സമൂഹത്തിൻ്റെ ബഹുമുഖ പുരോഗതി ലക്ഷ്യമാക്കി, ആവശ്യമായ കർമപരിപാടികൾ ആസൂത്രണം നടപ്പാക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, കേരളത്തിനകത്തും പുറത്തുമുള്ള ഒരു കൂട്ടം വിദ്യാഭ്യാസ സാമൂഹിക സന്നദ്ധ സേവകരുടെ കൂട്ടായ്മയാണ് സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (CIGI).
1996 ൽ ഡോ. കെ.എം.അബൂബക്കറിൻ്റെ നേതൃത്വത്തിൽ രൂപീകൃതമായ സിജിയുടെ പ്രവർത്തനങ്ങളിൽ ഏതാണ്ട് തുടക്കകാലം മുതലേ സി.ടി.അബ്ദുൾ ഖാദർ പങ്കാളിയായിട്ടുണ്ട്.
വ്യത്യസ്ത കാലഘട്ടങ്ങളിലായി, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ, നോർത്ത് സോൺ വൈസ് ചെയർമാൻ, കാസറഗോഡ് ജില്ലാ ട്രഷറർ, സിജിയുടെ വ്യത്യസ്ത പദ്ധതികളായ ഗ്രാസ്റൂട്ട് ഏരിയ നെറ്റ്വർക്ക് ഡെവലപ്മെൻ്റ് (GRAND), മഹല്ല് പ്രൊജക്ട് എന്നിവയുടെ സംസ്ഥാന കോഡിനേറ്റർ, സോഷ്യൽ ആക്ഷൻ ഫോർ ഗ്രാസ്റൂട്ട് എംപവർമെൻ്റ് (SAGE) അസിസ്റ്റൻ്റ് കോഡിനേറ്റർ, സെൻ്റർ ഫോർ കൊളാബൊറേറ്റീവ് വർക്ക് (CCSW) ഡയറക്ടർ തുടങ്ങി നിരവധി പദവികളിലിരുന്ന് സിജിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സി.ടി.അബ്ദുൾ ഖാദറിന് സാധ്യമായിട്ടുണ്ട്.
പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ സ്ഥാപക സെക്രട്ടറിയും കോഡിനേറ്ററുമായാണ് തുടക്കം. ഡോ.കെ.എം.അബൂബക്കറാണ് 1.2. 2000 ചൊവ്വാഴ്ച ഉച്ചക്ക് 2.30 മണിക്ക് കെ.എം.ലോഡ്ജ് മിനി ഓഡിറ്റോറിയത്തിൽ വെച്ച് പയ്യന്നൂർ ഘടകം ഉൽഘാടനം ചെയ്തത്.
എക്സാം ഷുവർ ഹിറ്റ്, പയ്യന്നൂർ എക്സ്പാസ്കാൻ, എക്സ്പാ മലബാർ ഫോളോ അപ് ക്യാമ്പ്, വിദ്യാഭ്യാസ ബോധവൽക്കരണം കരിയർ ഗൈഡൻസ്, വിദ്യാഭ്യാസ- തൊഴിൽ മാർഗനിർദ്ദേശ ക്യാമ്പ് തുടങ്ങിയ നിരവധി പദ്ധതികൾക്ക് ഇക്കാലയളവിൽ നേതൃത്വം നൽകാനായി.
കണ്ണൂർ, കാസറഗോഡ് ജില്ലകളെ ചേർത്ത് സിജി നോർത്ത് സോൺ രൂപീകരിച്ചപ്പോൾ അതിൻ്റെ പ്രഥമ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് സി.ടി.യുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായിരുന്നു. ബാർകിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ ഡോ. മായിൻ കുട്ടിയായിരുന്നു ചെയർമാൻ.
സിജിയുടെ ഹ്യൂമൺ റിസോഴ്സസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2007 മെയ് 19, 20 ദിവസങ്ങളിൽ നടന്ന DECENNIAL FAMILY MEET ൻ്റെ സംഘാടക സമിതി വൈസ് ചെയർമാൻമാരിലൊരാളായിരുന്നു സി.ടി.അബ്ദുൾ ഖാദർ. ഇദ്ദേഹം നോർത്ത് സോൺ കോഡിനേറ്ററായിരിക്കെയാണ് 2006 ഏപ്രിൽ 27 ന് കണ്ണൂർ ഓഫീസ് ഉൽഘാടനം ചെയ്യപ്പെട്ടത്.
സ്വന്തം നാടായ തൃക്കരിപ്പൂരിൽ, ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ, ഗ്രാമ പഞ്ചായത്ത് ബോർഡിൻ്റെ സഹകരണത്തോടെ സിജി നടത്തിയ കരിയർ എക്സ്പോ വിജയിപ്പിക്കുന്നതിലും സി.ടി. നിർണ്ണായക പങ്ക് വഹിച്ചു. പരിപാടിയുടെ ജനറൽ കൺവീനറായിരുന്നു അദ്ദേഹം.2005 ജൂൺ 11, 12 (ശനി, ഞായർ) ദിവസങ്ങളിൽ നടന്ന എക്സ്പോ കാലികറ്റ് യൂണിവേഴ്സിറ്റി മുൻ വി.സി. ഡോ.കെ.കെ.എൻ.കുറുപ്പാണ് ഉദ്ഘാടനം ചെയ്തത്.
ഉൽഘാടന സമ്മേളനം, കരിയർ ലാബ്, കരിയർ എക്സിബിഷൻ, കരിയർ ഗേറ്റ്, കരിയർ ടോക്ക്, പ്രീ കൗൺസിലിങ്, എഡ്യുടേയ്ൻമെൻറ്, സമാപന സമ്മേളനം എന്നിവയടങ്ങിയതായിരുന്നു പരിപാടി.
ഡോ. മായിൻ കുട്ടി, മുജീബുല്ല, സകരിയ്യ, എം.എസ്.ജലീൽ, ഡോ.അബ്ദുൽ അസീസ് തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി 'വിജയഭേരി 2005' ൻ്റെ ഭാഗമാണ് എക്സിബിഷൻ നടന്നത്.
ഇതിന് പുറമേ ടീച്ചേഴ്സ് ഇഫക്റ്റീവ്നെസ് ട്രൈയിനിങ്, ലീഡർഷിപ്പ് ട്രൈയിനിങ്, പാരൻ്റ്സ് ഇഫക്റ്റീവ്നെസ് ട്രൈയിനിങ് തുടങ്ങിയ പരിപാടികളും വിജയഭേരിയുടെ ഭാഗമായി നടന്നു. എ.ജി.സി.ബശീർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെയാണ് ഈ പദ്ധതി നടന്നത്.
സിജിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ കരിയർ കാരവൻ സംഘടിപ്പിക്കപ്പെടുമ്പോൾ സംഘടനയുടെ സംസ്ഥാന കോഡിനേറ്ററായിരുന്നു സി.ടി.അബ്ദുൾ ഖാദർ. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ, വിശിഷ്യാ, കാരവൻ വിജയിപ്പിക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു.
ഈ ഒരു മാതൃക ആദ്യമായി പരിചയപ്പെടുത്തിയതും കാസറഗോഡ് ജില്ലാ കമ്മിറ്റിയായിരുന്നു.
2012 ജനുവരി 24 ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച കാരവൻ്റെ പ്രയാണം സമാപിച്ചത് 2012 ഫെബ്രുവരി 10 വെള്ളിയാഴ്ച ഉച്ചക്ക് തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ്.
വിദ്യാഭ്യാസ- കരിയർ വിദഗ്ധർ നയിച്ച ഈ കാരവനിൽ, കരിയർ ടോക്ക്, കരിയർ ക്ലിനിക്ക്, കരിയർ എക്സിബിഷൻ, കരിയർ അമ്പ്രല്ല തുടങ്ങിയ തുടങ്ങിയ സേവനങ്ങൾക്ക് പുറമേ, വിവിധ കോഴ്സ് - കരിയറുകളെക്കുറിച്ചുള്ള സംശയ ദൂരീകരണവും മാർഗ നിർദ്ദേശങ്ങളും സൗജന്യമായി നൽകുകയാണുണ്ടായത്.
വി.കെ.പി.ഇസ്മാഈൽ ഹാജി പ്രസിഡൻ്റും അസ്ലം.എം.എ.ജനറൽ സെക്രട്ടറിയും സി.ടി.അബ്ദുൾ ഖാദർ ട്രഷററുമായ കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ ശ്രദ്ധേയമായ നിരവധി പദ്ധതികളും പരിപാടികളുമാണ് നടന്നത്.
ആർ.പി.മാരെ വാർത്തെടുക്കാൻ 'പ്രീമാപ്', 'പ്രീമാപ് മാരത്തൺ', സിജി രാവ്, പ്രീമാപ് കോൺഫ്രൻസ്, CIGINITE, സിജി സ്നേഹ സംഗമം, ഇഫ്താർ മീറ്റ്, സെൻ്റർ ഫോർ കോമ്പിറ്റൻസി (C4C) ക്ക് കീഴിൽ ടാലൻ്റ് ട്രീ, മത്സര പരീക്ഷാ പരിശീലനം, പി.എസ്.സി. മോക് ടെസ്റ്റ് മാരത്തൺ, സി.എച്ച്.എസ്.എൽ. സെമിനാറും മോക് ടെസ്റ്റും, സി.എച്ച്.എസ്.എൽ പരിശീലനം, കരിയർ എക്സ്പോ, എഡ്യു സമ്മിറ്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഓൺലൈൻ കരിയർ സർവീസ്, ഐ.ഐ.എം, എൻ.ഐ.ടി. പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ട്രിപ്പുകൾ, സമ്മർ ക്യാമ്പുകൾ, അനാഥാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻ്റ് ട്രൈയിനിങ് ഫോർ എക്സലൻ്റ് പെർഫോമൻസ് (സ്റ്റെപ്), മാർചിങ് ടു മാർച്ച്, എൻഡോസൾഫാൻ സെമിനാർ, അനുമോദനങ്ങൾ, എ പ്ലസ് വിന്നേഴ്സ് ഗെറ്റ് ടുഗതർ തുടങ്ങിയവ അവയിൽ ചിലതാണ്.
വി.കെ.പി.ഇസ്മാഈൽ ഹാജി പ്രസിഡൻ്റും ടി.കെ.അബൂ സാലി മാസ്റ്റർ ജനറൽ സെക്രട്ടറിയും അബ്ദുൽ അസീസ് അക്കര ട്രഷററുമായാണ് നിലവിൽ ജില്ലാ കമ്മിറ്റി.
