ചിന്തനീയം

04 Jan 2021

വിവാഹം കുട്ടിക്കളിയല്ല. ഒരു അന്യപുരുഷനും മറ്റൊരു അന്യസ്ത്രീയും നികാഹെന്ന ഉടമ്പടിയിലൂടെ ഒന്നാവുകയാണ്. 'സുദൃഢമായ കരാർ ' എന്നാണ് ഖുർആൻ നികാഹിനെ വിശേഷിപ്പിക്കുന്നത്. ലളിതമെങ്കിലും ഗൗരവതരമായ ഈ കർമത്തിലൂടെ സ്ത്രീയും പുരുഷനും ഒന്നാവുകയാണ്. ഭർത്താവ് ഭരിക്കുന്നവനും ഭാര്യ ഭരിക്കപ്പെടേണ്ടവളും എന്ന കാഴ്ചപ്പാട് ഇസ്ലാമികമല്ല. 'സൗജ്/ സൗജത് ' എന്നാണ് ഭാര്യ - ഭർത്താക്കൻമാർക്ക് അറബിയിൽ പറയുക. ഇണ അല്ലെങ്കിൽ തുണ എന്നർത്ഥം. പരസ്പരം ഇണ - തുണകളാകേണ്ടവരാണ്, നല്ല പാതികളാകേണ്ടവരാണ് ഭാര്യ - ഭർത്താക്കൻമാർ. സുഖ- ദുഖങ്ങളും സന്തോഷ - സന്താപങ്ങളും പങ്ക് വെക്കേണ്ടവർ. ശരീരത്തോട് ഒട്ടി നിൽക്കുന്ന വസ്ത്രം പോലെ ചേർന്നു നിൽക്കേണ്ടവർ. ജീവിതകാലം മുഴുവൻ ഒന്നിച്ച് നിൽക്കേണ്ടവർ.... വ്യത്യസ്ത കുടുംബങ്ങളിൽ നിന്ന്, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന രണ്ടു പേർ ഒന്നാകുമ്പോൾ സ്വാഭാവികമായ സൗന്ദര്യപ്പിണക്കങ്ങളും സ്വരച്ചേർച്ചയില്ലായ്മകളും ഉണ്ടാവാം. അവ 'തഞ്ചത്തിൽ ' കൈകാര്യം ചെയ്യണം. ' ഭർത്താവ് ഭാര്യയോട് ദേഷ്യപ്പെടരുത്. അവളുടെ ഒരു സ്വഭാവം നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരു സ്വഭാവം നിങ്ങളെ തൃപ്തിപ്പെടുത്താതിരിക്കില്ലെന്ന പ്രവാചകാധ്യാപനം എത്ര മന:ശാസ്ത്രപരമാണ്? എത്ര മനോഹരമാണ്?! ദൗർഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ ഇടയിൽ വിവാഹ മോചനങ്ങളും ബന്ധ വിച്ഛേദനങ്ങളും വർധിക്കുകയാണ്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ- യുവാക്കൾക്ക് വിവാഹത്തെക്കുറിച്ചും വിവാഹാനന്തര ജീവിതത്തെക്കുറിച്ചും കൃത്യമായ അവബോധം ഉണ്ടാകുന്നില്ലെന്നതാണ് ഇത്തരം കേസുകളിലധികവും വില്ലൻ. ഇവിടെയാണ് എസ്.എം.എഫിൻ്റെ പ്രീ മാരിറ്റൽ കോഴ്സ് പ്രസക്തമാകുന്നത്. വിവാഹപ്രായമെത്തിയ / കല്യാണം കഴിക്കാനാഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് വിവാഹത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് നൽകുന്ന മന:ശാസ്ത്രപരവും മതപരവുമായ മൊഡ്യൂളുകൾ അടങ്ങിയ ഹൃസ്വകാല കോഴ്സാണിത്. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്തും, ആർക്കും ലോകത്തിൻ്റെ ഏത് കോണിൽ നിന്നും പങ്കെടുക്കാനുള്ള സൗകര്യാർത്ഥവും പ്രീ മാരിറ്റൽ കോഴ്സ് ഓൺ ലൈനാവുകയാണ്. സൂം മീറ്റ് വഴി നൽകുന്ന കോഴ്സിൻ്റെ ആദ്യ ബാച്ച് ഈ മാസം പത്താം തിയ്യതി ആരംഭിക്കുകയാണ്. മക്കളുടെ ശോഭനമായ ഭാവിയും സന്തോഷകരമായ കുടുംബ ജീവിതവും ആഗ്രഹിക്കുന്ന എല്ലാ രക്ഷിതാക്കളും വിവാഹപ്രായമായി നിൽക്കുന്ന മക്കളെ ഈ കോഴ്സിൻ്റെ ഭാഗമാക്കണം. ഈ കോഴ്സ് പൂർത്തിയാവാതെ മക്കളെ കല്യാണം കഴിപ്പിക്കില്ലെന്ന് നാം തീരുമാനമെടുക്കണം. കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയവരുടെ വൈവാഹിക ജീവിതത്തിൽ അതിൻ്റെ ഫലവും സംതൃപ്തിയും അനുഭവവേദ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇതിനോടൊപ്പമുള്ള പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

C.T.A.Khader