ഇന്ന് (ജൂൺ 14) ലോക രക്തദായക ദിനം. രക്തദാനം മഹാദാനം തന്നെയാണ്. രക്തദാനത്തിലൂടെ നാം രക്ഷിക്കുന്നത് വിലപ്പെട്ട മനുഷ്യ ജീവനെയാണ്. ഒരു മനുഷ്യ ജീവൻ രക്ഷിച്ചാൽ മാനവ രാശിയെ മുഴുവൻ രക്ഷിച്ചത് പോലെ എന്നാണ് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നത്. സമ്പത്ത് ദാനം ചെയ്യുന്നത് പുണ്യകരമാണെങ്കിൽ, അതിനേക്കാൾ പുണ്യകരമാണ് രക്തദാനം. മറ്റൊരാളുടെ യാതനയകറ്റുക എന്ന സൽകർമം കൂടി അതിലുണ്ട്. കുടുംബാംഗങ്ങൾക്കാണ് രക്തം ദാനം ചെയ്യുന്നതെങ്കിൽ, രണ്ടുണ്ട് ഗുണം : കുടുംബ ബന്ധം ചേർത്തതിൻ്റെയും ദാനം ചെയ്തതിൻ്റെയും പ്രതിഫലങ്ങൾ. ആരോഗ്യപരമായും ഗുണകരമാണ് രക്തദാനം. ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധർ നൽകിയ നിർവചനം. ഒരുതുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവൻ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെ. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാൾലാന്റ് സ്റ്റെയിനർ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. രക്തം ദാനം ചെയ്യുമ്പോൾ ദാതാവിന്റെ ശരീരത്തിൽ പുതിയ രക്ത കോശങ്ങൾ ഉണ്ടാവും. മാത്രമല്ല ശരീരത്തിന് കൂടുതൽ പ്രവർത്തന ക്ഷമതയും ഉന്മേഷവും നൽകും. അതുകൊണ്ട് തന്നെ രക്തദാനം ഒരു ദോഷവുമുണ്ടാക്കുന്നില്ല. രക്തദാനം ചെയ്യുന്നവരിൽ ഹൃദ്രോഗസാധ്യത കുറഞ്ഞു വരുന്നതായി കാണുന്നു. അവർക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം. സഹജീവികളെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്. രക്തദാനത്തിലൂടെ ആയുസ്സും ആരോഗ്യവും ലഭിക്കും.
CT.A.Kadher