ചിന്തനീയം

31 Dec 2020

അലക്സാണ്ടർ ഗ്രഹാംബെൽ, ആൽബർട്ട് ഐൻസ്റ്റൈൻ, തോമസ് ആൽവാ എഡിസൺ, ലൂയി പാസ്ചർ, ബർണാഡ് ഷാ, ബിൽ ഗേറ്റ്സ് - ഈ പേരുകൾ കേൾക്കാത്തവരുണ്ടാവില്ല. അവരവരുടെ മേഖലകളിൽ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച്, ചരിത്രത്തിലിടം നേടിയ പ്രമുഖർ. പക്ഷേ, ഇവരെയൊക്കെ ഒന്നിപ്പിക്കുന്ന ഒരു ഘടകം കൂടിയുണ്ട്: ഇവരെല്ലാം വിവിധ തരത്തിലുള്ള പഠന വൈകല്യങ്ങൾ (Learning Disability) ചെറുപ്പത്തിൽ അനുഭവിച്ചവരായിരുന്നു! അലക്സാണ്ടർ ഗ്രഹാംബെൽ Dyslexia ( വായനയിലുള്ള വൈകല്യം) അനുഭവിച്ചിരുന്നയാളായിരുന്നു. അദ്ദേഹമാണ് പിന്നീട് ടെലഫോൺ കണ്ടുപിടിച്ചത്. ഇലക്ട്രിക്കൽ ബൾബ്, മോഷൻ പിക്ചർ ക്യാമറ തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയ, രണ്ടായിരത്തോളം പേറ്റൻ്റുകൾ കരസ്ഥമാക്കിയ തോമസ് ആൽവാ എഡിസൺ, ചെറുപ്രായത്തിൽ, വായനാ വൈകല്യവും ADHD യും അനുഭവിച്ചിരുന്നുവെന്ന് എത്ര പേർക്കറിയാം? കുട്ടികളിലുള്ള പഠന വൈകല്യം വലിയൊരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ് ഇന്ന്. ഇത്തരം പ്രശ്നങ്ങളനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ആവശ്യമായ ട്രെയിനിങ് നൽകിയില്ലെങ്കിൽ, അവരുടെ പഠനം മാത്രമല്ല, ഭാവിയിൽ വ്യക്തി ജീവിതവും കുടുംബ ജീവിതവുമെല്ലാം അവതാളത്തിലാവാൻ അത് കാരണമാവും. പഠന വൈകല്യം പ്രധാനമായും മൂന്ന് വിധമാണ്: വായനയിലുള്ള വൈകല്യം (Dyslexia) എഴുത്തിലുള്ള വൈകല്യം (Dysgraphia) കണക്കിലുള്ള വൈകല്യം (Dyscalculia) എഴുതാൻ കഴിയും, വായിക്കാൻ കഴിയുന്നില്ല, വായിക്കാൻ കഴിയും, പക്ഷേ, എഴുതാൻ ബുദ്ധിമുട്ട്, ചില അക്ഷരങ്ങൾ തിരിഞ്ഞ് പോവുക, മറന്ന് പോവുക, വിട്ട് പോവുക, മോശം കയ്യക്ഷരം, കണക്കിൽ മാത്രം ബുദ്ധിമുട്ട് തുടങ്ങിയവ പഠന വൈകല്യത്തിൻ്റെ ലക്ഷണമാണ്. പഠന വൈകല്യവും ബുദ്ധി മാന്ദ്യവും ഒന്നല്ല. ശരാശരി ബുദ്ധിയുള്ള കുട്ടികളിൽ പഠിക്കാനുള്ള കഴിവിൽ കണ്ട് വരുന്ന പ്രശ്നങ്ങളാണ് പഠന വൈകല്യം. കൃത്യമായ ട്രെയിനിങ്ങിലൂടെ പരിഹരിക്കാനും വലിയ ഒരളവോളം മാറ്റിയെടുക്കാനും കഴിയുന്ന പ്രശ്നമാണ് പഠന വൈകല്യം. ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളെ രക്ഷിതാക്കളും അധ്യാപകൻമാരും തല്ലി ശരിയാക്കാനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. എന്നാലത് കൂടുതൽ അപകടത്തിലേക്കാണ് കാര്യങ്ങളെത്തിക്കുക. ഈ മേഖലയിൽ സമൂഹത്തിനുള്ള അവബോധത്തിൻ്റെ അഭാവം പരിഹരിക്കാനും കൃത്യമായ ട്രെയിനിങ് നൽകാനുമുള്ള ഹ്യൂമൻ റിസോഴ്സ്(HR )സിനെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2015ൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടുകൂടി ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിങ് ഡിസബിലിറ്റി (PGDLD) എന്ന കോഴ്സിന് തുടക്കം കുറിച്ചു ഇതിന്റെ ഭാഗമായി ബ്രഹത്തായ ഒരു സംവിധാനം കൂടി പുതുവർഷ സമ്മാനമായി ഫാപ്പിൻസ് സമൂഹത്തിന് സമർപ്പിക്കുകയാണ്. സമൂഹത്തിൻ്റെ മാനസികാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നിരവധി ചുവട് വെപ്പുകൾ നടത്തിയ ഫാപ്പിൻസിൻ്റെ ഏറ്റവും പുതിയ സംരംഭമായ ഫാപ്പിൻസ് - കൊക്കൂൺ ലേണിങ് ക്ലിനിക്ക് 2021 ജനുവരി 1 ന് വൈകിട്ട് നാടിന് സമർപ്പിക്കുകയാണ്. ഫാപ്പിൻസിലെ വിദ്യാർത്ഥിനി കൂടിയായ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ബേബി ബാലകൃഷ്ണനാണ് പുതിയ സംരംഭം ഉൽഘാടനം ചെയ്യുന്നത് എന്നത് ഇരട്ടി മധുരമാവുന്നു.

C.T.A.Khader