ചിന്തനീയം

04 Jun 2021

കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിനെക്കുറിച്ചും ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും വലിയ വിവാദങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉയർന്ന് കൊണ്ടിരിക്കുന്നത്. യാതൊരു തത്വദീക്ഷയുമില്ലാത്ത, സത്യവുമായി പുലബന്ധം പോലുമില്ലാത്ത ആരോപണങ്ങൾ ഉയർത്തി നാടിൻ്റെ മനോഹരമായ സാമൂഹികാന്തരീക്ഷത്തിൽ വർഗീയതയുടെ വിഷം കലർത്താനും അപകടരമായ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഈ ശ്രമങ്ങളെ വസ്തുതകൾ വെച്ച് നേരിടേണ്ട ബാധ്യതയും ഉത്തരവാദിത്വവുമുള്ള സർക്കാർ അത് നിർവഹിക്കുന്നില്ലെന്ന് മാത്രമല്ല, വോട്ട് ബാങ്ക് സംരക്ഷിക്കാൻ വേണ്ടി പലപ്പോഴും ഇത്തരം പ്രചരണങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നത് ഖേദകരമാണ്. മുസ്ലിം ന്യൂനപക്ഷം അനർഹമായി പലതും കയ്യടക്കുന്നു എന്നതാണ് ആരോപണങ്ങളുടെ ആകെത്തുക. അവാസ്തവവും അസംബന്ധവുമാണ് ഈ ആരോപണമെന്നത് സാമാന്യബോധമുള്ള ആർക്കും ബോധ്യമാകുന്ന യാഥാർത്ഥ്യമാണ്. അർഹമായ അവകാശങ്ങൾ പോലും ലഭിക്കാത്തവരാണ് മുസ്ലിംകൾ. കേരളത്തിൻ്റെ മനോഹരമായ സാമൂഹികാന്തരീക്ഷവും സൗഹൃദവും തകർക്കാനുള്ള ഇത്തരം ശ്രമങ്ങളെ കൃത്യമായ വസ്തുതകൾ വെച്ചാണ് പ്രതിരോധിക്കേണ്ടത്. സമഗ്രമായ, വസ്തുനിഷ്ഠമായ ഒരു ധവളപത്രം സർക്കാർ പുറത്തിറക്കണമെന്ന ആവശ്യം പ്രസക്തമാകുന്നതിവിടെയാണ്. പൊതുവിഭവങ്ങളിൽ ഉള്ള സാമുദായിക പ്രാതിനിധ്യം: (പിഎസ്‌സിയോ മറ്റു സെലക്ഷൻ നടപടികൾ വഴിയോ ഉള്ള നിയമനങ്ങളും സർക്കാർ നേരിട്ട് നടത്തുന്ന നിയമനങ്ങളും വെവ്വേറെ സൂചിപ്പിക്കുക) 1. ഉദ്യോഗതലങ്ങളിൽ (ബ്യുറോക്രസിയിൽ) (തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്) 2. പോലീസിൽ (തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്) 3. ജുഡീഷ്യറിയിൽ (തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്) 4. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (സർക്കാർ, എയ്‌ഡഡ്‌) ഉദ്യോഗസ്ഥ-അധ്യാപക തസ്തികകളിൽ (സ്‌കൂൾ, കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിലും, മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങലും ഉള്ള തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്) 5. സർക്കാരിന് കീഴിൽ ഉള്ള കോർപ്പറേഷനുകൾ, വിവിധ ബോർഡുകൾ എന്നിവയിൽ (തസ്തികകൾ വെവ്വേറെ തരം തിരിച്ചുള്ളത്) 6. സർക്കാർ നേരിട്ട് നടത്തുന്ന നിയമനങ്ങളിൽ (വകുപ്പുകളും തസ്തികകളും വെവ്വേറെ തരം തിരിച്ചുള്ളത് ജനസംഖ്യാനുപാതത്തിൽ) 7. സർക്കാർ ജോലികളിൽ ഓരോ തസ്തികയിലും നിയമനത്തിന് ഉള്ള സാമുദായിക സംവരണ ഓഹരി ജനസംഖ്യാനുപാതത്തിൽ 8. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (സർക്കാർ, എയ്‌ഡഡ്‌) ആകെയുള്ള സീറ്റുകളിലെ നിലവിൽ അഡ്മിഷൻ നൽകിയിട്ടുള്ള സീറ്റുകളുടെ ഓഹരി നില (സ്‌കൂൾ, കോളേജ്, യൂണിവേഴ്സിറ്റി, മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ എന്നിവ വെവ്വേറെ തരം തിരിച്ചുള്ളത്) 9. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (സർക്കാർ, എയ്‌ഡഡ്‌) അഡ്മിഷൻ നൽകുന്നതിൽ ഉള്ള സാമുദായിക സംവരണ ഓഹരി (ജനസംഖ്യാനുപാതത്തിൽ) 10. കേരള സംസ്ഥാനത്തിലെ സർക്കാർ ഭൂമി പതിച്ചു നൽകിയതിൽ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (പട്ടയ-സ്ഥലമൂല്യ കണക്കുകൾ സഹിതം ജനസംഖ്യാനുപാതത്തിൽ) 11. കേരള സംസ്ഥാനത്തിൽ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു നൽകിയതിൽ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (ജനസംഖ്യാനുപാതത്തിൽ) ഈ മാതൃകയിൽ ഒരു ധവളപത്രം പുറത്തിറക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്ന ഒരു മാസ് പെറ്റിഷൻ കാമ്പയിൻ ഓൺലൈനായി നടന്ന് കൊണ്ടിരിക്കുകയാണ്. http://chng.it/XFNKCyFnHX എന്ന ലിങ്ക് വഴി നമുക്കും അതിൽ പങ്ക് ചേരാം. ജനാധിപത്യപരമായ അവകാശപ്പോരാട്ടത്തിൻ്റെ വഴിയിൽ നമുക്ക് മുന്നോട്ട് പോകാം. ഇവ്വിഷയകമായി, കൃത്യമായ കണക്കുകളും വിവരങ്ങളും വെച്ചുള്ള രണ്ട് സംസാരങ്ങൾ - പ്രിയപ്പെട്ട സമദ് പൂക്കോട്ടൂരിൻ്റെയും നാസർ ഫൈസി കൂടത്തായിയുടെയും - ഇതിനോടൊപ്പം ചേർക്കുന്നു.

