ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുക എന്നത് നല്ല നേതാവിൻ്റെ ഗുണമാണ്. റേഡിയോ പോലെ പ്രസംഗിച്ച് പോകാൻ എല്ലാവർക്കും കഴിയും. ജോൺ ബാൽഡനി പറയുന്നു: ''ഫലപ്രദമായ നേതൃത്വത്തിൻ്റെ വേരുകൾ ലളിതമായ ചില കാര്യങ്ങളിലാണ് കിടക്കുന്നത്. അതിലൊന്ന്, ജനങ്ങളെ കേൾക്കുക എന്നുള്ളതാണ്. ഒരാളെ കേൾക്കുക എന്നത് അയാളെ ബഹുമാനിക്കുന്നു എന്നതിൻ്റെ സൂചനയാണ്. അയാളുടെ ആശയങ്ങൾക്ക് നാം വില കൽപിക്കുന്നു എന്നതിൻ്റെ സൂചനയുമാണ്. ആക്റ്റീവ് ലിസണിങ് ഒരു നേതാവിനുണ്ടായിരിക്കേണ്ട മൂല്യമാണ്. നല്ല നേതാക്കൾ ശ്രദ്ധയോടെയും ആത്മാർത്ഥമായും ജനങ്ങളെ കേൾക്കുന്നു. ജനങ്ങളെ മനസ്സിലാക്കാൻ, അവരുടെ വികാരങ്ങളെ മനസ്സിലാക്കാൻ അത് സഹായിക്കുന്നു. നേതാവിനും അനുയായികൾക്കുമിടയിൽ ബന്ധവും വിശ്വാസ്യതയും വളർത്തുന്നു. ഒരു നല്ല നേതാവ് കരുതലോടെയും പറയുന്ന ആളെയും സന്ദേശത്തെയും ശ്രദ്ധിച്ചും സംവദിക്കുന്നു. ഒരു നല്ല നേതാവ് 'കടക്ക് പുറത്ത് ' എന്നോ 'ഇനി ചോദ്യം വേണ്ടന്നോ ' പറയില്ല. അത് ധാർഷ്ട്യത്തിൻ്റെ ലക്ഷണമാണ്. കേൾക്കാൻ തയ്യാറാവുന്ന നേതാക്കളെയാണ് ഇന്ന് ലോകത്തിനാവശ്യം. ആ ഗുണം സിദ്ധിക്കുക എന്നത് അത്ര എളുപ്പമല്ല. സ്വന്തത്തോട് ഉള്ള ബഹുമാനവും (Self Respect) മറ്റുള്ളവരുടെ ചിന്തകളെ മാനിക്കാനുള്ള സന്നദ്ധതയും വേണമതിന്. വഹ്യിറങ്ങുന്ന പുണ്യ നബി(സ്വ) പോലും നിർണായക ഘട്ടങ്ങളിലെല്ലാം അനുയായികളോട് കൂടിയാലോചന നടത്താറുണ്ടായിരുന്നു. അവരെ, അവരുടെ അഭിപ്രായങ്ങളെ കേൾക്കാറുണ്ടായിരുന്നു. അവ മുഖവിലക്കെടുക്കാറുണ്ടായിരുന്നു. അവിടെയാണ് നല്ല നേതാവിൻ്റെ കുലീനത്വം പ്രകടമാകുന്നത്.
C.T.A.Khader