ചിന്തനീയം

10 Jan 2021

'ഫിത്ന (കുഴപ്പം) ഉറങ്ങിക്കിടക്കുകയാണ്. അതിനെ ഉണർത്തുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു ' നബി(സ്വ) ഈ അധ്യാപനം നല്ലൊരു സാമൂഹിക മന: ശാസ്ത്ര പാഠമാണ്. സമൂഹത്തിൽ പല പ്രശ്നങ്ങളും കുഴപ്പങ്ങളും ഉണ്ടാകും. കുഴപ്പങ്ങൾ ആളിക്കത്തിക്കാനല്ല, അണക്കാനാണ് ബുദ്ധിയും വിവേകവും സാമൂഹിക പ്രതിബദ്ധതയുമുള്ള ആളുകൾ ശ്രമിക്കേണ്ടത്. കുഴപ്പം സൃഷ്ടിക്കാൻ എളുപ്പമാണ്. ഇബ്ലീസ് തേൻ തൊട്ട് വെച്ച കഥ കേട്ടിട്ടില്ലേ? ഒരു നാട് മുഴുവൻ കത്തിക്കാൻ, ഒരൽപം തേൻ തൊട്ട് ചുവരിൽ തേക്കേണ്ട അധ്വാനമേ ഇബ്ലീസിനുണ്ടായുള്ളൂ. അങ്ങനെ തേൻ തൊട്ട് തേച്ച് തമ്മിലടിപ്പിച്ച് മാറി നിന്ന് ചിരിക്കുന്ന 'ഇബ്ലീസുമാരെ' തിരിച്ചറിയാൻ കഴിയണം. മുട്ടനാടിനെയും കുട്ടനാടിനെയും തമ്മിലടിപ്പിച്ച് ചോര നുണയാൻ കാത്തിരുന്ന പഴങ്കഥയിലെ ചെന്നായയുടെ അവതാരങ്ങൾ നമുക്കിടയിലും ഉണ്ടാവും പല രൂപങ്ങളിലും ഭാവഹാവകളിലുമായി.... ചിലരുടെ അസ്ഥാനത്തുള്ള ഒരു വാക്ക്, ഒരു പ്രസ്ഥാവന മതി ഇല്ലാത്ത കുഴപ്പങ്ങൾ ഉണ്ടാക്കാൻ. തമ്മിലടിപ്പിക്കാൻ എളുപ്പമാണ്. തമ്മിലടുപ്പിക്കാനാണ് പ്രയാസം. 'വെട്ടിമുറിക്കുന്ന കത്രികയല്ല എനിക്കാവശ്യം, കൂട്ടിച്ചേർക്കുന്ന സൂചിയും നൂലുമാണെന്ന്' ബാബാ ഫരീദ് ഗഞ്ച്ശകർ (റ). വിവാദങ്ങളിലും പ്രശ്നങ്ങളിലും അഭിരമിക്കാനാണ് പലർക്കും താൽപര്യം. വിവാദങ്ങൾ തിന്ന് വിവാദങ്ങളിൽ ഉറങ്ങി വിവാദങ്ങളിൽ തന്നെ ഉണർന്ന് ജീവിക്കുന്നവർ. പ്രശ്നങ്ങളില്ലെങ്കിൽ ശ്വാസം മുട്ടുന്നവർ. ക്രിയാത്മകമായി എന്തെങ്കിലും ചിന്തിക്കാനോ നിർമാണാത്മകമായി എന്തെങ്കിലും ചെയ്യാനോ അവരുണ്ടാവില്ല. ഇത്തരം സമീപനം സമൂഹ പുരോഗതിയെ പിന്നോട്ടടിപ്പിക്കാനേ സഹായിക്കൂ. 'ഫിത്ന കൊലപാതകത്തേക്കാൾ മഹാപാതകമെന്ന് ' ഖുർആൻ.

C.T.A.Khader