ചിന്തനീയം

11 Jan 2021

ചിലരങ്ങനെയാണ്. നൻമകളേറെ ഉണ്ടെങ്കിലും തിൻമകൾ മാത്രം കാണും. ഗുണങ്ങൾ ഒരുപാടുണ്ടെങ്കിലും ന്യൂനതകൾ കണ്ടെത്താനായി ഗവേഷണം നടത്തും. ദോഷൈകദൃക്കുകൾ എന്ന് പറയാം. ഏഷണി കൂട്ടിയും അപരനെ ദൂഷണം പറഞ്ഞും തീരുന്ന ജീവിതങ്ങൾ. ഇവരെന്തെങ്കിലും ചെയ്യുന്നത് നാളെ ( റബ്ബിൻ്റെ കോടതിയിൽ ) ബാക്കിയാവാനല്ല. ഭൗതിക ജീവിതത്തിലെ സുഖങ്ങളും പേരും പെരുമയും മാത്രമാണ് ലക്ഷ്യം. ഇവർ സമൂഹത്തിനായി ഒന്നും ചെയ്യില്ല. ചെയ്യുന്നവരെ ചെയ്യാനൊട്ട് അനുവദിക്കുകയുമില്ല. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല! ചെയ്യുന്നത് തെറ്റാണെന്നറിയാം. പക്ഷേ, സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഈ തെറ്റ് ചെയ്ത് കൊണ്ടേ ഇരിക്കും. അറിവും വിവരവുമുള്ളവർ തിരുത്തിക്കൊടുത്താൽ, തിരുത്തുന്നവർക്കെതിരെ വാളെടുക്കും. സമൂഹമധ്യത്തിലും സാമൂഹിക മാധ്യമങ്ങളിലും അവരെ ആക്ഷേപിക്കും. അറിവ് തന്നവരെപ്പോലും പരിഹസിക്കും. അതിലൊട്ട് മടിയോ മന: പ്രയാസമോ തോന്നില്ല. ഇവർ തന്നെ വലിയവർ. പിന്നെങ്ങനെ വലിയവരെ തിരിച്ചറിയാനും വില വെക്കാനും കഴിയും? ഇന്ന് കൂടെയുള്ളവരും കൂടെക്കൂടിയവരും ആരും കൂട്ടിനില്ലാത്ത, ഒറ്റക്കുള്ള ഒരു യാത്രയുണ്ടെന്നത് അവർ മറക്കും. ആ യാത്രയിൽ ഓട്ടക്കയ്യുമായി പോകാൻ വിധിക്കപ്പെട്ടവർ എത്ര ഹതഭാഗ്യർ.....! അല്ലാഹു കാക്കട്ടെ - ആമീൻ. ''താന്‍ സമ്പന്നനും സന്താനങ്ങളുള്ളവനും ആയി എന്നതിനാല്‍ ധാരാളമായി ശപഥം ചെയ്യുന്നവനും ഹീനനും അധിക്ഷേപകനും ഏഷണിക്കാരനും നന്മ മുടക്കുന്നവനും അതിക്രമിയും കുറ്റവാളിയും പുറമെ ജാരസന്തതിയുമായ ഒരാളെയും താങ്കളനുസരിക്കരുത്.'' (വിശുദ്ധ ഖുർആൻ)

C.T.A.Khader