സിജിയുടെ കീഴിൽ, സമൂഹത്തിൻ്റെ ഗ്രാസ്റൂട്ട് ലെവലിലുള്ള ബഹുമുഖ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ടുള്ള അതി ബ്രഹത്തായ പദ്ധതിയാണ് സോഷ്യൽ ആക്ഷൻ ഫോർ ഗ്രാസ്റൂട്ട് എംപവർമെൻ്റ്(SAGE). ഈ പദ്ധതി വിഭാവനം ചെയ്യുന്നതിലും പ്രവൃത്തി പഥത്തിലെത്തിക്കുന്നതിലും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് സി.ടി.അബ്ദുൾ ഖാദർ. 2009 ൽ ആരംഭിച്ച ഈ സംരംഭത്തിൻ്റെ പൈലറ്റ് പ്രൊജക്ട്, കേരളത്തിലെ 10 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 20 കേന്ദ്രങ്ങളിൽ നടന്നു.
കാസറഗോഡ് ജില്ലയിൽ പടന്നയിൽ നടന്ന പദ്ധതികൾക്ക് സി.ടി.സവിശേഷമായി നേതൃത്വം നൽകി.
യോഗ്യതാ നിർണ്ണയ പരീക്ഷ, കരിയർ ഗൈഡൻസ് ക്ലാസ്, അവാർഡ് ദാനം, സ്കോളർഷിപ്പ് ബോധവൽകരണം, പാരൻ്റിങ് ക്ലാസ്, ബോധവൽക്കരണം, പി.എസ്.എസി കോച്ചിങ് ക്ലാസ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, കുടുംബ സംഗമം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പദ്ധതി കാലയളവായ ഒരു വർഷത്തിനുള്ളിൽ പടന്നയിൽ നടന്നത്. നല്ല റിസൾട്ട് ഉണ്ടാക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു.
സിജിയുടെ തന്നെ ഗ്രാസ്റൂട്ട് ഏരിയ നെറ്റ്വർക്ക് ഡെവലപ്മെൻ്റ് (GRAND) ഡയറക്ടർ, മഹല്ല് പ്രൊജക്ട് കോഡിനേറ്റർ എന്നീ നിലകളിലും ഗ്രാസ്റൂട്ട് ലെവലിൽ നിരവധി സേവനങ്ങൾ ചെയ്യാൻ സി.ടി.ക്ക് സാധ്യമായിട്ടുണ്ട്.
നിലവിൽ സിജിയുടെ സെൻ്റർ ഫോർ കൊളാബൊറേറ്റീവ് സോഷ്യൽ വർക് (CCSW) ഡയറക്ടറാണ് സി.ടി. ബിഹാറിലെ കിഷൻഗഞ്ചിൽ നടക്കുന്ന മോഡൽ പഞ്ചായത്ത് പ്രൊജക്ട് സി.സി.എസ്.ഡബ്ല്യുവിൻ്റെ കീഴിലാണ് നടക്കുന്നത്. സിജിയുടെയും പ്രയാൺ ഫൗണ്ടേഷൻ്റെയും സംയുക്ത സംരംഭമായിട്ടാണ് കിഷൻഗഞ്ചിലെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഡോ. ഇസഡ്.എ.അശ്റഫ്, ടി.സലീം, ഡോ.സുബൈർ ഹുദവി ചേകന്നൂർ എന്നിവരോടൊപ്പം സി.ടി.അബ്ദുൾ ഖാദറുമടങ്ങുന്ന സംഘം കിഷൻഗഞ്ച് സന്ദർശിച്ച് വിശദമായ പഠനം നടത്തി സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സഹകരിക്കാൻ സിജി തീരുമാനിച്ചത്.
നിലവിൽ സിജിയുടെ ഒരു കോഡിനേറ്റർ കിഷൻഗഞ്ചിൽ സേവനം ചെയ്യുന്നു.
For more details:
www.cigi.org
cigihq@cigi.org
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്ക് കീഴിലെ പൊതു വിദ്യാഭ്യാസ വിഭാഗമാണ് സെൻ്റർ ഫോർ പബ്ലിക്ക് എജ്യുക്കേഷൻ ആൻറ് ട്രൈയിനിങ് (സിപെറ്റ് ).
ഇങ്ങനെയൊരു ഡിപ്പാർട്ട്മെൻ്റ് ആരംഭിക്കുകയെന്ന ആശയത്തിലേക്ക് എത്തുന്നതിൽ സി.ടി.അബ്ദുൾ ഖാദറിന് നിർണായക പങ്കുണ്ട്.
ഫാപിൻസിൻ്റെ 'ഹിക്മ 'ക്ക് കീഴിൽ നടന്ന് വന്നിരുന്ന ഇമാം കോഴ്സാണ് പിന്നീട് പരിഷ്കരിക്കപ്പെട്ട് സിപറ്റിൻ്റെ 'ഡിപ്ലോമ ഇൻ ട്രാൻസ്ഫോർമേഷണൽ ലീഡർഷിപ്പ് ഫോർ ഇമാംസ്' ആയി മാറിയത്. 2012 ജനുവരി 12 ന് ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈ കോഴ്സ് ലോഞ്ച് ചെയ്തു. ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ അധ്യക്ഷനായിരുന്നു. ആയിരക്കണക്കിന് ഖത്തീബുമാരും ഇമാമുമാരും ഇതിനകം ഈ കോഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞു.
For more details:
www.dhiu.in
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഹാദിയ ( ഹുദവീസ് അസോസിയേഷൻ ഫോർ ഡിവോട്ടഡ് ഇസ്ലാമിക് ആക്റ്റിവിറ്റീസ്). ഹാദിയയുടെ സ്വപ്ന പദ്ധതിയാണ് പാണക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ സോഷ്യൽ എക്സലൻസ് (സി.എസ്.ഇ). പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ചെയർമാനായ സി.എസ്.ഇ.യുടെ വൈസ് ചെയർമാൻമാരിലൊരാളാണ് സി.ടി.അബ്ദുൾ ഖാദർ.
സമുദായത്തിന് ബൗദ്ധികവും ധൈഷണികവുമായ നേതൃത്വം നൽകാൻ കഴിയുന്ന ഒരു കേന്ദ്രമായി വളരുകയെന്ന ലക്ഷ്യത്തോടെ 2015 ൽ മലപ്പുറം ജില്ലയിലെ പാണക്കാട് ആരംഭിച്ച സെൻ്റർ ബൗദ്ധിക - വിദ്യാഭ്യാസ - സാമൂഹിക മേഖലകളിൽ സ്ത്യുതർഹമായ നിരവധി സേവനങ്ങൾ അർപ്പിച്ച് കൊണ്ടിരിക്കുന്നു.
ആറ് ഡിപ്പാർട്ട്മെൻ്റുകളിലായാണ് പ്രധാനമായും സി.എസ്.ഇ.യുടെ പ്രവർത്തനങ്ങൾ നടക്കുന്നത്:
1. ദാറുൽ ഹിക്മ: ഈ ഡിപ്പാർട്ട്മെൻ്റിന് കീഴിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായി 'ബിദായ', പുതു മുസ്ലിംകൾക്കായി 'ബിസ്മി', 'ഹിദായ', അനൗപചാരിക മത വിദ്യാഭ്യാസം നൽകുന്ന 'ഹിമായ' / CCIP, ClBlS, യുവാക്കൾക്കായി 'ലൈഫ്', മത താരതമ്യ പഠനത്തിനായി 'രിസാല' എന്നീ കോഴ്സുകൾ നടക്കുന്നു.
2. റിസോഴ്സ് ഹബ്: ഈ ഡിപ്പാർട്ട്മെൻ്റിന് കീഴിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികാസവും മോട്ടിവേഷനും ലക്ഷ്യം വെച്ച് 'Able ', ഹയർ സെക്കണ്ടറി, ഡിഗ്രി വിദ്യാർത്ഥികൾക്ക് കരിയർ ഓറിയൻ്റേഷൻ നൽകാൻ ' Code ', പ്രാഥമിക ഇംഗ്ലീഷ് ഭാഷാ പഠനത്തിന് 'Lead ', അറബിക്, ഇംഗ്ലീഷ്, ഫ്രെഞ്ച്, സ്പാനിഷ് തുടങ്ങി വിദേശ ഭാഷാ പഠനത്തിനായി 'Leaf Language Garden ', തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ കരിയർ ഗൈഡൻസും കൗൺസിലിങ്ങും നൽകുന്ന 'Map lndia', ട്രൈയിനേഴ്സ് പൂൾ തുടങ്ങിയ കോഴ്സുകൾ നടക്കുന്നു.
3. ബുക്ക് പ്ലസ്: അക്കാദമിക് മാൾ, ബുക്ക് ഷെൽഫ്, ദാറുസ്സുഫ്ഫ, കിഡ്സ് പ്ലസ്, റിസേർച്ച് കൊളോക്വിയം, റിസേർച്ച് ലൈബ്രറി എന്നിവയടങ്ങിയതാണ് ബുക്ക് പ്ലസ്.
4. ഇൻസ്റ്റിറ്റ്യൂഷണൽ എംപവർമെൻ്റ്: ഇന്ത്യയിലാകമാനം മദ്രസാ സംവിധാനം നടപ്പിലാക്കുന്ന ഹാദിയ മോറൽ സ്കൂൾ പ്രൊജക്ട്, മോഡൽ വില്ലേജ് പ്രൊജക്ട്, മഹല്ല് ശാക്തീകരണത്തിനായി 'Meet ' പദ്ധതി, നാഷണൽ ലീഡർഷിപ്പ് സ്കൂൾ, ടീച്ചേഴ്സ് ആൻറ് മാനേജ്മെൻ്റ് ട്രൈയിനിങ് തുടങ്ങിയവ ഈ ഡിപ്പാർട്ട്മെൻ്റിന് കീഴിൽ നടക്കുന്നു.
5. മീഡിയ ലൈൻ: മീഡിയ സ്കൂൾ, യൂ ട്യൂബ് ചാനലുകൾ, ഓൺലൈൻ അക്കാദമി, റെസ്പോൺസ് വിങ്, മീഡിയ സ്റ്റുഡിയോ തുടങ്ങിയവ ഈ ഡിപ്പാർട്ട്മെൻ്റിന് കീഴിൽ വരുന്നു.
6. സോഷ്യോ- ഹെൽത്ത് ക്ലബ്ബ്.
