മനുഷ്യ ജീവിതത്തിൻ്റെ നശ്വരതയും നിസ്സാരതയും വിശദീകരിക്കുന്ന മനോഹരമായ ഒരു അറബി കവിതയുണ്ട്. ഭൗതിക ജീവിതം കൂടുതൽ അനിശ്ചിതമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ പ്രസക്തമായ ഒരു ചിന്ത. കവി പറയുന്നതിങ്ങനെ: ''തഖ്വയെന്ന പാഥേയം ഒരുക്കി കാത്തിരിക്കുക നീ. രാത്രി ഇരുട്ടിയാൽ പ്രഭാതം വരെ ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ നിനക്ക്? തങ്ങളുടെ ഭർത്താക്കൻമാർക്കായി അണിഞ്ഞൊരുങ്ങി നിന്ന എത്രയെത്ര മണവാട്ടിമാർ, അവരുടെ ആദ്യ രാത്രി ഖബ്റിലായിപ്പോയി? ദീർഘായുസ്സിനായി കൊതിച്ച എത്രയെത്ര കുട്ടികൾ, മരിച്ച് ഖബ്റിലെത്തുന്നു? എത്ര ആരോഗ്യവാൻമാർ, രോഗങ്ങളൊന്നുമില്ലാതെ മരിച്ച് വീഴുന്നു? എത്ര രോഗികൾ, രോഗങ്ങളുണ്ടായിട്ടും ദീർഘകാലം ജീവിക്കുന്നു? ചിരിച്ച് കളിച്ച് നടക്കുന്ന എത്രയോ ചെറുപ്പക്കാർ, അവർക്കുള്ള കഫൻ പുടവ നെയ്യപ്പെട്ടത് അവരറിയുന്നില്ല പകൽ കൊട്ടാരങ്ങളിൽ താമസിച്ചിരുന്നവർ,രാത്രിയാകുമ്പോഴേക്ക് ഖബ്റിലെ താമസക്കാരാകുന്നു തഖ്വയിലായി നീ ജീവിക്കുക. പുനരുത്ഥാന നാളിലെ ഭയവിഹ്വലതകളിൽ തഖ്വ സുരക്ഷയാണ്....... '' എത്ര അർത്ഥവത്തായ വരികൾ? ചിന്തിക്കുന്നവർക്ക് പഠിക്കാനേറെയുണ്ട് ഈ കവിതാ ശകലങ്ങളിൽ. ഈ കവിതയുടെ അറബി മൂലം വളരെ ശ്രവണ സുന്ദരമായി ആലപിക്കുന്ന ഒരു വീഡിയോ ഇതിനോടൊപ്പം ചേർക്കുന്നു.
CT.A.Kadher