പുതിയ വർഷം, ചിന്തിക്കുന്നവർക്ക് ആഘോഷവേളയല്ല. ആലോചനയുടെ വേളയാണ്. കാരണം, ജീവിത വൃക്ഷത്തിൽ നിന്ന് ഒരില കൂടി കൊഴിയുകയാണ്. മരണത്തിലേക്ക് ഒരു വർഷം കൂടി അടുക്കുകയാണ്. ഈ യാഥാർത്ഥ്യം ഓർത്താൽ എങ്ങനെയാണ് മതിമറന്ന് ആഘോഷിക്കാനാവുക? കഴിഞ്ഞ വർഷം എങ്ങനെയാണ് ചെലവഴിച്ചതെന്ന് ആലോചിക്കേണ്ട വേളയാണിത്. പുതിയ വർഷം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ട സന്ദർഭമാണിത്. സമയം അമൂല്യവും അനർഘവും അനാദൃശവുമായ അനുഗ്രഹമാണ്. നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ച് കിട്ടില്ല. ഓരോ സെക്കൻറും വളരെ പ്രധാനമാണ്. ഇത്രയും കാലം നമുക്ക് ലഭിച്ച സമയം അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അത് എങ്ങനെ വിനിയോഗിച്ചു എന്ന് ചിന്തിക്കേണ്ട സമയമാണിത്. ഖുർആൻ കാലത്തെക്കൊണ്ട് സത്യം ചെയ്യുന്നുണ്ട്. പകലിനെയും രാത്രിയേയും പ്രഭാതത്തേയും കൊണ്ട് സത്യം ചെയ്യുന്നുണ്ട്. സമയത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് അല്ലാഹു ഈ ശൈലി സ്വീകരിച്ചത്. അധിക പേരും വഞ്ചിതരാവുന്ന രണ്ട് അനു ഗ്രഹങ്ങൾ ആരോഗ്യവും ഒഴിവു സമയവുമാണെന്ന് ഹദീസ്. ആയുസ് എന്തിന് ചെലവഴിച്ചുവെന്ന് എണ്ണിയെണ്ണിപ്പറയാതെ ഖിയായമത് നാളിൽ മനുഷ്യന് അവൻ്റെ കാലുകളനക്കാനാവില്ലെന്ന താക്കീതും ഹദീസുകളിലുണ്ട്. പുതിയ പ്രതിജ്ഞകളോടെ, പുതു ജീവിതം കെട്ടിപ്പടുക്കാൻ, പുതിയ വർഷത്തിലേക്ക് നമുക്ക് പ്രവേശിക്കാം.
C.T.A.Khader