ചിന്തനീയം

08 Jan 2021

നമ്മുടെ കാലത്ത് ജീവിച്ച് മരിച്ച് പോയ ഒരാളാണെങ്കിലും ഞാനെൻ്റെ ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ. പക്ഷേ, എൻ്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച റോൾ മോഡൽ എന്ന് പറയാവുന്ന മനുഷ്യൻ. അതാണ് എന്നെ സംബന്ധിച്ച് ഡോ.യു.ബാപ്പുട്ടി ഹാജി (ന. മ ) ഇന്ന് വിശ്വത്തോളം വളർന്ന ദാറുൽ ഹുദായെന്ന മഹാ പ്രസ്ഥാനത്തിൻ്റെ സ്ഥാപകനാണ്, ഹുദവികളുടെ ആത്മപിതാവാണ് അദ്ദേഹം. സാമ്പ്രദായിക രീതിയിലുള്ള ഒരു പണ്ഡിതനായിരുന്നില്ല അദ്ദേഹം. ചെമ്മാട്ടെ, കുറി തെറ്റാത്ത ഒരു ആര്യ വൈദ്യൻ. ഒരു ഹാജിയാർ. അദ്ദേഹമാണ് നിശ്ശൂന്യതയിൽ നിന്ന് ദാറുൽ ഹുദായെന്ന വിസ്മയം സൃഷ്ടിച്ചത്. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം, അചഞ്ചലമായ ഹിമ്മത് (മനോദാർഢ്യം ), ദീനിനോടും സമുദായത്തിനോടുമുള്ള നസ്വീഹത്ത് (ഗുണകാംക്ഷ).... ഇതെല്ലാമായിരുന്നു ഹാജിയാരുടെ പ്ലസ് പോയൻ്റുകൾ. 'വദൂദായ അല്ലാഹു' എന്നായിരുന്നുവെത്രേ അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നത്. നമ്മൾ സ്വപ്നം കാണുക, നമ്മൾ പ്രവർത്തിക്കുക. ബാക്കിയെല്ലാം 'വദൂദായ അല്ലാഹു' നോക്കിക്കോളും എന്ന് അദ്ദേഹം ഓർമിപ്പിക്കാറുണ്ടായിരുന്നുവെത്രേ. 'വദൂദ്' എന്ന നാമം അല്ലാഹുവിൻ്റെ സ്നേഹത്തെ സൂചിപ്പിക്കുന്ന നാമമാണ്. അല്ലാഹുവിനെ ഭയപ്പെടുകയല്ല, സ്നേഹിക്കുകയാണ് വേണ്ടത് എന്നത് ആത്മജ്ഞാനത്തിൻ്റെ ഉന്നത തലമാണല്ലോ? സ്നേഹനിധിയായ അല്ലാഹുവിൽ എല്ലാം അർപ്പിച്ച്, പർവതങ്ങളെപ്പോലും ധൂളികളാക്കാൻ കരുത്തുള്ള ഹിമ്മതിൻ്റെ പിൻബലത്തിൽ അൽഭുതം സൃഷ്ടിച്ചു ഡോ.യു.ബാപ്പുട്ടി ഹാജി. 25 വർഷങ്ങൾക്ക് മുമ്പ്, ലോകം ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്ത കാലത്ത്, ദാറുൽ ഹുദായുടെ ഒന്നാം സനദ്ദാന, പന്ത്രണ്ടാം വാർഷിക സമ്മേളനത്തിൽ ബാപ്പുട്ടി ഹാജി നടത്തിയ പ്രസംഗത്തിൻ്റെ ഒരു ഭാഗമാണ് ഇതിനോടൊപ്പമുള്ളത്. ആ വാക്കുകൾ ഒന്ന് കേട്ടു നോക്കൂ........... എത്ര വലിയ ആത്മവിശ്വാസമാണ് ആ വാക്കുകളിൽ സ്ഫുരിക്കുന്നത്! എന്തൊരു മനോദാർഢ്യമാണ് ആ വാക്കുകൾ നിറഞ്ഞ് നിൽക്കുന്നത്! ദാറുൽ ഹുദാ തന്നെ പുതിയ ഒരു പരീക്ഷണമായിരുന്നു. അത് വിജയിക്കുമോ പരാജയപ്പെടുമോ എന്നറിയാത്ത കാലത്ത്, ഒരു ബാച്ച് പോലും പുറത്തിറങ്ങിയിട്ടില്ലാത്ത