ചിന്തനീയം

26 Jan 2021

ഇന്ന് ജനുവരി 26. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനം. നമ്മുടെ രാജ്യം സ്വന്തമായ ഭരണഘടനയോടെ ഒരു പരമാധികാര രാഷ്ട്രമായതിൻ്റെ ഓർമക്കായാണ് റിപബ്ലിക് ഡേ ആചരിക്കുന്നത്. 1947 ഓഗസ്റ്റ് 14 ൻ്റെ അർധ രാത്രിയിൽ ഇന്ത്യ സ്വതന്ത്രമായിട്ടുണ്ടെങ്കിലും ഭരണഘടന നിലവിൽ വന്നതും പരമാധികാര രാജ്യമായി മാറിയതും 1950 ജനുവരി 26 നാണ്. ഈ കാലയളവിൽ ബ്രിട്ടീഷ് രാജാവ് തന്നെയായിരുന്നു ഇന്ത്യയുടെ ഭരണാധികാരി. 50 ജനുവരി 26 നാണ് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ പ്രഥമ പ്രസിഡൻ്റായി ചുമതലയേറ്റത്. റിപ്പബ്ലിക്കായി എഴുപത് വർഷങ്ങൾക്കിപ്പുറം നമ്മുടെ രാജ്യം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. റിപ്പബ്ലിക്ക് ഡേ പരേഡിന് സമാന്തരമായി ഇന്ന് തലസ്ഥാന നഗരിയിൽ ട്രാക്ടർ പരേഡ് നടന്നു. രാജ്യത്തിൻ്റെ 'അന്നദാതാ'ക്കളായ കർഷകരുടെ വ്യത്യസ്തമായ സമരമുറ. ഇന്ത്യ എന്ന മഹത്തായ ആശയം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളും ഈ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട ഘട്ടമാണിത്. കുത്തകകൾക്ക് രാജ്യം തീറെഴുതിക്കൊടുക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടമാണിത്. ഭരണഘടന അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഗാന്ധിജി അപമാനിക്കപ്പെടുന്നു. ഗാന്ധി ഘാതകർ മഹത്വവൽക്കരിക്കപ്പെടുന്നു. ഭരണകൂടങ്ങൾ ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നു. വർഗീയ ദ്രുവീകരണം അപകടകരമാം വിധം വർധിക്കുന്നു. മൗലികാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു. ഇന്ത്യയുടെ അഭിമാനമായ ബഹുസ്വരത ഇല്ലാതെയാക്കാനും ഏകശിലാത്മകമായ ഒരു സംസ്കാരത്തിലേക്ക് നാടിനെ നയിക്കാനും ഗൂഢശ്രമങ്ങൾ നടക്കുന്നു..... ഇന്ത്യയെന്ന മഹത്തായ ആശയം, നമ്മുടെ നാട് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും, എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന്, ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോൽപിക്കേണ്ട വെല്ലുവിളികളാണിവ. ഭരണഘടനാ ശിൽപികളുടെയും ദേശീയ നേതാക്കളുടെയും സ്വപ്നങ്ങൾ പുലരണം. ഫാഷിസം തകരണം. പുതിയ പ്രഭാതങ്ങൾ വിരിയണം. അതിനായി നമുക്ക് കൈ കോർക്കാം. ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ.....

C.T.A.Khader