കാലഘട്ടത്തിൻ്റെ അനിവാര്യത തിരിച്ചറിഞ്ഞ് കേരളേതര സംസ്ഥാനങ്ങളിലാണ് നിലവിൽ ഹാദിയയും സി.എസ്.ഇ.യും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
For more details:
www.hadia.in
csehadia@gmail.com
hadiacentral@gmail.com
സി.ടി.അബ്ദുൾ ഖാദറിൻ്റെ പ്രധാന കർമ മണ്ഡലങ്ങളിലൊന്ന് സുന്നീ മഹല്ല് ഫെഡറേഷനാണ്. കേരളത്തിലെ ആധികാരിക മത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങൾ അംഗീകരിക്കുന്ന അയ്യായിരത്തിലേറെ മഹല്ലുകളുടെ കൂട്ടായ്മയാണിത്. ഗ്രാസ്റൂട്ട് ലെവലിലാണ് പുരോഗതികൾ സാധ്യമാകേണ്ടത് എന്ന് ഉറച്ച് വിശ്വസിക്കുന്ന സി.ടി.അതിനുള്ള വേദിയായി SMF നെ ഉപയോഗപ്പെടുത്തുകയായിരുന്നു. സിജിയിലെയും ഫാപിൻസിലെയും അനുഭവങ്ങൾ എസ്.എം.എഫിൽ അദ്ദേഹത്തിന് കരുത്തായി.
2012 ൽ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായാണ് സി.ടി. എസ്.എം.എഫിലേക്ക് രംഗ പ്രവേശം നടത്തുന്നത്. നിർജീവമായിരുന്ന മണ്ഡലം കമ്മിറ്റിയെ സജീവമാക്കാൻ കുറഞ്ഞ കാലം കൊണ്ട് തന്നെ സി.ടി.ക്ക് സാധ്യമായി. കേവലം 6 മഹല്ലുകൾ മാത്രമുണ്ടായിരുന്നിടത്ത് നിന്ന് ആദ്യത്തെ വർഷം തന്നെ മണ്ഡലം പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നും നീലേശ്വരം മുനിസിപ്പാലിറ്റിയിൽ നിന്നുമായി 56 മഹല്ലുകളെ SMF ൽ അംഗങ്ങളാക്കാൻ കഴിഞ്ഞു.
കാലിക പ്രാധാന്യവും സാമയിക പ്രസക്തിയുമുള്ള നിരവധി പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കി.
ഇമാം ട്രൈയിനിങ്, സ്വദേശി ദർസ്, കുടുംബ സംഗമം, അയൽക്കൂട്ടം, തൻബീഹ് കാമ്പയിൻ, ആർ.ഡി.സി, കുരുന്നു കൂട്ടം, മദ്റസാ പ്രവേശനോൽസവം, മുഅല്ലിം ട്രൈയിനിങ്, ഈസി എക്സാം, ടീച്ചേഴ്സ് ട്രൈയിനിങ് പ്രോഗ്രാം, പി.എസ്.എസി. പരിശീലനം, തൊഴിലറിയിപ്പുകൾ, എഫക്റ്റീവ് കമ്മ്യൂണിക്കേഷൻ, പ്രീ മാരിറ്റൽ ട്രൈയിനിങ്, കൗൺസിലിങ്, മസ്ലഹത്, പഞ്ചായത്ത് - മഹല്ല് തല സംഗമങ്ങൾ, ബുള്ളറ്റിൻ ബോർഡ് വിതരണം, കോഡിനേറ്റേഴ്സ് ട്രൈയിനിങ്, മൈനോറിറ്റി പ്രമോട്ടേഴ്സ് ട്രൈയിനിങ്, കേന്ദ്ര- സംസ്ഥാന ഗവ.കളുടെ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ പരിചയപ്പെടുത്തുന്ന ഹാൻഡ് ബുക്ക് വിതരണം, ഇഫ്താർ മീറ്റ്, നസീഹത്ത്, മഹല്ല് വെബ് സൈറ്റ്, സോഫ്റ്റ് വെയർ, മൈക്രോ ഫിനാൻസിങ്, മഹല്ല് സ്മാർട്ട് റൂം, വയോജനങ്ങൾക്കായി സ്നേഹസ്പർശം, സ്കൂൾ ഓഫ് പാരൻ്റിങ്, പ്രവാസികൾക്കായി റിമോർട്ട് പാരൻ്റിങ് തുടങ്ങി നിരവധി നവംനവങ്ങളായ പദ്ധതികളിലൂടെ സംസ്ഥാനത്തെ ഏറ്റവും ചലനാത്മകമായ SMF ഘടകമായി സി.ടി.യുടെ ആദ്യ ടേമിൽ തന്നെ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി മാറി.
ഈ പ്രവർത്തനങ്ങളുടെയെല്ലാം ആസ്ഥാനമായി ചന്തേരയിൽ ഓഫീസ് കം ട്രൈയിനിങ് സെൻ്റർ 2012 സെപ്റ്റംബറിൽ സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.
2012 സെപ്റ്റംബർ 11 ചൊവ്വാഴ്ച ചന്തേര സി.എം.ഉസ്താദ് നഗറിൽ നടന്ന മണ്ഡലം സമ്മേളനം ഈ ഉണർവിൻ്റെ സാക്ഷ്യമായി.
രാവിലെ 10 ന് ഖത്തീബ് ശിൽപശാലക്ക് എ.പി.നിസാം ഗുരുവായൂർ നേതൃത്വം നൽകി.
വൈകിട്ട് 4 മണിക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.പി.നസീർ നയിച്ച സെമിനാർ നടന്നു.
പൊതു സമ്മേളനത്തിൽ സയ്യിദ് റശീദലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, യു.എം.അബ്ദു റഹ്മാൻ മൗലവി, ചെർക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എൽ.എ, ഡോ.സുബൈർ ഹുദവി ചേകന്നൂർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
അതേ വർഷം തന്നെ സി.ടി. സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അർഹതക്കുള്ള അംഗീകാരമായി.
2013 ഒക്ടോബറിൽ മണ്ഡലം കമ്മിറ്റിയുടെ റമളാൻ കാമ്പയിൻ നടന്നു. ദ്വിദിന റമളാൻ പ്രഭാഷണം, കോഡിനേറ്റേഴ്സ് മീറ്റ്, ഇഫ്താർ വിരുന്ന് തുടങ്ങിയവ നടന്നു.
20.11.2013 ബുധനാഴ്ച പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്ത പ്രീ മാരിറ്റൽ ട്രൈയിനിങ് പിന്നീടൊരു ചരിത്ര പദ്ധതിയായി മാറി. മണ്ഡലം കമ്മിറ്റിയുടെ പദ്ധതി സ്റ്റേറ്റ് കമ്മിറ്റി ഏറ്റെടുത്തു. സംസ്ഥാന തലത്തിൽ സയ്യിദ് റശീദലി ശിഹാബ് തങ്ങളുടെ തന്നെ നേതൃത്വത്തിൽ പ്രീ മാരിറ്റൽ ഗവേണിങ് ബോഡി രൂപം കൊണ്ടപ്പോൾ സി.ടി. പ്രഥമ വർക്കിങ് കൺവീനറായി.
31.05.14 ന് ശനിയാഴ്ച ചന്തേരയിൽ നടന്ന മുഖാബല 2014 മണ്ഡലം സമാഗമം മറ്റൊരു പ്രധാന പ്രവർത്തനമായിരുന്നു.
6.7.2014 ഞായറാഴ്ച നടന്ന 'മഹ്ഫിൽ 2014 ' SMF റമളാൻ സംഗമം സി.ടി.യുടെ തൊപ്പിയിൽ മറ്റൊരു പൊൻ തൂവലായി. ചന്തേരയിൽ നടന്ന പരിപാടിയിൽ മുനീർ ഹുദവി വിളയിലിൻ്റെ റമളാൻ പ്രഭാഷണം, ചെർക്കളം അബ്ദുല്ല, ഡോ.പി.നസീർ തുടങ്ങിയവർ പങ്കെടുത്ത മൈനോരിറ്റി സെമിനാർ, കോഡിനേറ്റേഴ്സ് മീറ്റ്, സമൂഹ നോമ്പ് തുറ തുടങ്ങിയവ ഉണ്ടായിരുന്നു.
12.11.2014 ബുധനാഴ്ച രാവിലെ ചന്തേരയിൽ വെച്ച് തൃക്കരിപ്പൂർ മണ്ഡലം SMF ദ്വൈവാർഷിക സംഗമം 'തസ്വ്രീഹ് 2014 ' നടന്നു.
ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ, ചെർക്കളം അബ്ദുല്ല, യു.എം.അബ്ദു റഹ്മാൻ മുസ്ലിയാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
മണ്ഡലം കമ്മിറ്റി വിഭാവനം ചെയ്ത പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്ന മഹല്ലുകൾക്കായി ബെസ്റ്റ് മഹല്ല് അവാർഡ് സ്കീമിൻ്റെ പ്രഖ്യാപനവും പദ്ധതി സമർപ്പണവും ചെറുശ്ശേരി ഉസ്താദ് നിർവഹിച്ചു.
ഇതിൻ്റെ മിഡിൽ ഈസ്റ്റ് വേർഷനും നടന്നു.
അതേ മാസം തന്നെ സംസ്ഥാന പ്രീ മാരിറ്റൽ കോഴ്സ് ഗവേണിങ് ബോഡിയുടെ നേതൃത്വത്തിൽ ആർ.പി.ഓറിയൻ്റേഷൻ ക്യാമ്പ് കോഴിക്കോട് ഇസ്ലാമിക് സെൻ്ററിൽ നടന്നു.
10.3.15 ന് SKSSF ഇബാദിൻ്റെ സ്റ്റേറ്റ് 'ഖാഫില' ക്ക് SMF മണ്ഡലം കമ്മിറ്റി ആതിഥ്യമരുളി.
തൻശീത്വ് 2015 എന്ന പേരിലാണ് അത്തവണ റമളാൻ ക്യാമ്പയിൻ നടന്നത്.
തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ' തൻബീഹ് 'റമളാൻ ക്യാമ്പയിൻ, റമളാൻ ദഅവാ സെൽ(RDC), സംസ്ഥാനത്താദ്യമായി ഇമാം കോഴ്സ് ( പിന്നീടിത് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. ഖത്തീബ് ഇൻ സർവീസ് കോഴ്സായി മാറി. ജംഇയ്യത്തുൽ ഖുത്വബാഇൻ്റെ രൂപീകരണത്തിനും ഇത് പ്രചോദനമായി), മണ്ഡലത്തിലെ പ്രധാന വനിതാ കാമ്പസുകളിൽ പ്രീ മാരിറ്റൽ കോഴ്സ്, പാരൻ്റിങ് കോഴ്സ് (ഇതും സംസ്ഥാന കമ്മിറ്റി പിന്നീട് ഏറ്റെടുത്തു. അതിൻ്റെ ലോഞ്ചിങ് നടന്നതും തൃക്കരിപ്പൂർ മണ്ഡലത്തിൽ തന്നെ ), വഖഫ് ആദാലത്ത്, വർക്ഷോപ്, മണ്ഡലം - പഞ്ചായത്ത് കൺവെൻഷനുകൾ, വിദേശ ക്ലസ്റ്ററുകളുടെ രൂപീകരണം തുടങ്ങി സജീവമായ കർമ പദ്ധതികൾ കൊണ്ട് പ്രൗഢമായിരുന്നു സി.ടി.അബ്ദുൾ ഖാദർ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന കാലം.
2016 ജനുവരി 7 വ്യാഴാഴ്ച നടന്ന ' സമാഗമം 2016' മണ്ഡലം സമ്മേളനം മറ്റൊരു ചരിത്രമായിരുന്നു. ദുബായ് - ഷാർജ ക്ലസ്റ്റർ കമ്മിറ്റികൾ സ്പോൺസർ ചെയ്ത ഒരു ലക്ഷം രൂപയുടെ ബെസ്റ്റ് മഹല്ല് അവാർഡ് വിതരണവും സമ്മേളനത്തിൽ നടന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഉമർ ഫൈസി മുക്കം, മാണിയൂർ അഹ്മദ് മൗലവി, യു.എം.അബ്ദു റഹ്മാൻ മൗലവി, സിംസാറുൽ ഹഖ് ഹുദവി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
2017 ജനുവരി 24 ചൊവ്വാഴ്ച ചന്തേരയിൽ വെച്ച് ഇസ്ലാമിക് പാരൻ്റിങ് കോഴ്സ് ലോഞ്ചിങ് നടന്നു.
2017 ജൂൺ 4 ന് 'തഖ്വിയ 17 ' എന്ന ശീർഷകത്തിൽ മഹല്ല് ശാക്തീകരണ സംഗമവും ഇഫ്താർ മീറ്റും നടന്നു.
മണ്ഡലം ജനറൽ സെക്രട്ടറിയെന്ന നിലയിൽ സി.ടി.കാണിച്ച
ഈ പ്രവർത്തന മികവിൻ്റെ അംഗീകാരം എന്ന നിലയിലാണ് SMF സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
തുടർന്ന്, സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടത്തപ്പെട്ട നിരവധി സംഗമങ്ങളിലും സംരംഭങ്ങളിലും അദ്ദേഹം കയ്യൊപ്പ് ചാർത്തി.
2015 ഏപ്രിൽ 1 ബുധനാഴ്ച ചെമ്മാട് ദാറുൽ ഹുദയിൽ വെച്ച് നടന്ന 'അവൈക്കനിങ് 2015' (സമ്പൂർണ്ണ മഹല്ല് സംഗമം),
2016 നവംബർ 7 ന് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് നടന്ന SMF ഇസ്ലാമിക് പാരൻ്റിങ് കോൺഫ്രൻസ്,
2017 ഏപ്രിൽ 26, 27 തിയ്യതികളിൽ തൃശൂർ ജില്ലയിലെ ദേശമംഗലത്ത് വാദീ ഖുബായിൽ നടന്ന നാഷണൽ ഡെലിഗേറ്റ്സ് മീറ്റ്, 2018 ഏപ്രിൽ 20, 21, 22 തിയ്യതികളിൽ കാസറഗോഡ് ജില്ലയിലെ കൈതക്കാട് നടന്ന ലൈറ്റ് ഓഫ് മദീന മഹല്ല് പ്രവർത്തന പദ്ധതി ദൃശ്യാവിഷ്കാരം, 2019 ജനുവരി 30 ബുധനാഴ്ച ചെമ്മാട് ദാറുൽ ഹുദയിൽ വാദീ അറഫയിൽ നടന്ന സംസ്ഥാന ഉമറാ കോൺഫ്രൻസ്, അതേ വർഷം മാർച്ച് 5, 6 ചൊവ്വ, ബുധൻ ദിവസങ്ങളിൽ തൃശൂർ ചെറുതുരുത്തിയിൽ നടന്ന SMF ഇത്തിഹാദ് - 2019, അതേ വർഷം തന്നെ ഡിസംബർ 19 ന് തൃക്കരിപ്പൂർ വെച്ച് നടന്ന SMF കമ്മ്യൂണിറ്റി സെൻ്ററിൻ്റെ സംസ്ഥാന തല ഉൽഘാടനം തുടങ്ങിയവയുടെയെല്ലാം വിജയത്തിൽ സി.ടി. തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.
2015 ഏപ്രിൽ ഒന്നിന് ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന 'അവൈക്കനിങ്' പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഒരു ഉണർത്തലായിരുന്നു. പ്രീ മാരിറ്റൽ കോഴ്സിൻ്റെ സംസ്ഥാന തല ലോഞ്ചിങ് നടന്നത് ഈ സംഗമത്തിലാണ്.
മഹല്ല് രജിസ്ട്രേഷൻ ട്രൈയിനിങ്, സർക്കാറിൻ്റെ ന്യൂനപക്ഷ- പൊതുക്ഷേമ പദ്ധതികൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം, പ്രീ മാരിറ്റൽ കോഴ്സ് തുടങ്ങിയ സെഷനുകളായാണ് പരിപാടി നടന്നത്.
മറ്റൊരു ശ്രദ്ധേയമായ പദ്ധതിയായ ഇസ്ലാമിക് പാരൻ്റിങ് കോഴ്സിൻ്റെ സംസ്ഥാന തല ലോഞ്ചിങ് നടക്കുന്നത് 2016 നവമ്പർ 7 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പന്തീർപാടത്ത് സെഞ്ച്വറി ഹാളിൽ വെച്ച് നടന്ന ഇസ്ലാമിക് പാരൻ്റിങ് കോൺഫറൻസിൽ വെച്ചാണ്. രണ്ട് കോഴ്സുകളും ലോഞ്ച് ചെയ്തത് ആദരണീയരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു.
2017 ഏപ്രിൽ 26, 27 തിയ്യതികളിൽ തൃശൂർ ദേശമംഗലം മലബാർ എഞ്ചിനീയറിങ് കോളേജ് അങ്കണത്തിൽ 'വാദീ ഖുബാ'യിൽ നടന്ന SMF നാഷണൽ ഡെലിഗേറ്റ്സ് മീറ്റ് സംഘടനയുടെ ചരിത്രത്തിലെ തന്നെ നിർണായകമായൊരു നാഴികക്കല്ലായിരുന്നു. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്ത സംഗമം ചടുലമായ ചിന്തകൾക്കും ചർച്ചകൾക്കും വേദിയായി.
ഈ സംഗമത്തിൽ വെച്ചാണ് 'ലൈറ്റ് ഓഫ് മദീന ' പ്രഖ്യാപിക്കപ്പെടുന്നത്.
'ലൈറ്റ് ഓഫ് മദീന ' പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. ആൾക്കൂട്ടങ്ങൾക്കും ശബ്ദഘോഷങ്ങൾക്കുമപ്പുറത്ത് ക്രിയാത്മകമായ ഒരു ചിന്തയായിരുന്നു 'ലൈറ്റ് ഓഫ് മദീന '. മദീനത്തുന്നബിയുടെ മിനിയേച്ചറുകളായി മാറേണ്ട മഹല്ലുകളിൽ പുത്തനുണർവ് സാധ്യമാക്കാൻ SMF സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത പദ്ധതികൾ മഹല്ല് ഭാരവാഹികൾക്ക് ദൃശ്യ-ശ്രാവ്യ ആവിഷ്കാരങ്ങളിലൂടെ ബോധ്യപ്പെടുത്തുകയായിരുന്നു 'ലൈറ്റ് ഓഫ് മദീന '.
അയ്യായിരത്തോളം മഹല്ലുകളിൽ നിന്നായി ഇരുപതിനായിരം പ്രതിനിധികളാണ് 2018 ഏപ്രിൽ 20, 21, 22 വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കൈതക്കാടെത്തി ശാന്തസുന്ദരമായ പ്രദർശനം ആസ്വദിച്ചും അനുഭവിച്ചും തിരിച്ച് പോയത്.
പ്രഖ്യാപനം നടന്ന ശേഷം, രണ്ട് ബ്രെയിൻ സ്റ്റോമിങ് സെഷനുകൾ, 3 സോണൽ സമ്മിറ്റുകൾ, 'സ്പാർക് ' എന്ന പേരിൽ 120 മേഖലാ സമ്മേളനങ്ങൾ , ആയിരത്തോളം കേന്ദ്രങ്ങളിൽ മഹല്ല് സമ്മേളനങ്ങൾ, നാഷണൽ മീറ്റുകൾ, അന്തർദേശീയ സംഗമങ്ങൾ എന്നിവക്ക് ശേഷമാണ് ' ലൈറ്റ് ഓഫ് മദീന 'സംഭവിച്ചത്.
മഹല്ല് ഭരണം, മസ്ജിദ്, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വ്യത്യസ്തമായ പവലിയനുകളിലായി ഒരുക്കപ്പെട്ട കാഴ്ചകൾ മഹല്ല് ഭാരവാഹികൾക്ക് നവ്യാനുഭവമായിരുന്നു.
തൊട്ടടുത്ത വർഷം, ദാറുൽ ഹുദായിൽ 'വാദീ അറഫ'യിൽ സംസ്ഥാന ഉമറാ കോൺഫ്രൻസ് നടന്നു. സമൂഹത്തിൽ വർധിച്ച് വരുന്ന കുടുംബ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ച 'സംതൃപ്ത കുടുംബം', സാമ്പത്തിക ഇടപാടുകളിലെ സൂക്ഷമതയും പരിശുദ്ധിയും വളർത്തി, പലിശ രഹിത സമൂഹത്തെ സൃഷ്ടിക്കാൻ 'ധനകാര്യം: വിനിമയവും വിശുദ്ധിയും', ഉലമാ - ഉമറാ ബന്ധം ഊട്ടിയുറപ്പിക്കാൻ 'സംഘർഷ രഹിത സമൂഹം' എന്നീ 3 സെഷനുകളിലായാണ് ഈ സംഗമം നടന്നത്. അയ്യായിരം പ്രതിനിധികൾ പങ്കെടുത്തു.
