സഫലമീ യാത്ര.... (2006- 2021) 2006 ൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് പഠന റിപ്പോർട്ടുകൾ - ഇന്ത്യൻ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ വിശദീകരിക്കുന്ന സച്ചാർ റിപ്പോർട്ടും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ' കേരള പഠന ' വും വരച്ചിട്ട അധ:സ്ഥിത പിന്നാക്ക ജനവിഭാഗങ്ങളുടെ പരിതാപകരമായ പതിതാവസ്ഥയെക്കുറിച്ച് വായിച്ചും അറിഞ്ഞും ഉണ്ടായ വേപഥുവിൻ്റെ ഫലമായാണ് 'ഫാപിൻസ്' രൂപം കൊള്ളുന്നത്. പിന്നാക്കം നിൽക്കുന്ന ഒരു ജനവിഭാഗത്തേയും ഭൂപ്രദേശത്തേയും മുഖ്യധാരയിലെത്തിക്കാൻ നിരവധി പദ്ധതികൾ ഫാപിൻസ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. സേവനവീഥിയിൽ പിന്നിട്ട ഒന്നരപ്പതിറ്റാണ്ടു കാലത്തെ ഓർമകൾ അയവിറക്കിയും ഭാവിയിലേക്ക് പ്രതീക്ഷാപൂർവം ഉറ്റു നോക്കിയും സ്വപ്ന പദ്ധതിക്ക് ശിലപാകിയുമാണ് കഴിഞ്ഞ ദിവസം 'ഫാപിൻസ്' സംഗമം വിജയകരമായി പര്യവസാനിച്ചത്. അല്ലാഹുവിന് സ്തുതി. പഠന വൈകല്യ പ്രശ്നങ്ങളും ലഹരി സൃഷ്ടിക്കുന്ന പ്രതിസന്ധികളും കൈകാര്യം ചെയ്യാൻ സർവ സന്നാഹങ്ങളോടെയും യാഥാർത്ഥ്യമാകാൻ പോകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേണിങ് ഡിസബ്ളിറ്റി മാനേജ്മെൻ്റ് ആൻ്റ് റിഹാബിലിറ്റേഷനാണ് ഫാപിൻസ് ഇനി സമൂഹ സമക്ഷം സമർപ്പിക്കുന്നത്. കാസറഗോഡ് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തിലെ വടക്കേക്കാട്, പ്രകൃതി രമണീയമായ പദ്ധതി പ്രദേശത്ത് ആദരണീയരായ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ സന്ദർശിച്ച് പ്രാർത്ഥന നടത്തി, അനുഗ്രഹം ചൊരിഞ്ഞു. തുടർന്ന് ഫാപിൻസ് ഹാളിൽ വെച്ച് ചേർന്ന സംഗമം ഉൽഘാടനം ചെയ്തതും ശിലാഫലകം അനാച്ഛാദനം ചെയ്തതും തങ്ങൾ തന്നെ. ഫാപിൻസിൻ്റെ രക്ഷാധികാരിയാണ് തങ്ങൾ. ആരംഭകാലം മുതലേ ഫാപിൻസിനൊപ്പം അനുഗ്രഹസാന്നിധ്യമായി തങ്ങളുണ്ട്. തെരഞ്ഞെടുപ്പാനന്തര തിരക്കുകൾക്കിടയിലും കാസറഗോഡ് എം.പി. ശ്രീ ഉണ്ണിത്താനും തൃക്കരിപ്പൂർ എം.എൽ.എ. ശ്രീ.എം.രാജഗോപാലും സംരംഭത്തിന് എല്ലാ ആശംസകളുമറിയിച്ചു. ഡോ.സുബൈർ ഹുദവി ചേകനൂർ, ഡോ.ഖാദർ മാങ്ങാട് (മുൻ വി.സി.കണ്ണൂർ യൂണിവേഴ്സിറ്റി), സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ തളിപ്പറമ്പ്, ഡോ.എൻ.വി.കബീർ, ഡോ.മായിൻ കുട്ടി (റിട്ട. സയൻ്റിസ്റ്റ്,ബാർക്), ഡോ.കെ.ടി.അശ്റഫ് വയനാട്, അബ്ദുൽ അസീസ് അക്കര, അഡ്വ.ഇസ്സുദ്ദീൻ, മുനീർ ചൊവ്വേരി (KKMA ), സി.മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, ഖാലിദ് ഫൈസി ചേറൂർ, സിറാജുദ്ദീൻ ദാരിമി കക്കാട്, ശംസുദ്ദീൻ മാസ്റ്റർ ഒഴുകൂർ, സാജിഹു ശമീർ അസ്ഹരി, വി.കെ.പി.ഇസ്മാഈൽ ഹാജി തുടങ്ങിയവർ സംസാരിച്ചു. ഫാപിൻസിൻ്റെ ഒന്നരപ്പതിറ്റാണ്ടിൻ്റെ കഥ പറയുന്ന ഡിജിറ്റൽ ഡോക്യുമെൻ്റും പുസ്തകവും പരിപാടിയിൽ പ്രകാശിതമായി. ഫാപിൻസിൻ്റെ തുടക്കം മുതൽ ഇതിൻ്റെ പ്രവർത്തനങ്ങളിൽ ഭാഗവാക്കായവർ, നിലവിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ, വന്ന വഴി മറക്കാതെ, എല്ലാ തിരക്കുകളും മാറ്റി വെച്ച് കടന്ന് വന്നപ്പോൾ രൂപപ്പെട്ടത് ചെറുതെങ്കിലും പ്രൗഢമായ ഒരു സദസ്സാണ്. കവ്വായിക്കായലിലെ ബോട്ടിങ് ആസ്വാദ്യകരമായ ഒരു അനുഭവമായി മാറി. തലമുറ വ്യത്യാസവും പ്രായഭേദവുമില്ലാതെ, പാടിയും പറഞ്ഞും അനുഭവങ്ങൾ പങ്ക് വെച്ചും ഓരോരുത്തരും ബോട്ടിങ് അവിസ്മരണീയമായ അനുഭവമാക്കി മാറ്റി. ഇനിയുമേറെ ചെയ്ത് തീർക്കാനുണ്ടെന്ന ബോധ്യത്തോടെ, പുതിയ സ്വപ്നങ്ങൾ നെയ്ത് ഫാപിൻസ് മുന്നോട്ട് പോവുകയാണ്. ആ പ്രയാണത്തിന് ഗതികോർജ്ജം പകരാൻ തീർച്ചയായും ഈ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്. പങ്കെടുത്തവർ, പിന്തുണച്ചവർ, വിജയിപ്പിച്ചവർ, അധ്വാനിച്ചവർ, പ്രാർത്ഥിച്ചവർ എല്ലാവരേയും പ്രാർത്ഥനാപൂർവം അനുസ്മരിക്കുന്നു. നന്ദി എന്ന രണ്ടക്ഷരങ്ങളിലൊതുക്കാനാവാത്ത കടപ്പാടുകളുണ്ട്. പ്രാർത്ഥനകൾ മാത്രമാണ് പകരം നൽകാനുള്ളത്. അല്ലാഹു സ്വീകരിക്കട്ടെ - ആമീൻ. സസ്നേഹം, സി.ടി.അബ്ദുൾ ഖാദർ തൃക്കരിപ്പൂർ. (ചെയ. ഫാപിൻസ്)
C.T.A.Khader