സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമാണിത്. രസകരമായ ഒരു തലക്കെട്ടും ഉണ്ട്: KSRTC യുടെ, കോടികൾ വിലമതിക്കുന്ന ഇലക്ട്രിക്ക് ബസുകൾ, 'ഇല'ക്ട്രിക് ബസുകളായി 'ഒരുവിധം പച്ച പിടിച്ചു വരുന്ന' ദൃശ്യം. ഇവിടെ കാട് കയറിയും പൊടി പിടിച്ചും നശിക്കുന്നത് പൊതു മുതലാണ്. KSRTC കേരള സർക്കാറിൻ്റെ സ്ഥാപനമാണ്. അതിൻ്റെ വസ്തുവകകൾ കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചും കേരളീയരുടെ പേരിൽ കടമെടുത്ത് കൂട്ടിയ പണം ഉപയോഗിച്ചുമൊക്കെ വാങ്ങിയതാണ്. പൊതു മുതൽ നശിപ്പിക്കൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തന്നെ കുറ്റകൃത്യമാണ്. അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം നശിക്കുന്നതിന് പുറമേ, രാഷട്രീയ പാർട്ടികൾ ഹർത്താലിൻ്റെയും സമരങ്ങളുടെയും പേര് പറഞ്ഞ് അടിച്ചും ഇടിച്ചും എറിഞ്ഞും തകർക്കുന്നതും പൊതു മുതൽ തന്നെ! നമ്മളും പലവിധ പൊതു മുതലുകൾ കൈകാര്യം ചെയ്യുന്നവരാണ്. മഹല്ലിൻ്റെ, മദ്രസയുടെ, പളളിയുടെ, സംഘടനകളുടെയൊക്കെ. അതിസൂക്ഷമമായും അതിജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതാണ് പൊതു മുതൽ. ദുരുപയോഗം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്താൽ, അല്ലാഹുവിനോട് മറുപടി പറയേണ്ടി വരുമെന്ന് മാത്രമല്ല, പൊതു മുതലിൽ വിഹിതമുള്ള എല്ലാവരോടും സമാധാനം പറയേണ്ടി വരും. സകാത്തിൻ്റെ വിഹിതത്തിൽ നിന്ന്, തൻ്റെ പ്രിയപ്പെട്ട പേരക്കുട്ടി, എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുട്ടി, വിശപ്പിൻ്റെ വേദന സഹിക്കാനാവാതെ, ഒരു ഈത്തപ്പഴം എടുത്ത് വായിലിട്ടപ്പോൾ, അണ്ണാക്കിൽ കയ്യിട്ട് ചർദ്ദിപ്പിച്ച് കളഞ്ഞ പുണ്യ നബി(സ്വ)യിൽ, യൂഫ്രട്ടീസിൻ്റെ തീരത്ത് മേഞ്ഞ് നടക്കുന്ന ആട്ടിൻ കൂട്ടങ്ങളിലൊന്ന് വഴി തെറ്റിപ്പോയാൽ ഞാൻ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരുമല്ലോ എന്ന് വേപഥു പൂണ്ട ഉമർ റ വിൽ നമുക്ക് മാതൃകയുണ്ട്. രണ്ടാം ഉമറെന്നും അഞ്ചാം ഖലീഫയെന്നും പ്രഖ്യാതനായ ഉമർ ബിൻ അബ്ദുൽ അസീസ് റ, ഭരണകാര്യങ്ങൾ നോക്കാൻ ഉപയോഗിക്കുന്ന വിളക്ക്/ മെഴുകുതിരി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാറുണ്ടായിരുന്നില്ല! സ്വന്തം കാര്യത്തിന് സ്വന്തം വിളക്ക് ഉപയോഗിക്കും. ചെമ്മാട് ദാറുൽ ഹുദാ സ്ഥാപകൻ ഡോ.യു.ബാപ്പുട്ടി ഹാജിയുടെ ജീവിതത്തിലും സമാനമായ അനുഭവം കാണാം. ഭക്ഷണം കഴിച്ച് കഴിഞ്ഞ് പല്ലിൽ കുത്താൻ പള്ളി വളപ്പിലെ തെങ്ങിൻ്റെ ഓലയിൽ നിന്ന് ഈർക്കിലി പൊട്ടിച്ചെടുത്ത ഒരു പണ്ഡിതൻ്റെ കൈ പിടിച്ചിട്ട് ബാപ്പുട്ടി ഹാജി പറഞ്ഞത്, ഇത് നിങ്ങൾക്കവകാശപ്പെട്ടതല്ല, ഇത് നിങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണ്!
C.T.A.Khader