ചിന്തനീയം

06 Feb 2021

രാജ്യ തലസ്ഥാനത്ത് കർഷകരുടെ ഐതിഹാസിക സമരം വീണ്ടും ശക്തമാവുകയാണ് ഇന്ന് മുതൽ. ഇന്ന് രാജ്യവ്യാപകമായി 3 മണിക്കൂർ റോഡ് തടയൽ സമരം 'ചക്കാ ജാം' നടക്കുകയാണ്. അതിനിടയിൽ സമരത്തെ പിന്തുണച്ചും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ദേശീയ-അന്തർദേശീയ പ്രശസ്തരായ സെലിബ്രിറ്റികൾ രംഗത്ത് വന്നിരിക്കുകയാണ്. കായിക താരങ്ങളും സിനിമാ താരങ്ങളും ഗായകരുമെല്ലാമുണ്ട് കൂട്ടത്തിൽ. മനുഷ്യത്വപരമായ ഈ ഇടപെടലുകളെ ഇന്ത്യാ വിരുദ്ധത എന്ന മുദ്ര ചാർത്തി പ്രതിരോധിക്കാനാണ് ഗവൺമെൻ്റ് ശ്രമിക്കുന്നത്. അതിനും കൂട്ട് നിൽക്കുന്നത് മറ്റ് ചില സെലിബ്രിറ്റികളാണ്. നാടിൻ്റെ 'അന്നദാതാക്കളാ'യ കർഷകരുടെ സമരത്തിലോ അവരുടെ ജീവൽപ്രശ്നങ്ങളിലോ ഇടപെട്ട് 'കമ' ഉരിയാടാൻ തയ്യാറായിട്ടില്ലാത്ത ചില സെലിബ്രിറ്റികൾ സർക്കാറിനെ പിന്തുണച്ച് രംഗത്തിറങ്ങിയത് നാം കണ്ടു. ക്രിക്കറ്റ് ഇതിഹാസമായി വാഴ്ത്തപ്പെടുന്ന സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണമാണ് ഏറെ വിവാദമായത്. സമരത്തെ പിന്തുണച്ചെത്തിയ വിദേശ സെലിബ്രിറ്റികളെക്കുറിച്ച് 'ഇന്ത്യയുടെ കാര്യത്തിൽ പുറത്തുള്ളവർ ഇടപെടേണ്ടതില്ല' എന്നാണ് സച്ചിൻ പറഞ്ഞത്. 'ഹൃദയവും നട്ടെല്ലുമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ' എന്നാണ് ഇതിനോട് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ സച്ചിനെതിരെ രൂക്ഷവിമർശമാണ് ഉയരുന്നത്. പ്രിയ സുഹൃത്തും എഴുത്തുകാരനും വളർന്ന് വരുന്ന യുവ പ്രതിഭയുമായ അൻസബ് തൃക്കരിപ്പൂരിൻ്റെ 'അറിവ് തിരിച്ചറിവ് ' പംക്തിയിൽ കഴിഞ്ഞ ദിവസം ചർച്ചക്കെടുത്തിരിക്കുന്നത് ഈ വിഷയമാണ്. 'രാജ്യത്തിന് വേണ്ടി കളിച്ചവനേക്കാൾ നമ്മളിഷ്ടപ്പെടേണ്ടിയിരുന്നത് രാജ്യത്തിന് വേണ്ടി കിളച്ചവനെയായിരിക്കണം' എന്നാണ് അൻസബ് പറയുന്നത്. യഥാർത്ഥ സെലിബ്രിറ്റികൾ കർഷകരാണ്. അവരാണ് രാജ്യത്തിൻ്റെ നട്ടെല്ല് തകരാതെ കാക്കുന്നവർ.സെലിബ്രിറ്റികളായി കൊണ്ടാടപ്പെടുന്നവർ കളിക്കുന്നതും നടിക്കുന്നതും ആടുന്നതും പാടുന്നതും അവരവർക്ക് വേണ്ടിയാണ്. രാജ്യത്തിൻ്റെ പ്രശ്നങ്ങളോ ജനഹിതമോ ഒന്നും അവർക്കൊരു വിഷയമേ അല്ല. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയല്ല, തങ്ങൾക്ക് വേണ്ടിയാണെന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ബി.സി.സി.ഐ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം നാം കൂട്ടി വായിക്കണം. രാജ്യത്ത് എന്ത് പ്രശ്നങ്ങളുണ്ടായാലും അണ്ണാക്കിൽ പഴം തിരുകിയിരിക്കുന്നവരാണ് ഇപ്പോൾ ഗവൺമെൻ്റിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ലാഭേച്ഛകളില്ലാതെ, പാടത്തും പറമ്പത്തും പണിയെടുക്കുന്ന, നാടിൻ്റെ അന്നം കൊയ്തെടുക്കുന്ന കർഷകർ തന്നെയാണ്, കോടികൾ കൊയ്തെടുക്കുന്ന സെലിബ്രിറ്റികളേക്കാൾ കൊണ്ടാടപ്പെടേണ്ടവർ.

C.T.A.Khader