ഈ മൂന്ന് മഹാ സംഗമങ്ങൾ നൽകിയ അനുഭവ പാഠങ്ങളുടെ പശ്ചാത്തലത്തിൽ SMF ൻ്റെ കർമപദ്ധതികൾ സമയബന്ധിതമായി മഹല്ലുകളിൽ നടപ്പിലാക്കാനാവശ്യമായ കാര്യങ്ങളെക്കുറിച്ചാലോചിക്കാനാണ് 2019 മാർച്ച് 5, 6 ചൊവ്വ, ബുധൻ ദിവസങ്ങളിൽ 'ഇത്തിഹാദ്' നടന്നത്. SMF സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, ജംഇയ്യത്തുൽ ഖുത്വബാഅ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, SMF പ്രൊജക്ട് വിങ് മെമ്പർമാർ എന്നിവരാണ് ഈ സംഗമത്തിൽ പങ്കെടുത്തത്.
ഇത്തരം സംഗമങ്ങളിലൂടെ ഉരിത്തിരിഞ്ഞ് വന്ന പദ്ധതികൾ സമൂഹത്തിൻ്റെ താഴേക്കിടയിലെത്തിക്കാനുള്ള പദ്ധതിയാണ് SMF കമ്മ്യൂണിറ്റി സെൻ്റർ.
'ഉത്തമ കുടുംബം, ഉന്നത സമൂഹം' എന്നതാണ് കമ്മ്യൂണിറ്റി സെൻ്ററിൻ്റെ പ്രമേയം.
കൗൺസിലിങ്, മസ്ലഹത്, ട്രൈയിനിങ്, ഗൈഡൻസ് എന്നിവയാണ് കർമ മേഖലകൾ.
സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ ഈ സെൻ്ററുകൾ ആരംഭിക്കാനാണ് പദ്ധതി.
പ്രഥമ സെൻ്റർ കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലാണ് ഉൽഘാടനം ചെയ്യപ്പെട്ടത്.
സി.ടി.അബ്ദുൾ ഖാദർ നിലവിൽ SMF സംസ്ഥാന സെക്രട്ടറി, പ്രൊജക്ട് വിങ് ജനറൽ കൺവീനർ, സ്റ്റേറ്റ് കമ്യൂണിറ്റി സെൻ്റർ ജനറൽ കൺവീനർ തുടങ്ങിയ പദവികൾ വഹിക്കുന്നു.
For more details:
www.smfkerala.com
KISHANGANJ (Bihar ) ലെ വ്യത്യസ്ത കർമ്മ പദ്ധതികൾ
HADIYA CSE
PRAYAN
QURTHUBA
ഹാദിയ
ദാറുല്‍ ഹുദായുടെയും ഹാദിയയുടെയും തണലില്‍, കേരളത്തിലെ മതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് ഹാദിയ മൂന്ന് കോഡിനേറ്റര്‍മാരെ ബീഹാറിലെ കിഷന്‍ഗഞ്ചിലേക്ക് നിയോഗിക്കുന്നത്. പ്രാഥമിക മതവിദ്യാഭ്യാസം നല്കുന്ന നമ്മുടെ നാട്ടിലെ മദ്റസകള്‍ക്കു തുല്യമായ മക്തബുകള്‍ ഉണ്ടാക്കുകയായിരുന്നു ആദ്യപടി. ആദ്യവര്‍ഷം തന്നെ വിവിധ ഗ്രാമങ്ങളിലായി അന്‍പതോളം മക്തബുകള്‍ ആരംഭിക്കാനും അടിത്തട്ടില്‍ ചെറിയ രീതിയിലെങ്കിലും സ്വാധീനം ചെലുത്താനും സാധിച്ചു. മക്തബുകള്‍ നടത്താവുന്ന ഇടങ്ങള്‍ കണ്ടുപിടിച്ച് അധ്യാപകരക്കും മാനേജ്മെൻ്റിനും കൃത്യമായ പരിശീലനം നല്‍കിയാണ് മക്തബുകൾ ആരംഭിക്കുന്നത്. ഹാദിയ തയ്യാറാക്കിയ, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രിന്റ് ചെയ്യുന്ന പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ് മക്തബുകളിലെ പ്രവര്‍ത്തനരീതി. ഇതിന് പുറമെ, യോഗ്യരായ അധ്യാപകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള അധ്യാപക പരിശീലനം, സംവിധാനത്തിന്റെ ഭംഗിയായ നടത്തിപ്പ് ഉറപ്പുവരുത്താനായുള്ള ഇന്‍സ്പെക്ഷനുകള്‍, പഠനനിലവാരം മെച്ചപ്പെടുത്താനുള്ള പരീക്ഷകള്‍, കലാപരമായ കഴിവുകള്‍ക്ക് വേദിയും പ്രോത്സാഹനവും ഒരുക്കുന്ന വിവിധ മത്സരങ്ങള്‍, പാരന്റ്സ് മീറ്റിംഗുകള്‍, മാനേജ്മന്റ് മീറ്റിംഗുകള്‍ എന്നിവയും ഹാദിയ നേരിട്ട് തന്നെ നടത്തിപ്പോരുന്നു.
പദ്ധതിയുടെ വിജയം കണ്ടും അനുഭമിച്ചുമറിഞ്ഞ് കൂടുതല്‍ ഗ്രാമങ്ങളും മക്തബുകളും ഹാദിയയുടെ സംവിധാനത്തിലേക്ക് കടന്നുവരുന്ന നല്ല കാഴ്ചയാണിന്ന് പലയിടത്തും.
മക്തബുകള്‍ക്ക് പുറമെ പിന്നാക്കാവസ്ഥ നിലനില്‍ക്കുന്ന ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് മഹല്ല് എംപവര്‍മെന്റ് പ്രോഗ്രാം, ഹാദിയ മോഡല്‍ മദ്റസകള്‍ എന്നിവയും ഹാദിയയുടെ കീഴില്‍ നടന്നുവരുന്നു. നിലവില്‍, ബീഹാറിലെയും വെസ്റ്റ് ബംഗാളിലെയും കിഷന്‍ഗഞ്ച്, പൂര്‍ണിയ, അററിയ, ഉത്തര്ദിനാജ്പൂര് എന്നിങ്ങനെ നാലു ജില്ലകളിലായി 11 റെയ്ഞ്ചുകളില്‍ 9 മുഫത്തിശുമാരുടെ നേതൃത്വത്തില്‍ 250 ഓളം അധ്യാപകരും എട്ടായിരത്തോളം വിദ്യാര്‍ഥികളും ഈയൊരു തണലിനു കീഴില്‍ വിദ്യ നുകരുന്നു. ശാഹ്ടോള, സീമല്ബാഡി, ബെല്‍വ, കസേരപ്പട്ടി, പശ്ചിംടോള എന്നീ ഗ്രാമങ്ങളില്‍ ഹാദിയയുടെ മഹല്ല് എംപവര്‍മെന്റ് പ്രൊജക്ടും രണ്ടിടങ്ങളില്‍ ഖുര്‍ആന്‍ ലിറ്ററസി പ്രോഗ്രാമും മൂന്നിടങ്ങളില്‍ സ്ത്രീകള്‍ക്കായുള്ള തഅ്ലീമെ ബാലിഗാന് എന്ന കോഴ്സും നടന്നുവരുന്നുണ്ട്.
പ്രയാണ്‍ ഫൗണ്ടേഷന്
2017ല്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട, ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എന്‍.ജി.ഒയാണ് പ്രയാണ്‍ ഫൗണ്ടേഷന്. പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുക, സ്കൂളുകളില്‍ ക്വാളിറ്റി എഡുക്കേഷന്‍ ഉറപ്പുവരുത്തുക, വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ കരിയര്‍ ഗൈഡന്‍സ് നല്‍കുക, സാമൂഹിക ശാക്തീകരണത്തിന്റെ ഭാഗമായി തൊഴിലവസരങ്ങള്‍ ഒരുക്കുക, സർക്കാർ പ്രോജക്ടുകൾ താഴെ കിടയിലേക്ക് എത്തിക്കുക തുടങ്ങിയ വിവിധങ്ങളായ ലക്ഷ്യങ്ങളോടെയാണ് പ്രയാണ്‍ ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്.
സിജിയുടെയും കോഴിക്കോട് ഖത്തര്‍ കെ.എം.സി.സിയുടെയും സഹകരണത്തോടെ ഇതുവരെ വലിയ മുന്നേറ്റങ്ങള്‍ ഇതിനുകീഴില്‍ നടത്തപ്പെട്ടു. മോഡല്‍ പഞ്ചായത്ത് പ്രൊജക്ടിന്റെ ഭാഗമായി ആദ്യമായി പ്രവര്‍ത്തനമാരംഭിച്ച മജ്ഗമ പഞ്ചായത്തില്‍ ഇതുവരെ 80 ലധികം ബോധവല്‍ക്കരണ പ്രോഗ്രാമുകള്‍ നടത്താനും രണ്ടായിരത്തിലധികം ഹൗസ് വൈഫുമാരിലേക്ക് സന്ദേശം കൈമാറാനും സാധിച്ചിട്ടുണ്ട്. കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ അവബോധം നല്‍കാനും സാധിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെ 11 ഗവണ്മെന്റ് സ്കൂളുകളും രണ്ട് സര്‍ക്കാര്‍ മദ്റസകളും ആറ് പ്രൈവറ്റ് സ്കൂളുകളും കേന്ദ്രീകരിച്ച് നടത്തപ്പെട്ട പദ്ധതിയില്‍ 3500 ലേറെ വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കളായി. കിഷന്ഗഞ്ചിനുപുറമെ ബീഹാറിലെ തന്നെ അററിയ, വെസ്റ്റ് ബംഗാളിലെ മുര്‍ഷിദാബാദ്, ആസ്സാമിലെ നെല്‍ബാരി എന്നിവിടങ്ങളിലും പ്രയാണ്‍ കരിയർ സെൻ്ററുകൾ പ്രവര്‍ത്തിക്കുന്നുണ്ട്.
