വെൺചിതലുകൾ കാഴ്ചയിൽ ചെറിയ, നിസ്സാരരായ ക്ഷുദ്രജീവികളാണ്. എന്നാൽ വലിയൊരു വടവൃക്ഷത്തെ ദുർബലപ്പെടുത്താനും നശിപ്പിക്കാനും അവ ധാരാളം. സമുദായ വൃക്ഷത്തെ നശിപ്പിക്കുന്ന, കാർന്ന് തിന്നുന്ന, ദുർബലപ്പെടുത്തുന്ന വെൺചിതലുകളെക്കുറിച്ച് നാം ജാഗരൂകരാവേണ്ടതുണ്ട്. കാഴ്ചയിൽ നിസ്സാരൻമാർ, പക്ഷേ, അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ദീർഘദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയായിരിക്കും. പെട്ടെന്ന് തിരിച്ചറിഞ്ഞ്, മണ്ണെണ്ണയും കുമ്മായവും കലർത്തി പ്രയോഗിച്ച് നശിപ്പിച്ചില്ലെങ്കിൽ എത്ര വേരുറച്ച മരമാണെങ്കിലും പൂതലിച്ച് പോകും. കെട്ടുറപ്പുള്ള ഉലമാ - ഉമറാ ഐക്യത്തിൻ്റെ പിൻബലത്തിലാണ് കേരളീയ മുസ്ലിം സമാജം ഇന്നീ കാണുന്ന വളർച്ചയും പുരോഗതിയും സാധ്യമാക്കിയിട്ടുള്ളത്. കേരളേതര സംസ്ഥാനങ്ങളിലെ മുസ്ലിംകളെക്കുറിച്ച് പഠിച്ചാൽ ഈ ഐക്യത്തിൻ്റെ പ്രാധാന്യവും ഗൗരവവും നമുക്ക് ബോധ്യപ്പെടും. ഈ ഐക്യം തകർക്കുകയാണ്, കേളി കേട്ട കേരളീയ മുസ്ലിം മോഡലിനെ തകർക്കാനുള്ള പോംവഴിയെന്ന് പുറത്തുള്ള ശത്രുക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. അവരുടെ കോടാലിക്കൈകളാവുകയാണ് അകത്തുള്ള ചിലർ. മരം വെട്ടുന്ന കോടാലിയുടെ കൈ മരം തന്നെയാണല്ലോ? മീർ സാദിഖുമാരും മീർ ജാഫറുമാരും ചരിത്രത്തിൽ ആവർത്തിച്ച് കൊണ്ടിരിക്കും. ഒടുക്കം ഒറ്റ് കാശ് ഉരുക്കി അണ്ണാക്കിൽ ഒഴിച്ച് തരുമ്പോൾ ഒന്നുറക്കെ കരയാൻ പോലും കഴിയില്ലെന്ന് മാത്രം. കൊലപാതകത്തേക്കാൾ മഹാ പാതകമാണ് ഫിത്നയെന്ന് ഖുർആനിക ഭാഷ്യം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നത് ചെറിയ തെറ്റല്ല. സാമിരിയുടെ കുതന്ത്രങ്ങളിലകപ്പെട്ട് കാളക്കുട്ടിയെ ആരാധിച്ച് തുടങ്ങിയ ബനൂ ഇസ്രയേല്യരുടെ ഇടയിൽ പെട്ടെന്നൊരു നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം, ഹാറൂൺ നബി മൂസാ നബി(അ)യോട് പറഞ്ഞത് പ്രസക്തമാണ്: " (മടങ്ങിയെത്തി കാര്യങ്ങള്‍ നേരില്‍ കണ്ടപ്പോള്‍) മൂസാ നബി ചോദിച്ചു: ഓ ഹാറൂന്‍, ജനത്തിനു മാര്‍ഗഭ്രംശം വന്നതായി കണ്ടപ്പോള്‍ എന്നെ പിന്തുടരാതിരിക്കാന്‍ എന്തു പ്രതിബന്ധമാണ് താങ്കള്‍ക്കുണ്ടായത്? എന്റെ ശാസനക്ക് എതിരു പ്രവര്‍ത്തിക്കയാണോ നിങ്ങള്‍ ചെയ്തത്? അദ്ദേഹം പ്രതികരിച്ചു: എന്റെ മാതൃപുത്രാ, എന്റെ താടിയിലും തലയിലും പിടിച്ചു വലിക്കാതിരിക്കൂ; ഇസ്രയേല്യരില്‍ നീ ഛിദ്രതയുണ്ടാക്കിയെന്നും എന്റെ നിര്‍ദ്ദേശം കാത്തുനിന്നില്ലെന്നും നീ ആക്ഷേപിക്കുമെന്നു ഞാന്‍ ഭയന്നു'' (സൂറത്തു ത്വാഹാ 92- 94) 'ഞാന്‍ കര്‍ക്കശ നിലപാട് കൈക്കൊണ്ടിരുന്നുവെങ്കില്‍ ജനം ഛിദ്രിച്ച് ഭിന്ന കക്ഷികളാകും. ഏറ്റുമുട്ടലിലേക്കും യുദ്ധത്തിലേക്കും അതു നയിക്കും; അപ്പോള്‍ അതു പറഞ്ഞ് നിങ്ങള്‍ എന്നെ അധിക്ഷേപിക്കുമെന്നും ഞാന്‍ തിരിച്ചെത്തും വരെ കാത്തുനില്‍ക്കാമായിരുന്നില്ലേ എന്നു ചോദിക്കുമെന്നും പേടിച്ചാണ് ഞാന്‍ നിസ്സംഗനായി