ചിന്തനീയം

07 Jan 2021

മഹത്തായ പാരമ്പര്യവും പൈതൃകവുമുള്ള രാജ്യമാണ് നമ്മുടേത്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നാം ലോകത്തിന് മുന്നിൽ തലയുയർത്തി തന്നെ നിന്നിരുന്നു. ഇന്ത്യയുടെ നിലപാടറിയാൻ ലോകം ആകാംക്ഷയോടെ കാത്തിരുന്നു. പക്ഷേ, ഇന്നോ, സർവ മേഖലകളിലും നമ്മുടെ രാജ്യം മുടിഞ്ഞ് കുത്തുപാളയെടുക്കുകയാണ്. നാടിൻ്റെ അന്നദാതാക്കളായ കർഷകർ ഇപ്പോഴും തെരുവിലാണ്. സമരത്തിലാണ്. കോർപറേറ്റുകളും കള്ളപ്പണക്കാരും സുഖവാസത്തിലും. കർഷകരും പാവപ്പെട്ടവരും പട്ടിണിയും ദാരിദ്ര്യവും കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്ന രാജ്യത്ത് തന്നെയാണ് അതി സമ്പന്നർ പതിനായിരക്കണക്കിന് കോടികളുമായി 'മുങ്ങുന്നത്', കോർപറേറ്റ് കമ്പനികളുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളുന്നത്, ശത കോടികൾ ഉപയോഗിച്ച് പ്രതിമകളുണ്ടാക്കുന്നത്, സർക്കാറിൻ്റെ പരസ്യം ചെയ്യുന്നത്........ കോർപറേറ്റ് ഭീമൻമാർക്ക് വേണ്ടി ഓവർ ടൈം പണിയെടുക്കുന്ന സർക്കാറാണ് രാജ്യം ഭരിക്കുന്നത്. അംബാനിയും അദാനിയുമൊക്കെയാണ് ഭരിക്കുന്നവർക്ക് പ്രിയപ്പെട്ടവർ. പെട്രോളിൻ്റെയും ഡീസലിൻ്റെയും പാചകവാതകത്തിൻ്റെയുമൊക്കെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. സാധാരണക്കാരൻ്റെ ജീവിതം ദുസ്സഹമാകുന്നു. ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിക്കുന്ന, ആധാറില്ലാത്തതിൻ്റെ പേരിൽ, റേഷൻ കാർഡ് കിട്ടാത്തതിൻ്റെ പേരിൽ പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന, സ്വന്തം മക്കളുടെ മൃതശരീരം ചുമന്ന് അച്ഛനമ്മമാർ കിലോ മീറ്ററുകളോളം നടക്കേണ്ടി വരുന്ന, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിൻ്റെ പേരിൽ, വിശ്വാസത്തിൻ്റെയും മതത്തിൻ്റെയും പേരിൽ പച്ച മനുഷ്യരെ ലിഞ്ച് ചെയ്ത് കൊല്ലുന്ന നാടായി നമ്മുടെ രാജ്യം മാറി. ഇന്ത്യയുടെ ദയനീയ മുഖം കൃത്യമായും ലളിതമായും വരച്ച് കാണിക്കുന്നുണ്ട് ഈ വീഡിയോ. ഇത് തിരിച്ചറിയാനായില്ലെങ്കിൽ, ഇനിയും ഉണർന്നില്ലെങ്കിൽ, ഇനിയും എഴുന്നേറ്റ് നിൽക്കാനാവുന്നില്ലെങ്കിൽ, രാജ്യത്തിൻ്റെ സർവനാശമായിരിക്കും ഫലം.

C.T.A.Khader