ഖുര്‍ത്വുബ
അടിസ്ഥാന ആവശ്യങ്ങളുള്ള എല്ലാ മേഖലയിലും കൃത്യമായ രീതിയില്‍ സ്ഥാപനസംവിധാനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി ഡോ. സുബൈർ ഹുദവി ഡയറക്ടറായി ഖുര്‍ത്വുബ വെല്‍ഫെയര്‍ ഫൗണ്ടേഷന് രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആദ്യ ഘട്ടമെന്നോണം 2019 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുന്നത്. കൃത്യമായ അഡ്മിഷന് ടെസ്റ്റുകളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അറുപത് വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്നത്. ആദ്യവര്‍ഷം തന്നെ 250 വിദ്യാര്‍ഥികളും തുടര്‍ വര്‍ഷങ്ങളിലായി 400, 500, 600 എന്നിങ്ങനെ വിദ്യാര്‍ഥികള്‍ അപേക്ഷിച്ച് അഡ്മിഷന് ടെസ്റ്റ് അറ്റന്‍ഡ് ചെയ്തിരുന്നു.
നമ്മുടെ സംവിധാനത്തെ ജനങ്ങള്‍ സ്നേഹപൂര്‍വം ഏറ്റെടുക്കുന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു അത്.
വിദ്യാഭ്യാസസ്ഥാപനങ്ങളും നേതാക്കളും പലതും പലവിധത്തിലും പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നേതൃപാടവമുള്ള പണ്ഡിതരും സമുദായത്തിന്റെ സംഘടിതമായ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാക്കന്മാരുടെയും അഭാവമാണ് വലിയൊരളവില്‍ ജനങ്ങളുടെ പിന്നാക്കാവസ്ഥക്ക് ആക്കംകൂട്ടിയിട്ടുള്ളത്. ഇത്തരമൊരു അവസ്ഥാവിശേഷത്തിന് പരിഹാരം കണ്ടെത്താനാവുന്ന പണ്ഡിതന്മാരെ, നാളെയുടെ ലീഡര്‍മാരെ, സോഷ്യന്‍ എഞ്ചിനീയര്‍മാരെ, രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്ന വലിയൊരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. നാലുവര്‍ഷത്തെ ചുരുങ്ങിയ കാലയളവില്‍ പ്രദേശത്തെ വിദ്യാഭ്യാസ - സാമൂഹിക ഇടങ്ങളില്‍ ചെറുതല്ലാത്ത മുദ്ര പതിപ്പിക്കാന്‍ സ്ഥാപനത്തിനായിട്ടുണ്ട്.
അത്യാധുനിക സംവിധാനങ്ങളും ടെക്നോളജിയും ക്രിയാത്മകമായി ഉപയോഗിച്ച്, പുതിയ കാലത്തോട് സംവദിക്കാനുതകുന്ന പണ്ഡിതന്മാരെ, കൃത്യമായ പരിശീലനത്തിലൂടെ, ബഹുഭാഷാ പരിജ്ഞാനമുള്ള അധ്യാപകരുടെ കൃത്യമായ ശിക്ഷണത്തില്‍ ഇവിടെ തയ്യാറാക്കപ്പെടുന്നു. അതിവിശാലമായ ലൈബ്രറി- റീഡിംഗ് റൂം, കംപ്യൂട്ടര്‍ ലാബ്, ഡിജിറ്റല്‍ ലൈബ്രറി, ടീച്ചിംഗ് ലേണിംഗ് റിസോഴ്സസ് റൂം എന്നീ സംവിധാനങ്ങളും വിദ്യാര്‍ഥികളില്‍ സംഘബോധവും സാമൂഹിക സേവന സന്നദ്ധതയും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടന ഖിയാദയും വിദ്യാര്‍ഥികള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്.
വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമായി പൊതുവേദികളില്‍ സംസാരിക്കുക, ഗ്രാമങ്ങളില്‍ നിസ്കാരമടക്കമുള്ള അടിസ്ഥാന മതപാഠങ്ങളെക്കുറിച്ചുമുള്ള പ്രാക്ടിക്കല്‍ ക്ലാസുകള്‍ നല്‍കുക, മക്തബുകളിലെ ചെറിയ ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വിദ്യാര്‍ഥികളുടെ സിലബസിന്റെ ഭാഗമായിത്തന്നെ നിലവില്‍ നടന്നുപോരുന്നു.
ഭാവിയില്‍ ഒട്ടനേകം പദ്ധതികളുമായാണ് ഖുര്‍ത്വുബ ഫൗണ്ടേഷന് മുന്നോട്ടു പോവാനാഗ്രഹിക്കുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് യാതൊരു വിധത്തിലുള്ള സ്ഥാപനസൗകര്യങ്ങളും നിലവിലില്ലാത്ത ജില്ലയില്‍ ഒരു സ്പെഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സനദിന് വേണ്ടി വിദൂര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായി ഒരു സനദ് നല്കുന്ന സ്ഥാപനം, ഹിന്ദി- ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, ഖുര്‍ആന്‍ അക്കാദമി എന്നിങ്ങനെ വിവിധ സ്വപ്നപദ്ധതികള്‍ ഖുര്ത്വുബക്ക് മുന്നിലുണ്ട്.
ഇക്കൂട്ടത്തില്‍ സനദ് സ്ഥാപനങ്ങളുടെ അനിവാര്യത അതിശക്തമാണ്. കേരളത്തിലെ മതവിദ്യാഭ്യാസ രംഗം ദര്‍സുകളില്‍ നിന്ന് തുടങ്ങി ഇസ്ലാമിക് യൂനിവേഴ്സിറ്റികള്‍ വരെയെത്തി നില്ക്കുന്ന വലിയൊരു യാത്രയാണ്. നമ്മുടെ മഹല്ലുകളിലും മറ്റു സ്ഥാപന സംവിധാനങ്ങളിലും ജോലി ചെയ്യാനും സംഘടനാസംവിധാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും അത്തരം സ്ഥാപനങ്ങളില്‍ നിന്നു തന്നെ പഠിക്കുകയും പരിശീലനം നേടുകയും ചെയ്ത വലിയൊരു പണ്ഡിതസൂഹവും സുസജ്ജമാണ്. അത്തരമൊരു പണ്ഡിതവ്യൂഹത്തിന്റെ വലിയൊരു വിടവ് നികത്തുകയെന്നതാണ് ഈയൊരു പദ്ധതിയിലൂടെ പ്രധാനമായി ലക്ഷീകരിക്കുന്നത്. മഹല്ലുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുകയും സമൂഹത്തിന്റെ തുടിപ്പുകളറിഞ്ഞ് കാലോചിതമായ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ ആവിഷ്കരിച്ച് അവ നടപ്പാക്കുകയും ചെയ്യുന്ന, മതഭൗതിക വിദ്യ സമന്വയിച്ച പണ്ഡിതര്‍ ഈ സ്ഥാപനങ്ങളിലൂടെ ഉയര്‍ന്നുവരണം.
ഖുര്‍ത്വുബ തന്നെ ആരംഭിച്ച ജൂനിയര്‍ സ്ഥാപനങ്ങളില്‍ നിന്നോ സമാനമായ മറ്റു സ്ഥാപനങ്ങളില്‍ നിന്നോ ഉള്ളതോ പ്ലസ് ടു തത്തുല്യ കോഴ്സ് കഴിഞ്ഞവരോ ആയവര്‍ക്കുള്ള മൂന്നു വര്‍ഷത്തെ ഡിഗ്രി- ബിരുദ സ്ഥാപനമാണ് ഈയൊരു പദ്ധതി ലക്ഷീകരിക്കുന്നത്. നിലവില്‍ ഇതിന്റെ ആദ്യ ഘട്ടമെന്നോണം രാംപൂര്‍, സിംഗ്യ, റമീസ്നഗര്, ചക്ല, മജ്ഗമ, ഗാംഗി, ബങ്കര്ദ്വാരി, ദൗലത്ത്പൂര്, ഠാക്കൂര്‍ഗഞ്ച്, ബൈസി, ബന്‍സ്വാടി, സീമല്ബാഡി, മിഹ്യാര്പൂര് എന്നിവിടങ്ങളില്‍ ആരംഭിച്ച പദ്ധതികളില്‍ നാലിടത്ത് ആണ്‍കുട്ടികളുടെ റെസിഡന്‍ഷ്യല്‍ സ്ഥാപനവും മൂന്നിടത്ത് പെണ്‍കുട്ടികളുടെ സ്ഥാപനവും പ്രവര്‍ത്തിക്കുന്നു. ചിലയിടത്ത് ചില കാരണങ്ങളാല്‍ പദ്ധതി മുന്നോട്ടു പോവാന്‍ പറ്റിയില്ലെങ്കിലും അവയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
ഇക്കൂട്ടത്തില്‍ ചക്ലയിലെ നൂറെ മദീന ശരീഅത്ത് കോളേജ് ഒരു ദീനിസ്നേഹിയുടെ സഹായത്തോടെ നിര്‍മിച്ചതാണ്. ഇദ്ദേഹം നിര്‍മിച്ച രണ്ടുനില പള്ളിയില്‍ സ്ഥാപനവും മക്തബും നടക്കുന്നു. രണ്ട് അധ്യാപകരുടെ സാലറിയും ഇദ്ദേഹം തന്നെയാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്.
സീമല്ബാഡി ഗ്രാമത്തില്‍ ദാറുല്‍ ഹുദാ മൂന്നാം ബാച്ച് സ്പോണ്സര് ചെയ്ത മറ്റൊരു വ്യക്തി നിര്‍മിച്ച പള്ളിയും നടന്നുവരുന്നു. ഹാദിയ ദുബൈ സിബിസ് അലുംനി നിര്‍മിച്ചതാണ് ഗാംഗി എന്ന ഗ്രാമത്തിലെ പള്ളി. ഇവിടെ നിലവില്‍ മക്തബ് നടക്കുന്നു. മദ്റസ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളുമായി ആദ്യ ഘട്ടത്തില്‍ തന്നെ സഹകരിച്ച സൗദി ബുറൈദയിലെ സമസ്ത ഇസ്ലാമിക് സെന്റര്‍ ഉണ്ടാക്കിയ കെട്ടിടം മജ്ഗമ എന്ന ഗ്രാമത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മക്തബും ഗേള്‍സ് സ്കൂളും നടന്നുവരുന്നു.
രാംപൂര്‍ എന്ന ഗ്രാമത്തില്‍ ബാഫഖി തങ്ങളുടെ പേരില്‍ നിര്‍മിച്ച പള്ളി, സീതി സാഹിബിൻ്റെ പേരിലുള്ള ഫൈസാനെ സദ് റുൽ ഉലൂം മദ്റസ, മക്തബ് എന്നിവയും രണ്ട് അധ്യാപകരുടെ സാലറിയും ഖത്തര്‍- കോഴിക്കോട് കെ.എം.സി.സിയാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവ ഖുര്ത്വുബയാണ് കണ്ടെത്തുന്നത്.
