ചിന്തനീയം

07 Jun 2021

ഇന്ന് (ജൂൺ 7 ) ലോക ഭക്ഷ്യ സുരക്ഷാ ദിനമാണ്. ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 2019 മുതലാണ് ഈ ദിനം ആചരിച്ച് തുടങ്ങിയത്. മനുഷ്യൻ്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് ഭക്ഷണം. എന്ത് കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു, എത്ര കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെയെല്ലാം ആശ്രയിച്ചാണ് നമ്മുടെ രോഗ- ആരോഗ്യ അവസ്ഥകൾ മാറിമറിയുന്നത്. ഒട്ടുമിക്ക രോഗങ്ങളുടെയും, വിശിഷ്യാ ജീവിത ശൈലി രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഭക്ഷണമാണ്. 'ആഹാരമായിരിക്കട്ടെ നിങ്ങളുടെ ഔഷധം. ഔഷധം നിങ്ങളുടെ ആഹാരവും' എന്ന് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞിട്ടുണ്ട്. എല്ലാ വിഷയങ്ങളിലുമെന്ന പോലെ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും ഇസ്ലാം നിലപാട് പറഞ്ഞിട്ടുണ്ട്. അതാണ് ഇസ്ലാമിൻ്റെ പ്രസക്തിയും. 1. മനുഷ്യൻ ഉപദ്രവകരമായ ഭക്ഷണങ്ങൾ ഇസ്ലാം നിഷിദ്ധമാക്കി. 2. ഉപദ്രവകരമല്ലാത്തവ അനുവദനീയമാക്കി. ചില മത ദർശനങ്ങളിലേത് പോലെ മാംസാഹാരം പൂർണ്ണമായും നിഷിദ്ധമാക്കിയില്ല. സസ്യാഹാരം മാത്രമെന്ന് ശഠിച്ചില്ല. 3. ഭക്ഷണത്തിന് പരിധിയും അളവും നിശ്ചയിച്ചു. അമിത ഭോജനത്തെ ഇസ്ലാം നിരുൽസാഹപ്പെടുത്തുന്നു. അത് രോഗ കാരണമാണെന്ന് ആധുനിക വൈദ്യ ശാസ്ത്രവും അംഗീകരിക്കുന്നു. ''നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല''(ഖുര്‍ആന്‍ 7:31). മുഖൗഖിസ് രാജാവ്, നബി(സ്വ) യുടെ സന്നിധിയിലേക്ക് സമ്മാനമായി പറഞ്ഞയച്ച വൈദ്യനെ അവിടുന്ന് തിരിച്ചയക്കുകയാണ് ചെയ്തത്. അതിന് കാരണമായി അവിടുന്ന് പറഞ്ഞത് വളരെ പ്രസക്തമാണ്: ' ഞങ്ങൾക്കൊരു വൈദ്യനെ ആവശ്യമില്ല. കാരണം, ഞങ്ങൾ വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്നവരാണ്. കഴിക്കുമ്പോൾ തന്നെ വയറ് നിറക്കാറില്ല' ആധുനിക വൈദ്യശാസ്ത്രം പോലും അംഗീകരിച്ച ആരോഗ്യ പാഠം. ഭക്ഷണം നിയന്ത്രിക്കാൻ ശാസ്ത്രീയമായ ഒരു സംവിധാനം ഇസ്ലാം ഒരുക്കി: വ്രതം. വർഷത്തിൽ ഒരു മാസം, മാസത്തിൽ മൂന്ന് ദിവസങ്ങൾ ആഴ്ചയാൽ രണ്ട് ദിവസങ്ങൾ. ഭക്ഷണവും വെള്ളവും വായുവും തമ്മിൽ ബന്ധപ്പെടുത്തി. വയറിൻ്റെ മൂന്നിലൊന്ന് ഭക്ഷണവും മൂന്നിലൊന്ന് വെള്ളവും മൂന്നിലൊന്ന് വായുവും എന്ന അനുപാതം നിശ്ചയിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണ രീതിയാണിത്. ചൂടുള്ള ഭക്ഷണം കഴിക്കുന്നത് ഇസ്ലാം നിരുൽസാഹപ്പെടുത്തി. അത് ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് മോഡേൺ മെഡിക്കൽ സയൻസ് സാക്ഷ്യപ്പെടുത്തുന്നു. കഴിക്കുന്നതും കുടിക്കുന്നതും ഇരുന്ന് കൊണ്ടായിരിക്കണമെന്ന് ഇസ്ലാം പറയുന്നു. നിന്ന് കുടിക്കുകയോ തിന്നുകയോ ചെയ്താൽ അതിൻ്റെ പോഷക ഗുണങ്ങൾ പൂർണ്ണമായി ശരീരത്തിന് ലഭിക്കില്ലെന്ന് ഇന്ന് സയൻസ് പറയുന്നു ചുരുക്കത്തിൽ, നമ്മുടെ ഭക്ഷണം സുരക്ഷിതമായിരിക്കട്ടെ. അത് നമ്മുടെ ആത്മീയ ആരോഗ്യത്തിനും ഭൗതിക ആരോഗ്യത്തിനും അനിവാര്യമാണ്. (ഇസ്ലാമിലെ ഭക്ഷണ രീതിയെക്കുറിച്ച് ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണവും വിരുദ്ധാഹാരങ്ങളെക്കുറിച്ച് ഡോ. പി. എ. കരീമിൻ്റെ സംസാരവും കേൾക്കാം )

C.T.A.Khader