കാലത്ത്, സ്ഥാപനം ഇന്നത്തെപ്പോലെ വളർന്ന് പടർന്ന് പന്തലിച്ചിട്ടില്ലാത്ത കാലത്താണ് ആ മനുഷ്യൻ ദാറുൽ ഹുദാ കേരളത്തിന് പുറത്തേക്ക്, ഇന്ത്യക്ക് പുറത്തേക്ക്, ചക്രവാള സീമകളിലേക്ക് വളരുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നത്. ആഗ്രഹിക്കാനുള്ള അവകാശം നമ്മുടേതാണ്, നമുക്കെന്താ സ്വപ്നം കണ്ടു കൂടേ, അതിമോഹമാണെന്ന് നിങ്ങൾ വിചാരിക്കുമോ, നമുക്ക് അതിമോഹമില്ല, അല്ലാഹുവിൻ്റെ ദീൻ അതാണ് നമ്മുടെ ലക്ഷ്യം...... എത്ര ഉജ്വലമായ വാക്കുകൾ ?!! 'ഉറക്കത്തിൽ നാം കാണുന്നതല്ല സ്വപ്നം. നമ്മെ കിടന്ന് ഉറങ്ങാൻ സമ്മതിക്കാത്തതാണ് സ്വപ്നം' എന്ന എ.പി.ജെ.അബ്ദുൽ കലാമിൻ്റെ വാക്കുകൾ സ്മരണീയമാണ്. ഇസ്ലാം ഒന്നുമല്ലാതിരുന്ന കാലത്ത്, ശത്രുക്കളെ ഭയന്ന്, ജീവൻ ഭയന്ന് ഓടുമ്പോഴും 'സുറാഖാ, കിസ്റയുടെ വളകളും കിരീടങ്ങളും നിനക്ക് അണിയിക്കപ്പെടുന്ന കാലം വരുമെന്ന്' ദീർഘദർശനം ചെയ്ത ഹബീബ് (സ്വ)യുടെ ഇച്ഛാശക്തി ചരിത്രത്തിലുണ്ട്. കേവലം വർഷങ്ങൾക്കുള്ളിൽ അത് യാഥാർത്ഥ്യമായി. ദാറുൽ ഹുദാ ഇന്ന് കേരളത്തിൻ്റെയും ഇന്ത്യയുടെയും സീമകൾക്കപ്പുറത്തേക്ക് വളർന്നിരിക്കുന്നു. കേരളേതര സംസ്ഥാനങ്ങളിലെ മുസ്ലിംകൾക്ക് അറിവിൻ്റെ വെളിച്ചം പകരുന്നത്, അവരെ തൊട്ടുണർത്തുന്നത് ദാറുൽ ഹുദയും ഹുദവികളുമാണ്. 'കേരള മുസ്ലിംകൾക്ക് സമസ്തയുണ്ട്, പാണക്കാട് കുടുംബത്തിൻ്റെ നേതൃത്വമുണ്ട്. കേരളേതര മുസ്ലിംകൾക്ക് ആരാണുള്ളത്?' എന്ന് പലപ്പോഴും ചോദിച്ചിരുന്നു ഹാജിയാർ. ഇന്ന്, കേരളേതര മുസ്ലിംകൾക്ക് ദാറുൽ ഹുദയും ഹുദവികളും തണലൊരുക്കുന്നു. ആ മുന്നേറ്റത്തിൽ, വിനീതമായ ഒരു ഭാഗധേയത്വം നിർവഹിക്കാനായതിൽ ഹാജിയാരെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളെന്ന നിലയിൽ ഈയുള്ളവൻ അല്ലാഹുവിനെ സ്തുതിക്കുന്നു. ബാപ്പുട്ടി ഹാജിമാരെയാണ് ഇന്നും നമുക്കാവശ്യം. അവരുടെ കൂടെ നിൽക്കുന്ന സി.എച്ച്.ഉസ്താദുമാരും ബശീർ ഉസ്താദുമാരും ചെറുശ്ശേരി ഉസ്താദുമാരുമാണ് ഉമ്മത്തിനാവശ്യം. ഇന്നലെ ഹാജിയാരുടെ ആണ്ടു ദിനമായിരുന്നു. മിനിഞ്ഞാന്ന് ദാറുൽ ഹുദയുടെ മറ്റൊരു സ്ഥാപകനായിരുന്ന എം.എം.ബശീർ മുസ്ലിയാരുടെ ആണ്ടും. മഹാനായ ചെറുശ്ശേരി ഉസ്താദ് വിട പറഞ്ഞതും ഈ മാസത്തിൽ തന്നെ. അവരെയൊക്കെ നമുക്കോർക്കാം. അവർക്കായി പ്രാർത്ഥിക്കാം.

C.T.A.Khader