ചിന്തനീയം

19 Feb 2021

ചിന്തനീയമായ ഒരു ഹദീസുണ്ട്. അതിൻ്റെ ആശയം ഇങ്ങനെയാണ്: ' മനുഷ്യൻ ' എൻ്റെ സ്വത്ത്, എൻ്റെ സമ്പത്ത്, എൻ്റെ പണം' എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. അതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. പക്ഷേ, അവൻ്റെ സമ്പത്തിൽ നിന്ന് അവനേറെതാണെന്ന് പറയാവുന്നത് മൂന്ന് കാര്യങ്ങൾ മാത്രമാണ്. 1. അവൻ തിന്നത്/ കുടിച്ചത്. 2. അവൻ ധരിച്ചത്. 3. അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ചത്, അങ്ങനെ നാളേക്ക് വേണ്ടി സൂക്ഷിച്ചത്. ബാക്കിയുള്ളതെല്ലാം പിന്നിലൊഴിവാക്കി, അന്ത്യയാത്ര പോകേണ്ടവനാണ് മനുഷ്യൻ' അവനവൻ്റെ സമ്പാദ്യം വളർത്താൻ ശ്രമിക്കാതെ, മറ്റുള്ളവരുടെ സമ്പാദ്യം വളർത്താൻ ബുദ്ധിയുള്ളവർ ശ്രമിക്കുമോ എന്ന് പുണ്യ നബി(സ്വ) അനുചരന്മാരോട് ചോദിച്ചു. ഇല്ലെന്ന് അവർ മറുപടിയും പറഞ്ഞു. പക്ഷേ, നാമൊക്കെ ചെയ്യുന്നത് അതാണ്. മരണ ശേഷം അനന്തരാവകാശികളുടേതായി മാറാനുള്ളതാണ് നമ്മുടെ സമ്പത്ത്. അത് വളർത്താനാണ് നാം അധ്വാനിക്കുന്നത്. ഹറാമും ഹലാലും നോക്കാതെ വാരിക്കൂട്ടുന്നതും വെട്ടിപ്പിടിക്കുന്നതും. നമ്മുടേത് എന്ന് പറയാവുന്ന, നമുക്ക് കൊണ്ട് പോകാൻ കഴിയുന്ന സമ്പാദ്യം നമ്മൾ ചെയ്യുന്ന നൻമകൾ മാത്രമാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കുന്ന വിഹിതം മാത്രമാണ്. ലോകം മുഴുവൻ വെട്ടിപ്പിടിച്ചാലും ഒടുക്കം ശൂന്യമായ കരങ്ങളോടെ മടങ്ങേണ്ടവരാണ് നാം. ആരും കൂടെ വരില്ല. ഒന്നും കൂട്ടിനുണ്ടാവില്ല. 'ഒരു മയ്യിത്തിനെ മൂന്ന് കാര്യങ്ങൾ പിന്തുടരുമെന്ന്' പുണ്യ നബി(സ്വ). 1. അവൻ്റെ കുടുംബം 2. അവൻ്റെ സമ്പത്ത് 3. അവൻ്റെ കർമങ്ങൾ. ആദ്യത്തെ രണ്ടെണ്ണം ഖബറടക്കം കഴിഞ്ഞ് തിരിച്ച് പോകും. മൂന്നാമത്തേത് ബാക്കിയാവും. നമുക്ക് വേണ്ടി ബാക്കിയാവുന്ന കർമങ്ങൾ നൻമകളായാൽ നാം രക്ഷപ്പെട്ടു. തിൻമകളാണെങ്കിൽ അതിദയനീയ പരാജയവും! നൻമ ചെയ്യാനാവുക, നൻമകളിൽ ഭാഗവാക്കാകാനാകുക, നൻമകളുടെ നിമിത്തമാവാനാവുക.... ഇതാണ് ഏറ്റവും വലിയ സുകൃതം.

C.T.A.Khader