ഈ റമളാൻ യാത്രകളുടേത് കൂടി ആയിരുന്നു. കേരളത്തിൻ്റെ പല ഭാഗങ്ങളിൽ തറാവീഹ് നിസ്കാരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു. അതിൻ്റെ പശ്ചാത്തലത്തിൽ ചില ചിന്തകൾ പങ്ക് വെക്കട്ടെ. എൻ്റെ മഹല്ല് പള്ളിയിൽ തറാവീഹിന് നേതൃത്വം നൽകുന്നത് ഒരു ഹാഫിളാണ്. മനോഹരമായ ഖിറാഅത്ത്. കോവിഡ് നിയന്ത്രണങ്ങളുള്ളത് കൊണ്ട് പരമാവധി വേഗത്തിൽ നിസ്കാരം തീർക്കുന്നു. പക്ഷേ, ഹൃദയഹാരിയായ ഖിറാഅത്ത് കാരണം നിസ്കാരം ആസ്വാദ്യകരമാവുന്നു. പാരായണ നിയമങ്ങൾ പാലിച്ച് കൊണ്ട്, മനോഹരമായി ഓതുന്നത് കൊണ്ട് പിന്നിൽ നിൽക്കുന്നവർക്ക് കിട്ടുന്ന സംതൃപ്തിയും ആത്മീയാനുഭൂതിയും ചെറുതല്ല. പെട്ടെന്ന് തറാവീഹ് തീർക്കാനുള്ള വ്യഗ്രതയിൽ ഓത്ത് കാര്യമായി ശ്രദ്ധിക്കാത്ത ചില ഇമാമുമാരെയെങ്കിലും കാണാം. തജ്വീദ് പോലും പരിഗണിക്കാതെയുള്ള ഒരു ഓട്ടപ്പാച്ചിൽ. ഖുർആന് പാരായണത്തിന് ഒരു താളവും സംഗീതാത്മകതയുമുണ്ട്. ഖുർആൻ മനോഹരമായി പാരായണം ചെയ്യണമെന്നത് നമ്മോടുള്ള കൽപനയുമാണ്. 'അവധാനതയോടെ ഖുർആനോതുക ' എന്നത് ഖുർആനിൻ്റെ തന്നെ കൽപനയാണ്. 'നിങ്ങൾ മനോഹരമായ ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യുക', 'അങ്ങനെ ചെയ്യാത്തവർ നമ്മിൽ പെട്ടവരല്ല ', 'സ്വര ഭംഗിയോടെ ഖുർആൻ പാരായണം ചെയ്യാൻ അല്ലാഹു നബി(സ്വ)ക്ക് സമ്മതം നൽകിയത് പോലെ മറ്റൊരു വിഷയത്തിലും സമ്മതം നൽകിയിട്ടില്ല' തുടങ്ങി നിരവധി ഹദീസുകൾ ഇവ്വിഷയകമായി നമുക്ക് കാണാൻ കഴിയും. 'ഇത്തരം ഹദീസുകളുടെ ആകെത്തുക മനോഹരമായ ശബ്ദത്തിലാണ് ഖുർആൻ പാരായണം ചെയ്യേണ്ടത് എന്നാണ്. ശബ്ദ ഭംഗി ഇല്ലാത്തവർ അതുണ്ടാക്കാൻ പരമാവധി ശ്രമിക്കണം' എന്ന് ഇബ്നു ഹജർ (റ) വിശദീകരിച്ചിട്ടുണ്ട്. പാരായണ നിയമങ്ങൾ പാലിച്ചാൽ തന്നെ ഖിറാഅത്ത് ഹൃദ്യമായിത്തീരും. പല തരം ചിന്തകളിൽ ചുറ്റിത്തിരിയുന്ന മഅമൂമുകളുടെ മനസ്സുകളെ നിസ്കാരത്തിലേക്ക് പിടിച്ച് കൊണ്ടു വരണമെങ്കിൽ ഇമാമുമാരുടെ ഖിറാഅത്ത് മനോഹരമാവേണ്ടതുണ്ട്. പൊതുവേ, പെട്ടെന്ന് തീർക്കേണ്ട നിസ്കാരമാണ് തറാവീഹ് എന്ന ഒരു പൊതു ധാരണയുണ്ട്. അതിൻ്റെ കൂടെയാണ് കോവിഡ് നിയന്ത്രണങ്ങൾ. തറാവീഹിന് പിന്നെയും വേഗത കൂടും. അതിനിടയിൽ, ഇമാമിൻ്റെ ഖിറാഅത്ത് കൂടി അവതാളമായാലുണ്ടാവുന്ന കല്ലുകടി ചെറുതല്ല. ഖിറാഅത്ത് നന്നാക്കാനുള്ള പരിശീലനം നൽകുന്ന കോഴ്സുകൾ സവിശേഷമായി ഇമാമുമാർക്ക് വേണ്ടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനെക്കുറിച്ച് നമ്മുടെ സംഘടനകൾ ആലോചിക്കണമെന്ന വിനീതമായ അഭിപ്രായം 'ചിന്തനീയം' പങ്ക് വെക്കുകയാണ്. (ഉത്തർ പ്രദേശ് സ്വദേശിയും കിഷൻഗഞ്ചിലെ 'കൊർദോവ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനുമായ ഹാഫിസ് അബ്ദുൽ ഖാദർ ഹുദവിയുടേതാണ് ഇതിൻ്റെ കൂടെയുള്ള വീഡിയോയിലെ മനോഹരമായ ഖിറാഅത്ത്. അല്ലാഹു ബർകത്ത് ചെയ്യട്ടെ - ആമീൻ)
C.T.A.Khader