ചിന്തനീയം

04 Sep 2022

ചിന്തനീയം ഇന്ന് (സെപ്റ്റംബർ 4 ) മുഅല്ലിം ഡേയാണ്. സമസ്തയുടെ പതിനായിരക്കണക്കിന് മദ്രസകളിൽ 12 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ വെളിച്ചം പകരുന്ന ഉസ്താദുമാരോടുള്ള ആദരസൂചകമായാണ് മുഅല്ലിം ഡേ ആചരിക്കുന്നത്. നാളെ (സെപ്റ്റംബർ 5) ദേശീയ അധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയും ദാർശനികനുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണൻ്റെ ജൻമദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കപ്പെടുന്നത്. മുഅല്ലിം ഡേയും അധ്യാപക ദിനവും അടുത്തടുത്ത ദിവസങ്ങളിൽ ആചരിക്കപ്പെടുമ്പോൾ ആദ്യം എൻ്റെ മനസ്സിലേക്കോടിയെത്തുന്ന ഓർമ, മഹാനായ എൻ്റെ പിതാവിനെക്കുറിച്ചുള്ളതാണ്. അദ്ദേഹം സംസ്ഥാന സർക്കാറിൻ്റെ അവാർഡ് നേടിയ മാതൃകാ അധ്യാപകനായിരുന്നു. മദ്രസാ പ്രസ്ഥാനത്തിൻ്റെ ശിൽപികളിലൊരാളായിരുന്നു.മദ്രസാ അധ്യാപകരെ ശാക്തീകരിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയിരുന്നു. ഞാൻ കണ്ട ഏറ്റവും വലിയ അധ്യാപകനും വിദ്യാലയവും എൻ്റെ പിതാവ് തന്നെയായിരുന്നു. നാല് പതിറ്റാണ്ട് കാലം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ സെക്രട്ടറിയായിരുന്ന പിതാവിൻ്റെ ചരിത്രം കേരളത്തിലെ മദ്രസകളുടെ വികാസത്തിൻ്റെ ചരിത്രം കൂടിയായിരുന്നു. വിദ്യാഭ്യാസ ബോർഡ് രൂപീകരണത്തിന് മുന്നോടിയായി കെ.പി.ഉസ്മാൻ സാഹിബിനോടൊപ്പം ഗ്രാമഗ്രാമാന്തരങ്ങളിൽ കാൽനടയായി കടന്ന് ചെന്ന് മദ്രസകൾ സ്ഥാപിക്കാൻ കഠിന പ്രയത്നം നടത്തിയതാണ് ഉപ്പയുടെ ചരിത്രം. 1948 ൽ സ്വന്തം നാട്ടിൽ ( മെട്ടമ്മൽ, തൃക്കരിപ്പൂർ) സ്ഥാപിതമായ മദ്രസയുടെ കാര്യദർശിയായിരുന്നു പിതാവ്. 1952 ൽ, അന്ന് വിദ്യാഭ്യാസ ബോർഡിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട 42 മദ്രസകളുടെ യോഗം താനൂർ ചേർന്നപ്പോൾ മദ്രസകൾക്ക് വേണ്ട റിക്കാർഡുകൾ രൂപപ്പെടുത്താൻ നിയോഗിക്കപ്പെട്ടത് ഉപ്പയായിരുന്നു. 1961 ൽ ആരംഭിച്ച മുഅല്ലിം ട്രെയിനിങ് ക്ലാസുകളുടെ ശിൽപികളിലൊരാളും ഉപ്പ തന്നെയായിരുന്നു. 40 ദിവസം നീണ്ടു നിൽക്കുന്ന ട്രെയിനിങ്ങുകൾക്ക് ഉപ്പ നേതൃത്വം നൽകി. ഗവ. അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ്, തിരക്കുകളെല്ലാം മാറ്റി വെച്ച് ഇതിന് ഉപ്പ സമയം കണ്ടെത്തിയിരിന്നത്. ഉപ്പയുടെ ക്ലാസുകളിലിരുന്ന പല പ്രായമുള്ള ഉസ്താദുമാരും പലയിടങ്ങളിൽ നിന്നായി കാണുമ്പോൾ, 'ഞങ്ങളുടെ അസീസ് മാഷിൻ്റെ മകൻ' എന്ന സ്നേഹവും പരിഗണയും നൽകാറുണ്ട്. സൂഫീ വര്യനായിരുന്ന അത്തിപ്പറ്റ ഉസ്താദ് (ഖ.