ചിന്തനീയം

03 Sep 2021

ഇസ്ലാമിക സമൂഹത്തിൻ്റെ രണ്ട് ശക്തി സ്രോതസ്സുകളാണ് ഉലമാഉം ഉമറാഉം. സമൂഹ പുരോഗതിക്ക് അനിവാര്യമായ ഘടകങ്ങളാണ് അറിവും ശക്തിയും. അറിവുള്ളവർ ഉലമാഉം ശക്തിയുള്ളവർ ഉമറാഉം. يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ സൂറത്തുന്നിസാഇലെ അമ്പത്തിയൊമ്പതാം സൂക്തത്തിൽ അല്ലാഹുവിനെയും റസൂലിനെയും 'ഉലുൽ അംറി 'നെയും വഴിപെടണമെന്ന് ഖുർആൻ പറയുന്നു. ഇവിടെ 'ഉലുൽ അംറ്' കൊണ്ടുള്ള വിവക്ഷ ഉലമാഉം ഉമറാഉമാണെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നു. ഇസ്ലാമിക സമൂഹത്തിൻ്റെ നിലനിൽപ് തന്നെ ഉലമാഇനെയും ഉമറാഇനെയും കൊണ്ടാണ്. സാധാരണ ജനങ്ങൾ അവരെ പിന്തുടരുന്നു. അവർ നന്നായാൽ സമൂഹം നന്നാവും.അവർ മോശമായാൽ സമൂഹം മോശമാകുമെന്ന് പണ്ഡിതൻമാർ പ്രസ്താവിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബിൻ മുബാറക് (റ) പറയുന്നു: സമൂഹത്തിൽ രണ്ട് വിഭാഗം നന്നായാൽ സമൂഹം മുഴുക്കെ നന്നാകും. അവർ ദുഷിച്ചാൽ സമൂഹം ദുഷിക്കും: പണ്ഡിതരും നേതാക്കളുമാണവർ. മാലികീ കർമശാസ്ത്ര പണ്ഡിതനായ അബൂ ഹഫ്സുദ്ദാവൂദി (റ) പറയുന്നു: സൻമാർഗദർശികളായ ഉലമാഉം നേതാക്കളായ ഉമറാഉം നന്നായാൽ സമൂഹം നന്നാകും. സമുദായ നൻമ കാംക്ഷിച്ച് ഉലമാഉം ഉമറാഉം അവരുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കണം. ഗുണകാംക്ഷാ മനോഭാവമുള്ള ഉലമാഉം അവരെ അനുധാവനം ചെയ്യുന്ന ഉമറാഉമാണ് ഉമ്മത്തിൻ്റെ കരുത്തും കരുതലും. ശക്തിയും പിൻബലവുമായി ഉമറാഅ കൂടെയുണ്ടാകുമ്പോഴേ ഉലമാഇന് അവരുടെ ദൗത്യം നിർവഹിക്കാനാവൂ. നബി(സ്വ)ക്ക് താങ്ങായിരുന്ന അബൂത്വാലിബ് ഉദാഹരണം. മക്കാ വിജയ നാളിൽ അബൂ സുഫ്യാന് നൽകിയ അംഗീകാരവും സവിശേഷ പരിഗണയും മറ്റൊരു ഉദാഹരണം. കേരളീയ മുസ്ലിം സമാജം അതിൻ്റെ ഉത്ഭവ ഘട്ടം മുതൽ തന്നെ മുന്നോട്ട് പോയത് ഈ കരുത്തിൻ്റെ ബലത്തിലാണ്. മുസ്ലിം പ്രദേശങ്ങളിൽ ആദ്യം പള്ളികളുണ്ടാകുന്നു. പള്ളികൾ കേന്ദ്രമായി മഹല്ലുകളുണ്ടാവുന്നു. ആത്മീയ - വൈജ്ഞാനിക നേതൃത്വം നൽകാൻ പണ്ഡിതരും (ഇമാം / ഖത്തീബ് / ഖാളി / മുദരിസ് ) ഭൗതിക നേതൃത്വം നൽകാൻ ഉമറാഉം (അഹ്ലുൽ ഹല്ലി വൽ അഖ്ദ്) - ഇങ്ങനെയായിരുന്നു പ്രാരംഭ കാലം മുതലേ കേരളീയ മുസ്ലിം സമാജത്തിൻ്റെ മുന്നോട്ടുള്ള പ്രയാണം. ഇവിടെ, കിഷൻഗഞ്ചിൽ നടക്കുന്ന പ്രവർത്തനങ്ങളുമായും, ദാറുൽ ഹുദയുടെയും ഹുദവികളുടെയും നേതൃത്വത്തിൽ കേരളേതര സംസ്ഥാനങ്ങളിൽ നടക്കുന്ന വിവിധ പദ്ധതികളുമായും ബന്ധപ്പെട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കാര്യം എനിക്കുറപ്പിച്ച് പറയാൻ കഴിയും: ഉലമാഉം ഉമറാഉം തമ്മിലുള്ള ആരോഗ്യപരമായ ബന്ധവും ആദാനപ്രദാനങ്ങളുമാണ് കേരളീയ മുസ്ലിം ഉമ്മത്തിൻ്റെ ഏറ്റവും വലിയ ശക്തിയും കരുത്തും. കേരളേതര സംസ്ഥാനങ്ങളിൽ ഉലമാഇന് പഞ്ഞമില്ല. ദീനീ സ്ഥാപനങ്ങളുടെ കുറവില്ല. കേരളത്തേക്കാൾ എത്രയോ മടങ്ങ് മുസ്ലിം ജനസംഖ്യയുണ്ട്. എന്നിട്ടും അവർ എല്ലാ മേഖലകളിലും പിന്നാക്കത്തിൻ്റെ കാവടിയേന്താൻ വിധിക്കപ്പെടുന്നത് ഉലമാഉം ഉമറാഉം ഉത്തരവാദിത്വ ബോധത്തോടെ, സമുദായ താൽപര്യങ്ങൾ മുൻ നിർത്തി ഒന്നിക്കാനും കർമ ഗോദയിലിറങ്ങാനും തയ്യാറാവാത്തത് കൊണ്ട് തന്നെയാണ്. നമ്മുടെ നാട്ടിൽ ദീനീ ചലനങ്ങൾ ഉണ്ടാകുന്നത്, സ്ഥാപനങ്ങൾ വളരുന്നത്, സംഘടനകൾ ശക്തിപ്പെടുന്നത്.... എല്ലാം ഈ ഐക്യത്തിൻ്റെ ബലത്തിലാണ്. ഈ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരാരായാലും സമുദായ പുരോഗതിക്കാണ് അള്ള് വെക്കുന്നത്. അറിഞ്ഞോ അറിയാതെയോ കൂടെ ആടിക്കൊടുക്കുന്നവരെ ഓർത്ത് സഹതപിക്കുകയേ നിർവാഹമുള്ളൂ. ഈ തുരുത്ത് തകർന്നാൽ മറ്റൊരു തുരുത്തില്ല.

CT.A.Kadher