നാളെ (ബുധൻ) ഞങ്ങൾക്ക് - ഫാപിൻസ് കുടുംബാംഗങ്ങൾക്ക് - സന്തോഷ സുദിനമാണ്. സേവന വീഥിയിൽ ഫാപിൻസ് ഒന്നരപ്പതിറ്റാണ്ട് തികക്കുകയാണ്. അതിനോടനുബന്ധിച്ച് ഫാപിൻസ് കുടുംബം നാളെ സംഗമിക്കുകയാണ്. ഒപ്പം ഞങ്ങളുടെ പുതിയൊരു സ്വപ്ന പദ്ധതിയുടെ ശിലാസ്ഥാപനവും. ഇ. അ. പിന്നാക്കം നിൽക്കുന്ന ഒരു ജനതയുടെ പുരോയാന സ്വപ്നങ്ങൾക്ക് നിറം പകർന്നും വിദ്യാഭ്യാസ- മാനസികാരോഗ്യ- മന:ശാസ്ത്ര മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകളർപ്പിച്ചും ഫാപിൻസ് മുന്നോട്ടു പോവുകയാണ്. 2006 മാർച്ച് 6, 7, 8 തിയ്യതികളിൽ പടന്ന ഖാലിദ് ഹാജി ഭവനിൽ നടന്ന ഇമാം എംപവർമെൻ്റ് പ്രോഗ്രാമോടെയാണ് ഫാപിൻസിൻ്റെ ആശയങ്ങൾ പ്രവൃത്തി പഥത്തിലെത്തുന്നത്. കാലത്തിൻ്റെയും സമൂഹത്തിൻ്റെയും തേട്ടങ്ങൾ തിരിച്ചറിഞ്ഞ് അവയെ സംബോധന ചെയ്തും അവയോട് കൃത്യമായി സംവദിച്ചുമാണ് ഫാപിൻസ് ഘട്ടം ഘട്ടമായി വളർന്നത്. 2007 മാർച്ച് 11 ന് 'ഫാപിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസിറ്റീവ് ഹെൽത്ത് ആൻ്റ് സൈക്കോളജിക്കൽ സെലൂഷൻസ്' തൃക്കരിപ്പൂർ തങ്കയത്ത് സ്ഥാപിതമായി. നമ്മുടെ പ്രവർത്തനങ്ങളുടെയെല്ലാം ആസ്ഥാനമാണിത്. തുടർന്ന്, വനിതാ പരിശീലകർക്ക് സ്കഫോൾഡിങ് വിങ്, 'ബിസ്മി' മഹല്ല് എംപവർമെൻറ് പ്രോഗ്രാം,പ്രോഗ്രസ്, വിശുദ്ധ റമളാനിൽ ' അനുഗ്രഹീത മാസം അനുകൂലമാക്കാൻ ഇത്ഖിൻ്റെ വഴി തേടി വിജ്ഞാന യാത്ര' തുടങ്ങിയ സ്വപ്ന പദ്ധതികൾക്ക് തുടക്കമായി. തുടർന്ന് അഞ്ച് വർഷങ്ങൾ ഗവേഷണങ്ങളുടെയും പഠനങ്ങളുടേതുമായിരുന്നു. 2012 ലാണ് 'ഹിക്മ ' കോൺവെക്കേഷൻ നടക്കുന്നത്. കോഴ്സ് പൂർത്തിയാക്കിയ മത പണ്ഡിതർക്ക്, ഖത്വീബുമാർക്ക് സർട്ടിഫിക്കറ്റ് വിതരണം. 2014ൽ കമ്മ്യൂണിറ്റി കോളേജിലൂടെ പുതിയ ചുവടുവെപ്പ്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ PGDCP, PGDLD കോഴ്സുകൾ തുടർന്ന് ആരംഭിച്ചു. 2017ൽ ലേണിങ് ക്ലിനിക്കും 2018ൽ പപ്പറ്റ്സ് പ്ലേ ഹൗസും നിലവിൽ വന്നു. ചെയ്തതിലേറെ ഇനിയും ചെയ്യാനുണ്ടെന്ന ബോധ്യമാണ് ഫാപിൻസിനെ നയിക്കുന്നത്. ലേണിങ് ഡിസബളിറ്റി മാനേജിങ് ആൻ്റ് റിഹാബിലിറ്റേഷൻ രംഗത്ത് നല്ലൊരു സ്ഥാപനം നമ്മുടെ പരിസരങ്ങളിലില്ല. ആ അഭാവം നികത്താൻ സർവ സജ്ജീകരണങ്ങളോടും കൂടിയ ഒരു ഇൻസ്റ്റിറ്റ്യൂട്ടിന് ആദരണീയരായ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ നാളെ രാവിലെ വലിയപറമ്പ് പഞ്ചായത്തിലെ വടക്കേക്കാട് പ്രകൃതി രമണീയമായ സൈറ്റിൽ തറക്കല്ലിടുകയാണ്. പഠന