചത് അത് പോലെത്തന്നെ ഇപ്പോഴും കാണാൻ കഴിയണം. ആഴ്ചയിലൊരിക്കൽ വരുന്ന വിശിഷ്ടനായ അതിഥിയാണ് വെള്ളിയാഴ്ച. അതിനെ അർഹിക്കുന്ന വിധത്തിൽ ആദരിക്കണം. രാവിലെ കുളിച്ചൊരുങ്ങണം. നല്ല വസ്ത്രം ധരിക്കണം. സുഗന്ധം പൂശണം. അൽ കഹ്ഫ് ഓതണം. സ്വലാത്ത് ചൊല്ലണം. വീട്ടിൽ ജമാഅത്തായി ളുഹ്ർ നിസ്കരിക്കണം...... അല്ലാഹുവിൻ്റെ ശിആറിനോടുള്ള ആദരവാണത്. അത് തഖ്വയുടെ ലക്ഷണമാണ്.

CT.A.Kadher