ചിന്തനീയം

31 Jan 2021

ക്ഷമ ഈമാനിൻ്റെ പകുതിയാണെന്ന് നമുക്കൊക്കെ അറിയാം. ( മറ്റൊരു പാതി ശുക്ർ (നന്ദി) ആണ്) എന്നാൽ, എന്താണ് ക്ഷമ ? എങ്ങനെയാണ് ക്ഷമ ഈമാനിൻ്റെ പാതിയാകുന്നത്? ക്ഷമ ഈമാനുമായി ബന്ധപ്പെട്ടതാണ്. അത് കൊണ്ട് തന്നെ ക്ഷമിച്ചാൽ പ്രതിഫലമുണ്ട്. വിശ്വസിക്കുകയും സൽകർമങ്ങളനുഷ്ഠിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴികെ മനുഷ്യരെല്ലാം നാശത്തിലും നഷ്ടത്തിലുമാണെന്ന് കട്ടായം പറയുന്നുണ്ട് വിശുദ്ധ ഖുർആൻ. 'ശരീരത്തിൽ തല എന്നത് പോലെ പ്രധാനമാണ് ഈമാനിൽ ക്ഷമ. ക്ഷമയില്ലാത്തവന് ഈമാനില്ലെന്ന് ' അലി (റ) പറഞ്ഞിട്ടുണ്ട്. ക്ഷമക്ക് പല രൂപങ്ങളുണ്ട്. ചിലപ്പോൾ ക്ഷമ വാജിബാ (നിർബന്ധം)കും. തിൻമ ചെയ്യാതിരിക്കാനുള്ള ക്ഷമയും നന്മ ചെയ്യാനുള്ള ക്ഷമയും നിർബന്ധമാണ്. അല്ലാഹുവിൻ്റെ തീരുമാനങ്ങളിൽ ക്ഷമിക്കലും തഥൈവ. കോപത്തിൽ നിന്ന് മനസ്സിനെയും അല്ലാഹുവിൻ്റെ തീരുമാനങ്ങളെ ( ഖദ്ർ - ഖളാഅ)ക്കുറിച്ച് ആവലാതിയും വേവലാതിയും പറയുന്നതിൽ നിന്ന് നാവിനെയും കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്ന് അവയവങ്ങളെയും നിയന്ത്രിക്കലാണ് ക്ഷമയെന്ന് ഇമാം ഇബ്നുൽ ഖയ്യിം നിർവചിച്ചിട്ടുണ്ട്. വിശാലമായ അർത്ഥ തലങ്ങളുണ്ട് ക്ഷമക്ക് എന്നർത്ഥം. ' നിശ്ചയം അല്ലാഹു ക്ഷമാശാലികളോടൊപ്പമാണ് ' എന്ന് ഖുർആനും 'മനുഷ്യന് ലഭിക്കുന്ന ഏറ്റവും ഉദാത്തമായ വരദാനമാണ് ക്ഷമയെന്ന് ' നബി(സ്വ) തങ്ങളും പ്രഖ്യാപിച്ചത് വിശാലമായ ഈ അർത്ഥ തലങ്ങൾ പരിഗണിച്ചാണ്.

C.T.A.Khader