ചേകനൂരിലെ ഒരുകൂട്ടം സുഹൃത്തുക്കള്‍ മുൻകൈയ്യെടുത്ത് നിര്‍മിച്ചതാണ് ബൈസി സിംഗ്യയിലെ ഖദീജത്തുല്‍ കുബ്റാ സ്ഥാപനം. ഇവിടെ ബോയ്സ് റെസിഡന്‍ഷ്യല്‍ സ്കൂള്‍, ഗേള്‍ഡ് ഡേ സ്കൂള്‍ എന്നിവ നടക്കുന്നു. ഇതില്‍ മൂന്നു പേരുടെ സാലറി കുറ്റ്യാടി പ്രദേശം കേന്ദ്രീകരിച്ചുള്ള ചില സുഹൃത്തുക്കളുടെ വാട്സാപ്പ് കൂട്ടായ്മയിലൂടെ കണ്ടെത്തുന്നതാണ്. ഇത് കേന്ദ്രീകരിച്ച് തന്നെ ഹാദിയയുടെ ഖുര്‍ആന്‍ ലിറ്ററസി പ്രോഗ്രാമും നടക്കുന്നു.
റമീസ് നഗര്‍ എന്ന ഗ്രാമത്തില മർകസു ദിറാസതിൽ ഇസ്ലാമിയ്യ ബനാത്ത് കോളജിൽ 150 കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും അതിപരിമിതമായ സൗകര്യമാണ് ഇവിടെയുള്ളത്. ഇതില്‍ ഖത്തര്‍ പേരാമ്പ്ര മുയിപ്പോത്ത് മഹല്ല് കമ്മിറ്റി ഒരു അധ്യാപകന്റെ സാലറി ഏറ്റെടുത്തു നല്‍കുന്നുണ്ട്. നിലവില്‍ കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നു. ഇതില്‍ പ്രത്യേകം 40 കുട്ടികളെ നമ്മുടെ തെരഞ്ഞെടുത്ത് ഒരു ഹുദവി അധ്യാപകനെ വെച്ച് നമ്മുടെ കോഴ്സിലേക്ക് മാറ്റുകയും ചെയ്തു.
ഇത്തരത്തില്‍ ബന്‍സ്വാടി എന്ന ഗ്രാമത്തിലെ 80 ഓളം വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന ജാമിഅ നൂരിയ്യ ബനാത്ത് കോളജില്‍ ഒരു ഹുദവി അധ്യാപകനെ വെച്ച് 30 പേരെ പ്രത്യേകം നമ്മുടെ സിസ്റ്റത്തിലേക്ക് മാറ്റി.
ദൗലത്ത്പൂര് എന്ന ഗ്രാമത്തില്‍ പള്ളിയും ബാത്റൂമും ഉണ്ടാക്കുകയും അധ്യാപകനെ നിയമിക്കുകയും ഹാദിയയുടെ സിലബസ് നടക്കുന്ന ഠാക്കൂര്‍ഗഞ്ച് എന്ന പ്രദേശത്തെ മുപ്പത് വിദ്യാർത്ഥികൾ പഠിക്കുന്ന ദാറുൽ ഉലൂം ഫൈസാനെ താജു ശരീഅ ശരീഅത്ത് കോളജില്‍ ഭക്ഷണം സ്പോണ്സര് ചെയ്യുന്നതും ഖുര്ത്വുബയാണ്.
ബങ്കര്ദ്വാരി എന്ന റിമോട്ട് ഗ്രാമത്തിൽ ജിദ്ദ ഹാദിയ കമ്മിറ്റി സ്പോണ്സര് ചെയ്ത കെട്ടിടത്തില്‍ മക്തബ്, സ്കൂള്‍ എന്നിവയും നടക്കുന്നു.
കിഷൻഗഞ്ച് കേന്ദ്രീകരിച്ച് നടക്കുന്ന വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളുടെ ചെറു വിവരണമാണിത്. സങ്കട കാഴ്ചകളിൽ പരിതപിച്ച് നേരം കളയുകയല്ല, ക്രിയാത്മകമായ ഫലങ്ങളിലേക്കുള്ള മാർഗങ്ങൾ ആലോചിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന ബോധ്യമാണ് ഇവിടം വരെ എത്തിച്ചത്. ഇനിയും താണ്ടാൻ പഥങ്ങൾ ഏറെയുണ്ട്. സഞ്ചരിക്കാൻ കാതങ്ങൾ ഒരുപാടുണ്ട്. ചെയ്തതിലേറെ ചെയ്യാനുണ്ട്. റബ്ബിൻ്റെ സഹായത്തോടെ, സുമനസ്സുകളുടെ ചേർത്തു പിടിക്കൽ കൊണ്ടാണ് ഈ പാതയെത്രയും താണ്ടിയത്. ഇനിയും കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കട്ടെ.
സി.ടി.അബ്ദുൾ ഖാദർ നിലവിൽ തൻ്റെ കർമ മണ്ഡലം കേരളത്തിന് പുറത്തേക്ക് കൂടി വികസിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നായ ബീഹാറിലെ കിഷൻഗഞ്ചിൽ ബഹു.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെയും ഡോ.സുബൈർ ഹുദവി ചേകനൂരിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ- സാമൂഹിക ശാക്തീകരണ പദ്ധതികളിൽ സജീവ സാന്നിധ്യമാണ് സി.ടി.അബ്ദുൾ ഖാദർ.
ഡോ.സുബൈർ ഹുദവി ചേകനൂർ, ശറഫുദ്ദീൻ ഹുദവി ആനമങ്ങാട്, സഈദ് ഹുദവി ആനക്കര എന്നിവരടങ്ങിയ ഒരു സംഘം കിഷൻഗഞ്ച് സന്ദർശിച്ച് ഫീൽഡ് സ്റ്റഡി നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തിൻ്റെ അതിദയനീയാവസ്ഥ തിരിച്ചറിയുന്നതും ശാക്തീകരണ പദ്ധതികൾ ആരംഭിക്കാൻ തീരുമാനിക്കുന്നതും.
മലപ്പുറം ജില്ലയിൽ പൊതു വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് കാരണമായ 'വിജയഭേരി ' പദ്ധതിക്ക് സമാനമായ ഒരു പദ്ധതി അവിടെ ആരംഭിക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ 'വിജയഭേരി'യുടെ അണിയറ ശിൽപികളായിരുന്ന ഡോ.ഇസഡ്.എ.അശ്റഫ്, ടി.സലീം എന്നിവരോടൊപ്പം സി.ടി.യും സുബൈർ ഹുദവിയും വീണ്ടും കിഷൻഗഞ്ചിൽ വിശദമായ പഠനം നടത്തി.
2018 ജൂലൈയിലാണ് ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്
ആദ്യവർഷം ഗ്രാമങ്ങളിലൂടെ നിരന്തരം സഞ്ചരിച്ചു. ഹാദിയ മോറൽ സ്കൂൾ പ്രോജക്ടുകൾ തുടങ്ങാവുന്ന സ്ഥലങ്ങൾ കണ്ടെത്തി. അധ്യാപകർക്ക് പരിശീലനം നൽകി. അൻപതോളം ഗ്രാമങ്ങളിൽ ആദ്യഘട്ടം തുടങ്ങി. അധ്യാപകർ, സാമൂഹിക പ്രവർത്തകർ, ഉമറാക്കൾ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, എം എൽ എ തുടങ്ങിയവർ അടങ്ങുന്ന വിവിധ സംഘങ്ങളെ നമ്മുടെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ കൊണ്ടുവന്നു.
ഒരുവർഷത്തെ അനുഭവജ്ഞാനം അടിസ്ഥാനപ്പെടുത്തി സ്ഥാപന സമുച്ചയ സംസ്ഥാപനം, മാതൃക മഹല്ല് - മക്തബ് സംവിധാനം, പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് മാതൃക പഞ്ചായത്ത് പ്രോജക്ട്, സാധ്യമായ ഔട്ട്റീച്ച് പരിപാടികൾ എന്ന തരത്തിൽ പ്രവർത്തനമേഖല വികസിപ്പിക്കുകയും, ചെറിയ കാൽവെപ്പുകൾ തുടങ്ങുകയും ചെയ്തു.
ഖുർത്വുബ ഇൻസ്റ്റിറ്റ്യൂഷൻസ്
പഴമയിലെ നന്മയും പുതിയതിലെ ഉപകാരങ്ങളും സമന്വയിപ്പിക്കുന്ന വൈവിധ്യമാർന്ന വിദ്യാഭ്യാസ സേവനങ്ങളാണ് കൊർദോവ ലക്ഷ്യംവെക്കുന്നത്. ഇസ്ലാമിക സമൂഹം ഭൗതികതയെ ഏറ്റവും ക്രിയാത്മകമായും ഉൽപാദനാത്മകമായും സമന്വയിപ്പിച്ചതിൻറെ മികച്ച നാഗരിക മാതൃകയായ അൽ-അൻദുലിസിലെ ഖുർതുബയെ, ബീഹാറിന്റെ നളന്ദയോടും തക്ഷശിലയോടും ചേർത്തു വെക്കലാണ് ഉദ്യമം. മാതൃ രാജ്യത്തിൻറെ നിർമ്മാണ പ്രക്രിയയിലും സൃഷ്ടികളുടെ സേവനത്തിലും കൂടുതൽ ദൃശ്യതയോടെ കർമ്മനിരതരാകാൻ പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ പ്രാപ്തരാക്കലാണ് ലക്ഷ്യം.
ആദ്യ സ്ഥാപനമായ ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലന്‍സിന്റെ (ClAE) ക്ലാസ് ഉദ്ഘാടനം 2019 ജൂലൈ മൂന്നിന് കിഷൻഗഞ്ച് - ബഹദൂർ ഗഞ്ച് റോഡിലെ ഒരു വാടക കെട്ടിടത്തിൽ നടന്നു. ബഹുമാന്യരായ സമസ്ത പ്രസിഡണ്ട് സയ്യിദ് മുത്തു കോയ ജിഫ്രി തങ്ങൾ ആണ് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ നദ്വി ഉസ്താദിൻ്റെയും ദാറുൽഹുദാ സെക്രട്ടറി ഷാഫി ഹാജിയുടെയും മറ്റു പ്രമുഖരുടെയും സാന്നിധ്യത്തിൽ സ്ഥാപനം തുടങ്ങിത്തന്നത്. ഇൻറർവ്യൂവിന് വന്ന 240 കുട്ടികളിൽനിന്ന് എഴുത്ത് വാചിക പരീക്ഷയിലൂടെ മെറിറ്റ് മാത്രം അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത 60 കുട്ടികൾക്കാണ് അഡ്മിഷൻ നൽകിയത്.
