ഇന്ന് (ജൂൺ 20) ഫാദേഴ്സ് ഡേയാണ്. പിതാക്കൻമാർക്കൊരു ദിനം. ഏതെങ്കിലും പ്രത്യേക ദിനത്തിൽ മാത്രമല്ല, ജീവിതത്തിൻ്റെ ഓരോ അണു നിമിഷങ്ങളിലും ഓർക്കുകയും കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യേണ്ടവരാണ് നമ്മുടെ പിതാക്കൾ. നമ്മുടെ ഉണ്മയുടെ കാരണക്കാർ അവരാണ്. അവരില്ലെങ്കിൽ നമ്മളില്ല. നീയും നിൻ്റെ സമ്പത്തുമെല്ലാം പിതാവിനുള്ളതാണെന്ന് ഹദീസുണ്ട്. ഏറ്റവും വലിയ നൻമ മക്കൾ പിതാവിൻ്റെ സ്നേഹ ബന്ധങ്ങൾ ചേർക്കലാണെന്നും തിരുവരുളുകളിൽ കാണാം. തൻ്റെ നിഷേധിയായ പിതാവിനെ ഇബ്രാഹിം നബി(അ) എത്രമേൽ സ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ് അഭിസംബോധന ചെയ്യുന്നതെന്ന് ഖുർആനിൽ കാണാം.(സൂറത്തു മർയം : 41-45) സ്വർഗ കവാടങ്ങളിലേറ്റം പ്രധാനപ്പെട്ട കവാടം പിതാവാണെന്നാണ് ഇസ്ലാമികാധ്യാപനം. പിതാവിൻ്റെ തൃപ്തി കരസ്ഥമാക്കുക വഴി സ്വർഗ പ്രവേശം വളരെ എളുപ്പമാണെന്ന് അർത്ഥം. അബൂ ബുർദതുൽ അസ്ലമി (റ) മദീനയിലെത്തിയപ്പോൾ ഇബ്നു ഉമർ(റ) അദ്ദേഹത്തെ സന്ദർശിക്കാനെത്തി. ഇരുവരുടെയും പിതാക്കൻമാർ ജീവിതകാലത്ത് സുഹൃത്തുക്കളായിരുന്നു. 'ഖബ്റിലുള്ള പിതാവുമായി ആരെങ്കിലും ബന്ധം നിലനിർത്താനാഗ്രഹിക്കുന്നുവെങ്കിൽ, ജീവിച്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുമായി ബന്ധം പുലർത്തട്ടെ' എന്ന പ്രവാചകാധ്യാപനത്തിൻ്റെ അടിസ്ഥാനത്തിലാണ് താൻ സന്ദർശനത്തിന് വന്നതെന്ന് ഇബ്നു ഉമർ(റ) വ്യക്തമാക്കുകയും ചെയ്തു. ജീവിതകാലത്തും മരണ ശേഷവും തുടരേണ്ടതാണ് പിതാവിനോടുള്ള കടപ്പാടുകൾ. മക്കൾ എത്ര വലുതായാലും ഉപ്പമാർക്ക് മക്കൾ മക്കൾ തന്നെ. നമ്മളെത്ര മുതിർന്നാലും മാതാപിതാക്കൾ നമ്മൾ വലുപ്പമേറില്ല. നമ്മെ നാമാക്കാൻ കഷ്ടപ്പെടുന്നത് പിതാവാണ്. പിതാവ് വീടിൻ്റെ, കുടുംബത്തിൻ്റെ നാഥനാണ്. അത്താണിയാണ്. ജോലിയെടുക്കുന്നതും കഷ്ടപ്പെടുന്നതും പണം സമ്പാദിച്ച് കൊണ്ട് വരുന്നതും പിതാവാണ്. എങ്ങനെയാണ് ഇതിനൊക്കെ കൃതജ്ഞത പ്രകടിപ്പിച്ച് തീർക്കാനാവുക? ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ അവരെ വേദനിപ്പിക്കാൻ നമുക്കാവുമോ? അത് അല്ലാഹു പൊറുക്കുമോ? പുത്രൻ പിതാവിൻ്റെ പൊരുളാണെന്നാണ് പറയാറ്. ഞാനെൻ്റെ അഭിവന്ദ്യ പിതാവിനെ ഓർക്കുന്നു. സമുദായത്തിന് വേണ്ടി ജീവിച്ചപ്പോഴും കുടുംബത്തെ മറന്നില്ല. തിരക്കുകൾക്കിടയിലും ഞങ്ങൾക്കായി സമയം കണ്ടെത്തി. അല്ലാഹു അദ്ദേഹത്തിൻ്റെ ഖബറിടം വെളിച്ചമാക്കട്ടെ - ആമീൻ.
C.T.A.Kadher