വൈകല്യം പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ് ആശ്വാസവും സാന്ത്വനവും പരിശീലനവും നൽകിയാൽ തരണം ചെയ്യാനെളുപ്പമാണ്. അതിനുള്ള ബ്രഹത്തായ സംവിധാനമാണ് നിർമിക്കപ്പെടാൻ പോകുന്നത്. ഫാപിന്സ് സംഗമവും - ഇക്കാലമത്രയും ഫാപിൻസിൻ്റെ ഭാഗമായിരുന്നവരുടെ, ഫാപിൻസ് കുടുംബത്തിൻ്റെ കൂടിച്ചേരൽ - നാളെ നടക്കും. ഫാപിൻസിൻ്റെ രക്ഷാധികാരി കൂടിയായ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അനുഗ്രഹ സാന്നിധ്യമായി മുഴുസമയം നമ്മോടൊപ്പമുണ്ടാകും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി.യും രാജഗോപാൽ എം.എൽ.എ.യും മുഖ്യാതിഥികളാകും. മലപ്പുറം അലിഗഢ് ഓഫ് കാമ്പസ് ഡയറക്ടർ ഡോ. ഫൈസൽ ഹുദവി മാരിയാട്, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വി.സി.ഡോ.ഖാദർ മാങ്ങാട്, നിലവിലെ രജിസ്ട്രാർ കെ.ടി.മുഹമ്മദ്, ഡോ.സുബൈർ ഹുദവി ചേകനൂർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സത്താർ വടക്കുമ്പാട് (തൃക്കരിപ്പൂർ), പി.വി.മുഹമ്മദ് അസ്ലം (പടന്ന), വി.വി.സജീവൻ (വലിയപറമ്പ്), മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.ജി.സി.ബശീർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വി.കെ.ബാവ, ഡോ. ഇസഡ്.എ.അശ്റഫ്, ഡോ.എൻ.വി.കബീർ, ഡോ.അശ്റഫ്, എ.പി. നിസാം ചാവക്കാട്, എസ്.വി.മുഹമ്മദലി, റാഷിദ് ഗസ്സാലി കൂളിവയൽ, ഹാദിയ പ്രസിഡൻ്റ് സി.എച്ച് .ശരീഫ് ഹുദവി പുതുപ്പറമ്പ്, വി.കെ.പി.ഇസ്മായീൽ ഹാജി പടന്ന, എം.എ.അസ്ലം മാസ്റ്റർ, സാജിഹു ശമീർ അസ്ഹരി, ജാബിർ ഹുദവി തൃക്കരിപ്പൂർ തുടങ്ങിയവർ പങ്കെടുക്കും. ഫാപിൻസിൻ്റെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകവും വെബ് സൈറ്റും ചടങ്ങിൽ പ്രകാശിതമാവും. ഫാപിൻസിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ മൂന്ന് പേരെ ഓർക്കാതിരിക്കാനാവില്ല. വന്ദ്യ പിതാവും സമസ്ത വിദ്യാഭ്യാസ ബോർഡിൻ്റെ ദീർഘകാലത്തെ കാര്യദർശിയുമായിരുന്ന മർഹൂം വി.പി.എം.അബ്ദുൽ അസീസ് മാസ്റ്റർ, ബാബാ ആറ്റോമിക് റിസർച്ച് സെൻ്ററി (ബാർക്) ലെ സീനിയർ സൈൻ്റിസ്റ്റും സിജി സ്ഥാപകനുമായിരുന്ന ഡോ.അബൂബക്കർ സാർ, ചെമ്മാട് ദാറുൽ ഹുദയുടെ സ്ഥാപകൻ ഡോ.യു.ബാപ്പുട്ടി ഹാജി. അല്ലാഹു അവരെ സ്വീകരിക്കട്ടെ - ആമീൻ. അവരുടെ ഓർമകൾ നമുക്ക് വഴി കാട്ടുന്നു. ഇനിയും നമുക്ക് മുന്നോട്ട് തന്നെ പോകേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ
C.T.A.Khader