ചിന്തനീയം

01 Oct 2021

എല്ലാവർക്കും വേണ്ടത് മനസ്സമാധാനമാണ്. പക്ഷേ, എല്ലാമുണ്ടെങ്കിലും പലർക്കും ഇല്ലാതെ പോകുന്നതും മനസ്സമാധാനമാണ്. മനസ്സമാധാനമില്ലെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ലല്ലോ? പലപ്പോഴും നമ്മുടെ മനസ്സമാധാനം കളഞ്ഞ് കുളിക്കുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ തന്നെ സമീപനങ്ങളും ചിന്തകളുമാണ് നമ്മുടെ മനസ്സമാധാനം നഷ്ടപ്പെടുത്തുന്നത്. മനുഷ്യ ജീവിതം സുഖ ദു:ഖങ്ങളുടെ, സന്തോഷ സന്താപങ്ങളുടെ സമ്മിശ്രമാണ്. എപ്പോഴും സുഖവും സന്തോഷവുമായിരിക്കില്ല ജീവിതത്തിൽ. എപ്പോഴും ദു:ഖവും സന്താപവുമായിരിക്കില്ല. ഒരു പ്രയാസത്തിന് പിറകേ രണ്ട് സന്തോഷങ്ങൾ ഉണ്ടാകുമെന്നാണ് ഖുർആനികാധ്യാപനം. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് പലപ്പോഴും നാം നമ്മെത്തന്നെ അസ്വസ്ഥതയിലും അശാന്തിയിലും തളച്ചിടുന്നത്. മനസ്സിൽ നിന്ന് വിട്ട് കളയേണ്ട കാര്യങ്ങൾ, അവഗണിക്കേണ്ട കാര്യങ്ങൾ, വിട്ട് കളയാതെ പിടിച്ച് വെക്കുന്നവരാണ് പലപ്പോഴും നാം. അത് നമ്മുടെ മനസ്സിനെ ശ്വാസം മുട്ടിക്കുന്നു. ജീവിതത്തിലെ കൈപേറിയ അനുഭവങ്ങളെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടാതിരിക്കുക. അവയ്ക്ക് പിന്നാലെ മനസ്സിനെ അഴിച്ച് വിടാതിരിക്കുക. മധുരതരമായ അനുഭവങ്ങൾ മനസ്സിൽ താലോലിക്കുക. ശുഭാപ്തി വിശ്വാസിയാവുക. മനസ്സമാധാനം താനേ വന്ന് ചേരും. വിട്ട് കളയേണ്ടത് പിടിച്ച് വെക്കുകയും പിടിച്ച് വെക്കേണ്ടത് വിട്ട് കളയുകയും ചെയ്യുന്നതാണ് പലപ്പോഴും നമ്മുടെ പ്രശ്നം.

CT.A.Kadher