മുസ്ലിംകൾ പലതും അന്യായമായി കൈക്കലാക്കുന്നുവെന്ന തത്വദീക്ഷയില്ലാത്ത ആരോപണം കേരളത്തിൻ്റെ മനോഹരമായ സാമൂഹികാന്തരീക്ഷത്തിൽ വിഷം കലർത്തുകയാണ്. സാമുദായിക ഐക്യം നിലനിർത്താൻ സർക്കാർ, വസ്തുനിഷ്ഠമായ ധവളപത്രം പുറത്തിറക്കുകയാണ് ചെയ്യേണ്ടത്. വോട്ട് ബാങ്ക് ലക്ഷ്യമാക്കി, ഉത്തരവാദപ്പെട്ടവർ ഇനിയും മൗനം പാലിച്ചാൽ തകരുന്നത് നമ്മുടെ നാട് തന്നെയായിരിക്കും. കണക്കുകൾ സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ.... ഇന്നത്തെ ചിന്തനീയം വായിക്കാം, ഒപ്പം അബ്ദുസ്സമദ് പൂക്കോട്ടൂരിൻ്റെയും നാസർ ഫൈസി കൂടത്തായിയുടെയും, കൃത്യമായ കണക്കുകൾ വെച്ചു കൊണ്ടുള്ള സംസാരങ്ങൾ കേൾക്കാം

C.T.A.Khader