ചിന്തനീയം

13 Feb 2021

റജബ് മാസം പിറന്നിരിക്കുന്നു. ഇനി വിശുദ്ധ റമളാന് വേണ്ടിയുള്ള പ്രാർത്ഥനാപൂർവമുള്ള കാത്തിരിപ്പിൻ്റെ കാലം. റജബിലും ശഅബാനിലും ബർകത്ത് ലഭിക്കാനും റമളാനിലേക്കെത്തിക്കാനുമുള്ള തേട്ടം ഇനി നമ്മുടെ പ്രാർത്ഥനകളിൽ നിറയും. റജബ് ആദരണീയമായ മാസമാണ്. ''അല്ലാഹു ഭുവന-വാനങ്ങളെപ്പടച്ച കാലം മുതല്‍ മാസങ്ങളുടെ എണ്ണം അവങ്കല്‍ പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയമാസങ്ങളാണ്. അതാണ് ഋജുവായ മതം.'' സൂറത്തുത്തൗബ :36 ദുൽഖഅദ, ദുൽഹിജ്ജ, മുഹർറം, റജബ് മാസങ്ങളാണതെന്ന് ഹദീസുകളിലുണ്ട്. ആദരണീയമായ ഈ നാല് മാസങ്ങളിൽ ചെയ്യുന്ന നന്മകളുടെ പ്രതിഫലവും തിന്മകളുടെ ശിക്ഷയും വർധിക്കും. പുണ്യ നബി(സ്വ)യുടെ നിശാ പ്രയാണവും ആകാശാരോഹണവും സംഭവിച്ചതും തബൂക് യുദ്ധം നടന്നതും സ്വലാഹുദ്ദീൻ അയ്യൂബി ഖുദ്സ് മോചിപ്പിച്ചതും ഈ മാസമാണ്. മുസ്ലിം കേരളത്തിൻ്റെ കരുത്തുറ്റ നേതൃത്വമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ വിട പറഞ്ഞത് ഇത് പോലൊരു റജബ് ഒന്നിനായിരുന്നു. നികത്താനാവാത്ത വിടവ് ! അല്ലാഹു അദ്ദേഹത്തെ സ്വീകരിക്കട്ടെ - ആമീൻ. വന്ദ്യ പിതാവ് മർഹൂം വി.പി.എം.അബ്ദുൽ അസീസ് മാസ്റ്റർ വിട പറഞ്ഞതും റജബിലായിരുന്നു. റജബ് 27 ന്. തൻ്റെ മുഴങ്ങുന്ന ശബ്ദത്തിൽ ഉറക്കെ കലിമ ചൊല്ലി മരിച്ച പ്രിയപ്പെട്ട ഉപ്പയുടെ ഓർമകൾ ഇന്നും ജീവിത വഴികളിൽ വെളിച്ചം വിതറുന്നുണ്ട്. ആദരിക്കൽ എന്നർത്ഥമുള്ള തർജീബ് എന്ന ധാതുവിൽ നിന്നാണ് റജബ് എന്ന പേര് നിഷ്പന്നമായത്. ജാഹിലിയ്യ കാലത്ത് തന്നെ ആദരണീയമായിരുന്നു ഈ മാസം. ഇസ്ലാം ഈ ആദരവ് നിലനിർത്തി. അബൂബക്റിനിൽ വർറാഖ് റ പറയുന്നു: റജബ് വിതക്കേണ്ട മാസമാണ്.ശഅബാൻ വെള്ളവും വളവും നൽകേണ്ട മാസമാണ്. റമളാൻ കൊയ്ത്തിൻ്റെ മാസമാണ്. കൊയ്ത്ത് ലാഭകരമാകണമെങ്കിൽ നിലമൊരുക്കി വിത്ത് വിതക്കുന്നത് മുതൽ അതിജാഗ്രത പുലർത്തണം. റമളാനിലേക്കുള്ള ഒരുക്കം ആരംഭിക്കേണ്ട മാസമാണ് റജബ്. റജബിലെങ്കിലും ഒരുക്കം തുടങ്ങിയാലേ റമളാനെന്ന അതി വിശിഷ്ടനായ അതിഥിയെ യഥാവിധി സ്വീകരിക്കാനാവൂ. റമളാൻ കഴിഞ്ഞ് അര വർഷം റമളാൻ പോയതോർത്ത് സങ്കടപ്പെടുകയും പിന്നെ റമളാൻ വരുന്നതോർത്ത് സന്തോഷിക്കുകയും ചെയ്യുകയായിരുന്നു സ്വഹാബത്തിൻ്റെ പതിവ്. റജബും ശഅബാനും നമുക്ക് ഉപയോഗപ്പെടുത്താം. റമളാനിനെ ഹൃദയ വിശുദ്ധിയോടെ, കളങ്കരഹിതരായി നമുക്ക് വരവേൽക്കാം.

C.T.A.Khader