നിർബന്ധ ദാനമാണ് സകാത്ത്. സ്വദഖ ഐച്ഛിക ദാനവും. രണ്ടായാലും അവ ഉള്ളവൻ്റെ ഔദാര്യമല്ല, ഇല്ലാത്തവൻ്റെ അവകാശമാണ്. സ്വദഖ റബ്ബിൻ്റെ കോപത്തെ തടയും. ദുർമരണത്തിൽ നിന്ന് കാക്കും. സ്വദഖ നൽകുന്നവർക്ക് 10 ഗുണങ്ങൾ ലഭിക്കും. 5 എണ്ണം ഭൗതിക ലോകത്തും 5 എണ്ണം പാരത്രിക ലോകത്തും. 1. ശരീരവും സമ്പത്തും ശുദ്ധമാകും. 2. രോഗങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെടും. 3. പാവപ്പെട്ടവർക്ക് ആശ്വാസവും സമാധാനവും നൽകാനാവും. 4. സമ്പത്തിൽ ബർകത് ലഭിക്കും. 5. 'രിസ്ഖി'ൽ വിശാലതയുണ്ടാകും. 6. മഹ്ശറിലെ അത്യുഷ്ണത്തിൽ തണൽ ലഭിക്കും. 7. ഹിസാബ് ലഘൂകരിക്കപ്പെടും. 8. സിറാഥ് വിട്ടു കടക്കാൻ സഹായിക്കും. 9. മീസാനിൽ കനം കൂടും. 10. സ്വർഗത്തിലെ പദവികൾ വർധിക്കും. പാവപ്പെട്ടവർ വീട്ടുപടിക്കൽ വരുമ്പോൾ വെച്ച് നീട്ടുന്ന പിച്ചക്കാശല്ല സ്വദഖയും സകാത്തുമൊന്നും. കണ്ടറിഞ്ഞ് കൊണ്ട് പോയി കൊടുക്കേണ്ടതാണത്. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുതെന്നാണ് പ്രമാണം. വാങ്ങുന്നവന്, വാങ്ങിയതിൻ്റെ പേരിൽ മാനസിക പ്രയാസങ്ങളുണ്ടാകരുത്. കൊടുത്ത കാര്യം എടുത്ത് പറഞ്ഞ് നടന്നാൽ സ്വദഖ അസാധുവായിപ്പോകും. ''സത്യവിശ്വാസികളേ, അല്ലാഹുവിലും ഖിയാമത്തിലും വിശ്വസിക്കാതെ ലോക മാന്യതക്കായി സ്വധനം വ്യയം ചെയ്തവനെപ്പോലെ, നല്കിയ ദാനം എടുത്തുപറഞ്ഞും അതു സ്വീകരിച്ചവരെ ബുദ്ധിമുട്ടിച്ചും നിങ്ങള്‍ സ്വന്തം ദാനധര്‍മങ്ങള്‍ നിഷ്ഫലമാക്കിക്കളയരുത്. അവന്റെ ഉപമ മിനുത്ത ഒരു പാറക്കല്ലിന്റേതാണ്. അതിന്റെ ഉപരിതലത്തില്‍ മണ്ണുണ്ട്. അങ്ങനെ അതിനു പേമാരി ഏല്ക്കുകയും മണ്ണ് നീക്കി മിനുത്തതാക്കുകയുമുണ്ടായി. പ്രസ്തുതയാളുകള്ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നു യാതൊന്നും അനുഭവിക്കുവാനാകില്ല. സത്യനിഷേധികളെ അല്ലാഹു മാര്‍ഗദര്‍ശനം ചെയ്യുന്നതല്ല. ദൈവ പ്രീതികാംക്ഷിച്ചും മനസ്സ് ദൃഢീകരിച്ചും സ്വന്തം ധനം ചെലവഴിക്കുന്നവരുടെ ഉപമ ഉയര്‍ന്ന സ്ഥലത്തുള്ള ഒരു തോട്ടത്തിന്റേതാണ്; അതിനു കനത്ത മഴ കിട്ടുകയും ഫലങ്ങള്‍ ഇരട്ടിയായി നല്‍കുകയും ചെയ്തു. ഇനി ശക്തിയായ പേമാരി ലഭിച്ചില്ലെങ്കിലും അതിനു ചാറല്മഴയെങ്കിലും ലഭിക്കും. നിങ്ങളുടെ ചെയ്തികളെ അല്ലാഹു നന്നായി കാണുന്നവനാണ്.'' (സൂറ: അൽ ബഖറ) ദാനധർമങ്ങൾക്ക് ഇരട്ടിയിരട്ടി പ്രതിഫലം ലഭിക്കുന്ന ഈ വിശുദ്ധ മാസത്തിൽ നമുക്ക് സ്വദഖകൾ വർധിപ്പിക്കാം. അത് നമ്മുടെ സമ്പത്ത് വർധിപ്പിക്കുകയാണ് ചെയ്യുക, ചുരുക്കുകയല്ല. കോരുന്ന കിണറ്റിലേ ഉറവയുണ്ടാകൂ എന്നോർക്കുക നാം!
C.T.A.Khader