നില്‍ക്കേണ്ടി വന്നത്.' എന്നാണ് ഹാറൂൺ നബി(അ) പറഞ്ഞതിൻ്റെ പൊരുൾ. സമൂഹത്തിൽ ഭിന്നതയും ഛിദ്രതയും ഉണ്ടാക്കുന്നത് നിസ്സാര വിഷയമല്ലെന്നർത്ഥം. സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെങ്കിൽ തെറ്റിൻ്റെ ഗൗരവം വർധിക്കുന്നു. അൻസാരികളുടെ നേതാവായ സഅദ് ബിൻ ഉബാദ (റ)യെ ജിന്നുകൾ കൊന്നുകളഞ്ഞത് സമൂഹത്തിലെ വലിയൊരു ഭിന്നതക്ക് കളമൊരുങ്ങുന്നത് ഒഴിവാക്കാനാണെന്ന് ഒരു ചരിത്ര വായനയുണ്ട്. ഭിന്നിപ്പിൻ്റെ വക്താക്കൾ മനോഹരമായ രൂപത്തിലും ഭാവത്തിലുമാണ് അവതരിക്കുക. അവർ ആദർശം പറയും. പക്ഷേ, അത് കേവലം അധര വ്യായാമം മാത്രമായിരിക്കും. വൃദ്ധരും രോഗികളും അവശരുമായ ആളുകള്‍ക്കു വേണ്ടി ഒരു മസ്ജിദ് എന്ന വ്യാജേനയാണ് മുനാഫിഖുകൾ മസ്ജിദുള്ളിറാർ ഉണ്ടാക്കിയത്. എന്നാൽ, ലക്ഷ്യം വിശ്വാസികൾക്കിടയിൽ ഭിന്നത ഉണ്ടാക്കലായിരുന്നു. പേര് മസ്ജിദ് എന്നായിരുന്നെങ്കിലും, അത് തകർത്ത് അഗ്നിക്കിരയാക്കാനായിരുന്നു നബി(സ്വ)യുടെ കൽപന. പറയുന്നത് ആദർശമാണെങ്കിലും ലക്ഷ്യം ഭിന്നിപ്പുണ്ടാക്കലാണെങ്കിൽ പറഞ്ഞിട്ടെന്ത് കാര്യം? ഞങ്ങളാണ് ശരി, ഞങ്ങൾ മാത്രമാണ് ശരിയെന്ന് ഇവർ പറയുന്നു. എല്ലാ പ്രശ്നക്കാരും അങ്ങനെത്തന്നെ പറഞ്ഞതാണ് ചരിത്രം. '' ഞങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചിരിക്കുന്നു എന്നു തട്ടിവിടുന്ന ചിലയാളുകളുണ്ട്. യഥാര്‍ത്ഥത്തിലവര്‍ വിശ്വസിച്ചവരല്ല; അല്ലാഹുവിനെയും വിശ്വാസികളെയും കബളിപ്പിക്കുകയാണ്. സ്വന്തത്തെത്തന്നെയാണ് സത്യത്തില്‍ അവര്‍ വഞ്ചിക്കുന്നത്; പക്ഷെ അവരതറിയുന്നില്ല. അവരുടെ മനസ്സുകളില്‍ ഒരു രോഗമുണ്ട്. തന്മൂലം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിച്ചു കൊടുക്കുകയുമുണ്ടായി. നുണ പറയുന്നതുകൊണ്ട് കഠിന ശിക്ഷയാണവര്‍ക്കുള്ളത്. നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കരുതെന്നു പറയപ്പെടുമ്പോള്‍, ഞങ്ങള്‍ പരിഷ്‌കര്‍ത്താക്കള്‍ മാത്രമാണല്ലോ എന്നാണവര്‍ പ്രതികരിക്കുക. അറിയണം, അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷെ അവരത് ഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ സത്യവിശ്വാസം കൈക്കൊണ്ടതു പോലെ നിങ്ങളും വിശ്വസിക്കൂ എന്നു നിര്‍ദേശിക്കപ്പെടുമ്പോള്‍ ആ മൂഢന്മാരെപ്പോലെ ഞങ്ങളും വിശ്വസിക്കുകയോ എന്നവര്‍ പ്രതികരിക്കും. അറിയുക, അവര്‍ തന്നെയാണു മഠയന്മാര്‍; എന്നാല്‍ അവരതു ധരിക്കുന്നില്ല.'' ( അൽ ബഖറ) ഇവർ അക്കാലത്തെ 'ഫൈക്കൻമാർ ' ആയിരുന്നു. എക്കാലത്തും 'ഫൈക്കൻമാർ ' അങ്ങനെത്തന്നെയായിരിക്കും. കപടമുഖവുമായി നടക്കുന്ന 'ഫൈക്കൻമാർ ' വിവിധതരം കുത്തിത്തിരിപ്പുകളുണ്ടാക്കുന്നതു പുറത്തുവരുമ്പോള്‍ ബുദ്ധിമാൻമാർ അവരെ ഗുണദോഷിക്കും; കുത്സിത പ്രവര്‍ത്തനങ്ങളും സാമൂഹ്യദ്രോഹവും നിറുത്തണമെന്നു പറയും. അപ്പോഴവര്‍ നല്ലപിള്ള ചമയും. ളിറാറിൻ്റെ ഈ കൂട്ടായ്മകളും തകർത്ത് തരിപ്പണമാക്കപ്പെടേണ്ടത് തന്നെ.
C.T.A.Kadhar