ചിന്തനീയം

03 Jan 2021

ആദരണീയരായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ ഒരു മുന്നേറ്റ യാത്ര തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് പ്രയാണം തുടരുകയാണ്. യാത്രയുടെ പ്രമേയമാണ് ഈയുള്ളവനെ ആകർഷിച്ചത്. സംഘടനാപരമായ കാര്യങ്ങൾ പറയാനോ സമ്മേളന വിളംബരം നടത്താനോ സാമ്പത്തിക സമാഹരണത്തിനോ വേണ്ടിയുള്ള യാത്രയല്ല. ബഹളമയമായി കടന്ന് പോകുന്ന ഒരു യാത്രയുമല്ല. രാജ്യവും സമൂഹവും സമുദായവും നേരിടുന്ന വർത്തമാന കാല പ്രതിസന്ധികളെ കൃത്യമായി അഡ്രസ് ചെയ്തും ക്രിയാത്മകമായ പരിഹാരങ്ങൾ നിർദ്ദേശിച്ചുമാണ് യാത്ര പ്രയാണം തുടരുന്നത് എന്നത് സന്തോഷകരമാണ്. 'അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്നതാണ് യാത്രയുടെ പ്രമേയം. നമ്മുടെ രാജ്യത്തിന് അതിൻ്റെ അസ്തിത്വവും പാരമ്പര്യവും നഷ്ടപ്പെടുന്നു. സമുദായവും വലിയ അസ്തിത്വ പ്രതിസന്ധി ( Identity Crisis)യിലാണ്. നമുക്ക് ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു. സംവരണം പോലെയുള്ള ഭരണഘടനാദത്തമായ അവകാശങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. സംവരണ അട്ടിമറിയെക്കുറിച്ച് ഈ പംക്തിയിൽ മുമ്പ് തുടർച്ചയായി എഴുതിയത് മാന്യ വായനക്കാർ ഓർക്കുന്നുണ്ടാകുമല്ലോ? മുന്നാക്ക സംവരണത്തിലെ ചതിക്കുഴികളെക്കുറിച്ചാണ് ഇതിനോടൊപ്പമുള്ള വീഡിയോയിൽ പിന്നാക്ക വിഭാഗം കോർപ്പറേഷൻ മുൻ ഡയറക്ടർ വി.ആർ.ജോഷി സൂചിപ്പിക്കുന്നത്. സമുദായത്തിൻ്റെ പിന്നാക്കാവസ്ഥയിൽ മനം നൊന്ത്, പരിഹാരത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ഉൽക്കടമായ ആഗ്രഹവുമായി സാമൂഹ്യ സേവനത്തിനിറങ്ങിയ ഒരു എളിയവൻ എന്ന നിലയിൽ ഈ പ്രമേയത്തെ അഭിവാദ്യം ചെയ്യാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ആഗ്രഹിക്കുകയാണ്. പിന്നാക്കാവസ്ഥയെക്കുറിച്ച് പതം പറഞ്ഞ്, പരിതപിച്ച് ഇരിക്കുകയല്ല വേണ്ടത്. പരിഹാരമാർഗങ്ങൾ അന്വേഷിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ പുരോഗതി നാം നേടണം. ഉദ്യോഗ തലത്തിൽ പ്രാതിനിധ്യവും സ്ഥായിയായ അധികാര പങ്കാളിത്തവും നേടണം. അവകാശ നിഷേധത്തിനും ധ്വംസനത്തിനുമെതിരെ ജനാധിപത്യപരമായ പ്രതിരോധം തീർക്കണം. രാജ്യത്തിൻ്റെ മുഖ്യധാരയോട് ചേർന്ന് നിൽക്കണം. മത വിശ്വാസം അടിയറ വെക്കാതെ തന്നെ, ഇതര മത വിശ്വാസികളുമായി മൈത്രി സ്ഥാപിക്കാനാകണം. നാം നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പഠിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യണം. രാജ്യത്ത് സാംസ്കാരികാധിനിവേശവും രാഷ്ട്രീയാധികാരവും ഉറപ്പിക്കാൻ ശ്രമിക്കുന്ന സംഘ് പരിവാർ ഫാസിസത്തിനെതിരെ ജനാധിപത്യപരമായി സമരം ചെയ്യണം...... തുടങ്ങിയ നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന ഈ യാത്രയ്ക്ക്, സമാനമായി ചിന്തിക്കുന്ന ഒരാൾ എന്ന നിലയിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.

C.T.A.Khader