ചിന്തനീയം

05 Jun 2021

മദ്രസകളിലും സ്കൂളുകളിലും പുതിയ അധ്യയന വർഷം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെപ്പോലെത്തന്നെ ഈ വർഷവും ഓൺലൈനായാണ് ക്ലാസുകൾ നടക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഓൺലൈൻ വിദ്യാഭ്യാസം സൃഷടിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചെറുതല്ല. മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കായി വിട്ടുകൊടുക്കാൻ രക്ഷിതാക്കൾ നിർബന്ധിതരാകുന്നു. കുട്ടികളാവട്ടെ, പഠനത്തിൻ്റെ മറവിൽ, ഗെയിമുകളിലും മറ്റ് ഓൺലൈൻ ഇടപെടലുകളിലുമാണ് സമയം കളയുന്നത്. സ്വാഭാവികമായും പഠനത്തിൽ ശ്രദ്ധ കുറയുന്നു. മാനസിക സംഘർഷങ്ങളുണ്ടാകുന്നു. സ്വഭാവത്തിൽ മാറ്റം വരുന്നു. രക്ഷിതാക്കൾക്കും അധ്യാപകൻമാർക്കും ഇത് തലവേദനയുണ്ടാക്കുന്നു. രക്ഷിതാക്കൾക്ക്, ന്യൂ ജെൻ മക്കളുടെ അത്ര ഓൺലൈൻ സാക്ഷരത ഇല്ല എന്നതും പ്രതിസന്ധി ഉണ്ടാക്കുന്നു. വർഷങ്ങളെടുത്ത്, ക്രമാനുഗതമായി സംഭവിക്കേണ്ട ഒരു മാറ്റം, അപ്രതീക്ഷതമായി, വളരെ പെട്ടെന്ന് സംഭവിച്ചതിൻ്റെ ഒരു പ്രശ്നവും ഇവിടെയുണ്ട്. അധ്യാപകരുമായും സഹപാഠികളുമായുമൊക്കെയുള്ള ജൈവിക സമ്പർക്കം ഇല്ലാതാവുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. എന്നാൽ, ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാൽ, ഒരു പാട് ഗുണവശങ്ങളും ഓൺലൈൻ പഠനത്തിനുണ്ട്. അറിവുകൾ അന്വേഷിച്ച് കണ്ടെത്താൻ ഇത് സഹായിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെയുള്ള വിദ്യാഭ്യാസം പുതിയ കാലത്ത്, മാറുന്ന ലോകത്ത് അനിവാര്യമാണ് താനും. ചുരുക്കത്തിൽ, ഇരുതല മൂർച്ചയുള്ള വാളാണ് ഓൺലൈൻ വിദ്യാഭ്യാസം. ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്. ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് നാം അറിയേണ്ടതെല്ലാം നമ്മോട് പങ്ക് വെക്കുകയാണ് എക്സ്പെരിമെൻ്റൽ എജ്യുക്കേറ്ററായ സുഹൈൽ ബാബുവും പി.എച്ച്.ഡി. സ്കോളറും എംപവർമെൻ്റ് കൺസൾട്ടൻ്റുമായ ഖമറുദ്ദീൻ.കെ.പി.യും. ഇരുവരും എൻ്റെ സുഹൃത്തുക്കളാണ്. 'ഫാപിൻസി'ൻ്റെ ബന്ധുക്കളാണ്. ഏറ്റം ശ്രേഷ്ഠമായ അറിവ് സാന്ദർഭികമായ അറിവാണ്. കാലികമായി നാം ഏറെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് ഇന്നത്തെ 'ചിന്തനീയം' പങ്ക് വെക്കുന്നത്.

C.T.A.Khader