ചിന്തനീയം

30 Mar 2021

നാം നേടിയെടുക്കുന്ന ഭൗതിക വിഭവങ്ങൾ നൈമിഷികങ്ങളും നശ്വരങ്ങളുമാണ്. മുമ്പ് അവ മറ്റാരുടേതോ ആയിരുന്നു. നമുക്ക് ശേഷം അവ മറ്റാരുടെയെങ്കിലും ആവുകയും ചെയ്യും. നമ്മുടേത് എന്ന് പറയാവുന്നത്, നമുക്ക് കൂടെ കൊണ്ടു പോകാവുന്നത് നാം ചെയ്യുന്ന സൽകർമങ്ങളും നൻമകളും മാത്രമാണ്. ' മയ്യിത്തിനെ മൂന്ന് കാര്യങ്ങൾ പിന്തുടരും: അവൻ്റെ കുടുംബം, സമ്പത്ത്, കർമങ്ങൾ. കുടുംബവും സമ്പത്തും തിരിച്ച് വരും. കർമങ്ങൾ മാത്രം അവന് കൂട്ട് കിടക്കും.' (ഹദീസ്). നന്മകൾ വാരിക്കൂട്ടാനുള്ള സുവർണാവസരങ്ങൾ സുലഭമായ സുദിനങ്ങളിലൂടെയാണ് നാം കടന്ന് പോകുന്നത്. ബറാഅത്ത് രാവ് കഴിഞ്ഞു. രിസ്ഖിൽ വിശാലതക്കായി നാം അല്ലാഹുവിനോട് തേടി. 'രിസ്ഖ്' കേവലം ഭക്ഷണമല്ല. അല്ലാഹു തരുന്നതെല്ലാം രിസ്ഖാണ്. അല്ലാമാ ശഅറാവി (റ) രിസ്ഖിൻ്റെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട്: ' സമ്പത്ത് രിസ്ഖിൻ്റെ ഏറ്റം താഴേ പടിയാണ്. ആഫിയതാണ് മുകളിലെ പടി. മക്കൾ നന്നാവലാണ് ശ്രേഷ്ഠമായ രിസ്ഖ്. അല്ലാഹുവിൻ്റെ തൃപ്തി കരസ്ഥമാക്കലാണ് രിസ്ഖിൻ്റെ സമ്പൂർണ്ണത' ഭൗതികവും ആത്മീയവുമായ തലങ്ങളുണ്ട് രിസ്ഖിന് എന്നർത്ഥം. ശഅബാനിലെ ഇനിയുള്ള ദിവസങ്ങളും പുണ്യകരങ്ങൾ തന്നെ. റമളാൻ കഴിഞ്ഞാൽ നബി(സ്വ) ഏറ്റം കൂടുതൽ നോമ്പനുഷഠിച്ചിരുന്നത് ഈ മാസത്തിലാണ്. അതിൻ്റെ കാരണമായി അവിടുന്ന് പറഞ്ഞത് ' മനുഷ്യൻ്റെ കർമങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണ് ശഅബാൻ. നോമ്പുകാരനായിരിക്കേ എൻ്റെ കർമങ്ങൾ ഉയർത്തപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നാണ്. ശഅബാൻ കഴിഞ്ഞാൽ നാം കാത്തുകാത്തിരിക്കുന്ന റമളാൻ. റമളാനിലേക്കെത്തിക്കണേ എന്ന തേട്ടത്തിലാണ് നാമിപ്പോൾ. ഇതെല്ലാം സുവർണാവസരങ്ങളാണ്. ഇനിയൊരിക്കൽ കൂടി കിട്ടുമോ എന്നറിയില്ല. കിട്ടിയത് ഉപയോഗപ്പെടുത്തുകയാണ് ബുദ്ധി. മറ്റൊരു അവസരത്തിനായി കാത്തിരുന്നാൽ, അവസരങ്ങൾ വന്നേക്കാം. നാമുണ്ടായെന്ന് വരില്ല.

C.T.A.Khader