ചിന്തനീയം

25 Feb 2021

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ എബി കുട്ടിയാനത്തിൻ്റെ ഒരു കുഞ്ഞു കവിതയാണ് ഇന്നത്തെ 'ചിന്തനീയ'ത്തിലെ ചിന്താ വിഷയം. കടം അപകടമാണ്. അപ'കട'ത്തിൽ തന്നെയുണ്ട് കടം. കടത്തിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. കാരണമത് രാത്രിയിൽ ഉറക്കം കെടുത്തും. പകൽ മാനം കെടുത്തും. പുണ്യ നബി(സ്വ) നിസ്കാരങ്ങളിൽ പോലും കടത്തിൽ നിന്ന് കാവൽ തേടാറുണ്ടായിരുന്നു. കാരണമായി പറഞ്ഞത് 'കടക്കാരൻ കളവ് പറയും, വാഗ്ദത്തം ലംഘിക്കും' എന്നാണ്. കടബാധിതരുടെ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകാതെ നബി (സ്വ) മാറി നിന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. കടം കുമിഞ്ഞുകൂടുന്നതിൽ നിന്ന് കാവൽ തേടാൻ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഒരു പുരുഷായുസ്സിൻ്റെ സിംഹഭാഗവും സമൂഹമധ്യേ ചെലവഴിച്ചിട്ടും ഒരു നയാ പൈസ പോലും ആരിൽ നിന്നും കടം വാങ്ങിയിരുന്നില്ല, സമസ്തയുടെ അധ്യക്ഷനും സൂഫീ വര്യനുമായിരുന്ന ശൈഖുനൽ മർഹൂം ആനക്കര സി.കോയക്കുട്ടി മുസ്ലിയാർ, സമസ്തക്കു വേണ്ടി ജീവിതാവസാനം വരെ കർമനിരതനായിരുന്ന എന്റെ പിതാവും വലിയ ഒരു കുഡുബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം ഉണ്ടായിട്ടും ഒരു രൂപ പോലും കടബാധ്യത ഇല്ലാതെ ഈ ലോകത്തോട് വീടപറയാൻ സാധിച്ചത് വരവിൽ കവിഞ്ഞ ചെലവിനെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തതായിരുന്നു. അവസാനത്തെ കടമായി ബാക്കിയുണ്ടായിരുന്ന ചില്ലറ പൈസയും അവസാന മണിക്കൂറുകളിൽ തിരിച്ച് കൊടുത്താണ് സി.എച്ച്.ഐദറൂസ് മുസ്ലിയാരെന്ന മഹാ മനീഷി കടന്ന് പോയത്. കടം കൊടുത്ത് സഹായിക്കുന്നത് നല്ല സ്വഭാവമാണ്. കടബാധിതൻ വീട്ടാൻ അശക്തനാണെങ്കിൽ വിട്ടു വീഴ്ച ചെയ്യുന്നതും നല്ലത് തന്നെ. പക്ഷേ, കടം വാങ്ങിപ്പോയിട്ട് തിരിച്ച് നൽകാതെ വട്ടം കറക്കുന്നവരുണ്ട്. യാചിച്ച് വന്നവർ ഒടുക്കം നമ്മെ യാചകരാക്കും. ചിരിച്ച് വന്ന് കടം വാങ്ങിപ്പോയവർ വെറുപ്പോടെ നോക്കും. പണം കൊടുത്ത് ശത്രുക്കളെ വാങ്ങുന്ന ഏർപ്പാട് കൂടിയാണ് കടം. കടം കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഒരു അപകടമായി മാറാതിരിക്കാനാണ് ജാഗ്രത കാണിക്കേണ്ടത്.

C.T.A.Khader