ചിന്തനീയം

28 Jan 2021

2012 ഡിസംബറിൽ സ്പെയിനിലെ ബുർലാഡയിൽ ഒരു ഓട്ടമൽസരം നടക്കുകയാണ്. സ്പെയിനിൻ്റെ ഇവാൻ ഫെർണാണ്ടസ് അനായയും കെനിയയുടെ ആബേൽ കിപ്റോപ് മുട്ടായിയും തമ്മിൽ ഇഞ്ചോടിഞ്ച് മൽസരം നടക്കുകയാണ്. ഫിനിഷിങ് ലൈനെത്തിയെന്ന് തെറ്റുധരിച്ച് 10 മീറ്റർ അകലെ ആബേൽ മുട്ടായി ൻ്റെ ഓട്ടം നിർത്തി! ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണാവസരമായിട്ട് പോലും ഇവാൻ ഫെർണാണ്ടസ് അനായ അത് ചെയ്തില്ല. മറിച്ച് സഹതാരത്തെ ഫിനിഷിങ് ലൈനിലേക്ക് നയിച്ചു. അയാൾക്കവകാശപ്പെട്ട ഒന്നാം സ്ഥാനം വകവെച്ച് കൊടുത്തു! സ്പോർട്സ്മാൻ സ്പിരിറ്റിൻ്റെയും മാന്യതയുടെയും പ്രതീകമായി വാഴ്ത്തപ്പെട്ട ആ സംഭവമാണ് ഈ ചിത്രത്തിൽ. ഒന്ന് തോറ്റു കൊടുക്കാനാവുക എന്നത് പലപ്പോഴും വലിയൊരു കാര്യമാണ്. തോറ്റു കൊടുക്കാനുള്ള മനസ്സില്ലാത്തതാണ് പുതിയ കാലത്ത് നമ്മുടെ വലിയ പ്രശ്നം. എല്ലാം എനിക്ക് തന്നെ കിട്ടണം എന്ന സ്വാർത്ഥത. സംഘടനകളിലും കമ്മിറ്റികളിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി കടിപിടി കൂടുകയാണ് പലരും. അവൻ എന്നേക്കാൾ വളരുമോയെന്ന പേടി. കൂറുമാറിയിട്ടാണെങ്കിലും കുതികാൽ വെട്ടിയിട്ടാണെങ്കിലും കുതിരക്കച്ചവടം നടത്തിയിട്ടാണെങ്കിലും ഗ്രൂപ്പും കോക്കസും ഉണ്ടാക്കിയിട്ടാണെങ്കിലും എനിക്ക് ജയിക്കണം. ഞാനില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ല. എനിക്ക് ശേഷം ഇവിടെ പ്രളയം! എന്നാലോ, സംഘടനക്കോ സമുദായത്തിനോ നയാപൈസയുടെ ഉപകാരം ഉണ്ടാവുകയുമില്ല. ഞാൻ ജയിച്ചില്ലെങ്കിലും, ഞാനൊന്ന് തോറ്റ് കൊടുത്താലും എൻ്റെ സംഘടന / സമുദായം ജയിക്കുമല്ലോ എന്ന് ചിന്തിക്കാൻ കഴിയുന്ന തലത്തിലേക്ക് ഉയരാനാണ് നാം ശ്രമിക്കേണ്ടത്. മദ്രാസ് നിയമസഭയിലെ അസംബ്ലി പാർട്ടി യോഗത്തിൽ കെ.എം.സീതി സാഹിബും കോട്ടാൽ ഉപ്പി സാഹിബും തർക്കിക്കുകയാണ്. നേതൃസ്ഥാനത്തിന് വേണ്ടിയല്ല, ഞാനല്ല താങ്കളാണ് നേതാവാകേണ്ടത് എന്ന് പറഞ്ഞ് കൊണ്ട് പൊരിഞ്ഞ തർക്കം! അനർഹമായ വിജയത്തേക്കാൾ അഭികാമ്യം തോറ്റു കൊടുക്കാനുള്ള മനസ് തന്നെയാണ്.

C.T.A.Khader