തലമുറകളെ പ്രചോദിപ്പിക്കുന്ന വാക്കുകൾ ലോകത്തിന് സമ്മാനിച്ചാണ് മഹാനായ എ.പി.ജെ.അബ്ദുൽ കലാം ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിൻ്റെ ഉദ്ധരണികൾ നമുക്ക് നൽകുന്ന പോസിറ്റീവ് എനർജി ചെറുതല്ല. ഒരു കുടയ്ക്ക് മഴയെ തടഞ്ഞു നിർത്താൻ കഴിയില്ല. എന്നാൽ മഴയേൽക്കാതെ നിൽക്കാൻ കുട നമ്മെ സഹായിക്കുന്നു. അത് പോലെയാണ് ആത്മവിശ്വാസവും. ആത്മവിശ്വാസം കൊണ്ട് എല്ലായിപ്പോഴും നമുക്ക് വിജയിക്കാൻ കഴിയണമെന്നില്ല. പക്ഷേ, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും അവയോട് പോരാടി നിൽക്കാനും ആത്മവിശ്വാസം നമുക്ക് ശക്തിയും കരുത്തും പകരുന്നു. ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന് പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില ഇടാറുണ്ട്. മറ്റുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകള്‍ ഇതിനെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് നിരാശപ്പെടേണ്ട. തകര്‍ന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ ശ്രമിക്കാം. അതാണ് ശരിയായ വഴി. ആത്മവിശ്വാസത്തിന്റെ ആദ്യ പടി സ്വയം സ്നേഹിക്കുകയാണ്. ആദ്യം സ്വയം വിലയിരുത്തുക. സ്വന്തം കുറവുകളും സ്വഭാവത്തിലുള്ള പോരായ്മകളും തിരിച്ചറിയണം. ചില കാര്യങ്ങൾ പരിശ്രമത്തിലൂടെ പരിഹരിക്കാവുന്നവയാകും. അവ പരിഹരിക്കണം. ചില കാര്യങ്ങൾ പരിഹരിക്കുക എളുപ്പമല്ല. അവയെ നമ്മൾ അംഗീകരിക്കുക. സഹാനുഭൂതി ആത്മവിശ്വാസം വളർത്തുമെന്ന് വിദഗ്ധ പഠനങ്ങൾ പറയുന്നു. ചുറ്റുമുള്ളവരെ സഹായിക്കുകയോ സന്നദ്ധ സംഘടനകൾക്ക് സഹായം നൽകുകയോ ചെയ്യാം. ദിവസവും രാവിലെ ഉണരുമ്പോൾ അൽപ നേരം ശുഭപ്രതീക്ഷയോടെ ചെലവഴിക്കുക. ജീവിതത്തിലെ അനുഗ്രഹമെന്ന് കരുതുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് നന്ദിയോടെ ചിന്തിക്കുക. ഇനി ഇന്നത്തെ ദിവസം സുന്ദരമാകുമെന്ന് മനസ്സിലുറപ്പിക്കണം. രാത്രി ഉറങ്ങും മുൻപ് ആ ദിവസം സംഭവിച്ച നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ശത്രുക്കളെ ഭയന്ന് പലായനം ചെയ്യുന്നതിനിടയിലും തന്നെ പിന്തുടർന്നെത്തിയ സുറാഖയോട്, ഞങ്ങൾ അനതിവിദൂരമല്ലാത്ത ഭാവിയിൽ കിസ്റയേയും കൈസറിനേയും കീഴടക്കുമെന്ന് സൂചന നൽകുന്ന പുണ്യ നബി(സ്വ)യിൽ നാം കാണുന്നത് ആത്മവിശ്വാസത്തിൻ്റെ ഉജ്വലതയാണ്.
C.T.A.Khader