സി) ഉപ്പയുടെ ട്രെയിനിങ് ക്ലാസിൽ പങ്കെടുത്ത ആളായിരുന്നു. ഈ കുറിപ്പുകാരനെ എവിടെ കണ്ടാലും 'എൻ്റെ ഉസ്താദിൻ്റെ മകൻ' എന്ന് പറഞ്ഞ് പ്രത്യേകം പരിഗണിക്കാറുണ്ടായിരുന്നു സാത്വികനായ ആ മഹാമനീഷി. ഒരു നല്ല അധ്യാപകൻ ശിഷ്യൻമാരുടെ മനസ്സിൽ കുടിയേറി പാർത്തതിൻ്റെ നിദർശനമായിട്ടാണ് ഞാനീ സ്നേഹങ്ങളെ കാണുന്നത്. കേരളത്തിലെ ആദ്യത്തെ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പയ്യന്നൂർ റെയിഞ്ചാണ്. വളപട്ടണം മുതൽ ചന്ദ്രഗിരി വരെയുള്ള മദ്രസകളുടെ കൂട്ടായ്മയായിരുന്നു അത്. അതിൻ്റെ സ്ഥാപക ജ.സെക്രട്ടറി പിതാവായിരുന്നു. അധ്യാപകരുടെ മഹത്വവും പ്രാധാന്യവും ചെറുതല്ല.പുണ്യ നബി(സ്വ) സ്വയം പരിചയപ്പെടുത്തിയത് ' ഞാൻ അധ്യാപകനായാണ് നിയുക്തനായത്' എന്നാണ്. വിശുദ്ധ ഖുർആനും അവിടുത്തെ നിയോഗോദ്ദേശ്യമായി പരിചയപ്പെടുത്തുന്നതും അദ്ധ്യാപനം തന്നെ. അധ്യാപകൻ ഗുരുവാണ്. ഗുരു അന്ധകാരത്തെ അകറ്റുന്നവനും. ആയിരം ദിവസം അധ്വാനിച്ച് പഠിക്കുന്നതിനേക്കാൾ നല്ലതാണ് യോഗ്യനായ ഒരു അധ്യാപകനൊത്ത് ഒറ്റ ദിവസത്തെ സഹവാസമെന്ന് ജപ്പാനീസ് ഭാഷയിലൊരു പഴമൊഴിയുണ്ട്. ഒരു നല്ല അധ്യാപകൻ മെഴുക്തിരി പോലെയാണ്. മറ്റുള്ളവർക്ക് വെളിച്ചം പകരാൻ മെഴുക്തിരി സ്വയം കത്തിത്തീരുന്നു. തലമുറകളെ വാർത്തെടുക്കുന്ന രാജശിൽപികളാണ് അധ്യാപകൻമാർ. തുച്ഛമായ വേതനത്തിന് വലിയൊരു കർമവും ദൗത്യവും നിർവഹിക്കുന്നവരാണ് നമ്മുടെ മദ്രസാ അധ്യാപകർ. അവരെ അർഹിക്കുന്ന വിധം ആദരിക്കാനും പരിഗണിക്കാനും നമുക്ക് കഴിയണം. കാലം മാറി. അധ്യാപകരും മാറണം. അപ്ഡേറ്റേഡാവണം. പഠിച്ചതൊന്നും മറക്കാതിരിക്കുകയും പുതിയതൊന്നും പഠിക്കാതിരിക്കുകയും ചെയ്യുന്നവരാണ് അധ്യാപകരെന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. പുതിയ കാലത്തിൻ്റെയും ഈ കാലത്തെ വിദ്യാർത്ഥിത്വത്തിൻ്റെയും മന:ശാസ്ത്രമറിഞ്ഞ അധ്യാപകർക്കേ നല്ലൊരു തലമുറയെ വാർത്തെടുക്കാനാവൂ. ' തൻ്റെ വിദ്യാഭ്യാസ കാലം ഓർക്കുന്നവരൊക്കെ ഓർക്കുന്നത് പഠിപ്പിച്ച അധ്യാപകരെയാണ്. പഠിച്ച ടെക്നിക്കുകളോ മെത്തേഡുകളോ അല്ല. വിദ്യാഭ്യാസ സംവിധാനത്തിൻ്റെ ആത്മാവ് അധ്യാപകനാണ്' - സിഡ്നി ഹൂക്ക് (അമേരിക്കൻ ഫിലോസഫർ ).

CT.A.Kadher