ചിന്തനീയം

20 Feb 2021

നൻമ ചെയ്യുക മാത്രമല്ല നൻമയിലേക്ക് വഴി കാണിക്കുന്നതും അതിലേക്ക് നയിക്കുന്നതും അതിന് നിമിത്തമാകുന്നതും നൻമ തന്നെയാണ്. ഒരു നൻമയിലേക്ക് വഴി കാണിച്ചാൽ ആ നൻമ ചെയ്തവന് ലഭിക്കുന്ന അതേ പ്രതിഫലമാണ് ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. ഒരു നൻമ തുടങ്ങി വെച്ചവന് പിന്നീട് ആ നന്മ ചെയ്യുന്നവരുടെ മുഴുവൻ പ്രതിഫലവും ലഭിച്ച് കൊണ്ടേയിരിക്കും. ചെയ്യുന്നവരുടെ പ്രതിഫലം ഒട്ടും കുറയുകയുമില്ല. ബാഫഖി തങ്ങളാണ് മദ്രസാ പ്രസ്ഥാനത്തിൻ്റെ ശിൽപി എന്ന് പറയുമ്പോൾ, ഇന്ന് ലോകമാകെ പടർന്ന് കിടക്കുന്ന ആ മഹാപ്രസ്ഥാനം വഴി ഉണ്ടാകുന്ന മുഴുവൻ നന്മകളുടെയും പ്രതിഫലം അണമുറിയാതെ അദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കും എന്നർത്ഥം. തങ്ങൾ വിട പറഞ്ഞെങ്കിലും അദ്ദേഹം കൊളുത്തി വെച്ച നൻമ ഇവിടെ നിലനിൽക്കുന്നു. നന്മ ചെയ്യാനായില്ലെങ്കിലും നന്മയുടെ നിമിത്തമാവുക നാം. കിങായില്ലെങ്കിലും കിങ് മേക്കറാവുക. നമുക്കൊറ്റക്ക് ചെയ്യാൻ കഴിയാത്ത പല നൻമകളിലും നമുക്ക് ഭാഗവാക്കാകാനാകും. ഉദാഹരണം പറഞ്ഞാൽ, ഡോ.സുബൈർ ഹുദവി ചേകനൂർ കിഷൻഗഞ്ചിൽ ചെയ്യുന്ന സമർപ്പിത സേവനങ്ങൾ നമുക്കൊരുപക്ഷേ, അനുകരിക്കാനാവില്ല. പക്ഷേ, നമുക്കതിൻ്റെ കൂടെ നിൽക്കാനാവും. മനസ്സ് കൊണ്ടും ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും വാക്ക് കൊണ്ടും നമുക്കതിനെ സഹായിക്കാനാവും. വലിയൊരു നൻമയിൽ നമുക്ക് പങ്കാളികളാവാൻ കഴിയും. നിമിത്തമാകുക എന്നത് പ്രധാനമാണ്. അത് വലിയൊരു സൗഭാഗ്യവുമാണ്. നിമിത്തമാകാൻ നേതാവാകണമെന്നില്ല. മുന്നിൽ നിന്ന് നയിക്കണമെന്നുമില്ല. നൻമയിലേക്ക് നയിക്കുന്ന ഒരു ചിന്തക്ക് തിരി കൊളുത്താൻ കഴിഞ്ഞാൽ തന്നെ അത് വലിയ സുകൃതമാണ്.

C.T.A.Khader