പകുതിയോളം പേർ സാക്ഷരത പോലും ലഭിക്കാത്തവരായിരുന്നു. ഭൂരിഭാഗം കുട്ടികളും പ്രാഥമിക മതപഠനം തീരെ ലഭിക്കാത്തവർ. ആരുടെയും വീടുകളിൽ നമസ്കാരം അടക്കമുള്ള പ്രാഥമിക ദീനീ ജീവിതംപോലും തീരെയില്ല എന്ന് അവരോടുള്ള സംസാരത്തിലും രക്ഷിതാക്കളുമായുള്ള ഇടപഴകലിലും തിരിച്ചറിഞ്ഞു.
അൽഹംദുലില്ലാഹ്, ചുരുങ്ങിയ കാലം കൊണ്ട് ആ കുട്ടികളിലും അവരുടെ കുടുംബത്തിലും വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞു. സാമൂഹികമാറ്റത്തിന് പണ്ഡിതോചിതമായ നേതൃത്വം നൽകാൻ കഴിയുന്ന, സോഷ്യൽ എൻജിനീയർമാരെ സൃഷ്ടിക്കുക എന്ന സ്ഥാപനലക്ഷ്യം കുട്ടികൾ ഏറ്റെടുത്തു.
രോഗം, പഠിക്കാൻ പ്രയാസം തുടങ്ങി പല കാരണങ്ങളാൽ 12 കുട്ടികൾ സ്ഥാപനം തുടങ്ങി അധികം വൈകാതെ കൊഴിഞ്ഞു പോയി.രണ്ടാം വർഷം 60 കുട്ടികൾക്ക് കൂടി അഡ്മിഷൻ നൽകി. ഈ വർഷം (2021) മൂന്നാമത്തെ ബാച്ച് കൂടി അഡ്മിറ്റ് ചെയ്യപ്പെടും. വാടക, ശമ്പളം, ഭക്ഷണം, വിവിധ കരിക്കുലർ എക്സ്ട്രാ കരിക്കുലർ പരിപാടികൾ എന്നിവക്ക് എല്ലാംകൂടി ഒരു വർഷം ഒരു കുട്ടിക്ക് 50,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. നവോദയ സ്കൂൾ, സൈനിക് സ്കൂളുകൾ, അമേരിക്കയിലെ KIPP (Knowledge Is Power Project) സ്കൂളുകൾ എന്നീ മാതൃകയിൽ ഒരു മികച്ച മത- ഭൗതിക സ്ഥാപനം എന്ന ആഗ്രഹം സാക്ഷാത്കരിക്കുന്ന തരത്തിലാണ് മുന്നോട്ടുപോകുന്നത്.
സ്വന്തം കാമ്പസ്, പദ്ധതിയിലെ മറ്റു സ്ഥാപനങ്ങൾ
സ്ഥാപനം ഉദ്ഘാടനം ചെയ്തത് മുതൽ സ്വന്തമായി ഒരു ഭൂമിക്കുള്ള അന്വേഷണം തുടങ്ങി. ബഡീജാൻ പഞ്ചായത്തിലെ റുഹിയ ഗ്രാമത്തിൽ സ്ഥാപനത്തിന് വേണ്ടി വില കൊടുത്ത് രജിസ്റ്റർ ചെയ്ത 13 ഏക്കർ ഭൂമിയിൽ 55000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഒരു കെട്ടിടത്തിന് 2021 ഏപ്രിലിൽ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു. കെട്ടിട നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
വിവിധ മേഖലയിൽ സേവനം ചെയ്യുന്നവരുമായി സാധ്യമായ തരത്തിൽ സഹകരിച്ച് ഈ സമുച്ചയത്തിൽ ആവിഷ്കരിച്ച സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കാൻ വളരെ വേഗത്തിൽ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് സി.ടി.യും സംഘവും.
സ്ത്രീകളിൽ സാമൂഹിക മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന പണ്ഡിതകളായ ലീഡേഴ്സിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'ClAE for Girls ' തുടങ്ങണം.
ഒരു ലക്ഷ്യബോധവും ഇല്ലാതെ ഏറ്റവും പഴഞ്ചൻ രീതികളിൽ നടക്കുന്ന അനേകായിരം ഖുർആൻ പഠന സ്ഥാപനങ്ങൾക്ക് ടീച്ചിങ് - ലേണിംഗ് പ്രക്രിയകളിൽ മാതൃകയാക്കാവുന്ന ഒരു സ്റ്റാൻഡേർഡ് ഖുർആൻ പഠന സ്ഥാപനമാണ് (കൊർദോവ ഖുർആൻ അക്കാഡമി) ഏറ്റവും പെട്ടെന്നുള്ള ലക്ഷ്യങ്ങളിലൊന്ന്.
അനാഥ അഗതി സംരക്ഷണ ലക്ഷ്യത്തോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏറ്റവും മികച്ച പരിഗണനയും പഠനവും നൽകാവുന്ന കെയർ ഹോമുകളാണ് (കോർഡോവ ബോയ്സ് കെയർ ഹോം & കോർഡോവ ഗേൾസ് കെയർ ഹോം) മറ്റൊരു ലക്ഷ്യം. ഏറ്റവും നല്ല മാതൃകകൾ സൃഷ്ടിക്കാൻ നിലവിൽ അത്തരം മേഖലയിൽ സേവനങ്ങൾ ചെയ്യുന്ന മലപ്പുറം ഫസ്ഫരി ഇൻസ്റ്റ്യൂട്ട് (MAFM Charitable Trust), വയനാട് WMO എന്നിവ പിന്തുണകൾ അറിയിച്ചിട്ടുണ്ട്.
മലബാർ പോലെ പരന്നുകിടക്കുന്ന, അററിയ, പൂർണ്ണിയ, കട്ടിഹാർ, കിഷൻഗഞ്ച് എന്നീ ജില്ലകളുൾക്കൊള്ളുന്ന സീമാഞ്ചൽ മേഖലയിൽ ഒരൊറ്റ നല്ല സ്പെഷൽ സ്കൂളും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബ്ലൈൻഡ് , ഡഫ്, ഡമ്പ്, സെറിബ്രൽ പാൾസി, ഓട്ടിസം, MR എന്നീ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് സാധ്യമായ അറിവും നൈപുണികളും നൽകാൻ 'കൊർദോവ സ്പെഷൽ സ്കൂൾ' തുടങ്ങാൻ വടകര 'തണലു'മായി ധാരണയായിട്ടുണ്ട്.
ഇത്തരം വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ റെഗുലർ സ്കൂളിങ്ങ് ആവശ്യങ്ങൾ നിർവഹിക്കപ്പെടാനും, മേഖലയിൽ അമിത ചിലവില്ലാത്ത മികച്ച സ്കൂൾ വിദ്യാഭ്യാസം സാധ്യമാക്കാനും കഴിയുന്ന ഒരു പബ്ലിക് സ്കൂൾ (കൊർദോവ പബ്ളിക് സ്കൂൾ) ആണ് അധികം വൈകാതെ തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു സ്ഥാപനം.
ബീഹാറിലും മറ്റും പരിമിതമായ സൗകര്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മതസ്ഥാപനങ്ങളിൽ (മദ്രസകൾ) പഠിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് ഭൗതിക വിദ്യയോടൊപ്പം മതപരമായ ഉന്നത പഠനവും സനദും നല്കാവുന്ന ഒരു നവീകൃത മുത്വവ്വൽ സ്ഥാപനമാണ് പ്ലാൻ ചെയ്ത മറ്റൊന്ന്. ഇതിലേക്ക് ഭാവിയിൽ എത്തിച്ചേരാവുന്ന വിദ്യാർഥികൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ 3-വർഷ ബുൻയാദി (ബേസിക് ) മദ്രസ സിലബസിന് തുടക്കംകുറിച്ചു കഴിഞ്ഞു.
താരതമ്യേന നല്ല കഴിവും പ്രാപ്തിയും പഠനമികവും ഉള്ള മക്കളാണ് ബിഹാർ, യു പി, ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിൽ പൊതുവിലുള്ളതെന്നാണ് അനുഭവം. പഠിക്കാനുള്ള അവരുടെ ആഗ്രഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. സംവിധാനങ്ങളുടെയും, സാഹചര്യങ്ങളുടെയും, ചിന്തയോ ഗുണകാംക്ഷയോ ഉള്ള നേതൃത്വത്തിന്റെയും അഭാവമാണ് അവർ അനുഭവിക്കുന്ന പ്രധാന പ്രശ്നം. 'ഞങ്ങളെ ഒന്ന് പഠിപ്പിച്ചു തരുമോ' എന്ന അവരുടെ വിളിക്ക് ഉത്തരം നൽകാൻ നമുക്ക് മുന്നിൽ ഒരുപാട് വഴികളുണ്ട്.
മാതൃകാ മുഹല്ലകൾ, മക്തബുകൾ
കിഷൻഗഞ്ച് ആസ്ഥാനമായി, സീമാഞ്ചലിലെ വ്യത്യസ്ത ജില്ലകളിലായി 130 ലേറെ മക്തബുകൾ പ്രവർത്തിക്കുന്നു.
മക്തബ് പ്രോജക്ട് കൂടുതൽ ഫലപ്രദവും പ്രായോഗികവും ആയി നടപ്പിലാക്കാൻ നല്ല മാതൃകകൾ അനിവാര്യമാണ് എന്ന ചിന്തയിൽ നിന്നാണ് മാതൃക മുഹല്ല - മക്തബ് പദ്ധതി ആരംഭിച്ചത്.
ചക് ല:
കിഷൻഗഞ്ച് നഗരത്തോട് ചേർന്ന് കിടക്കുന്ന, അലീഗർ റീജിയണൽ സെൻറിന്റെ ആസ്ഥാനം ഉള്ള , ചക് ല ഒരു വലിയ മുസ്ലിം ഭൂരിപക്ഷ ഗ്രാമം ആണ്. കൊർദോവയിലെ 7 കുട്ടികൾ ഈ ഗ്രാമത്തിൽ നിന്നാണ്. പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി സ്പോൺസർ ചെയ്ത ഒരു മനോഹരമായ പള്ളി - മദ്രസ കെട്ടിടം ഇവിടെ പൂർത്തിയായി.നൂറ്റി അമ്പതിലധികം വിദ്യാർഥികൾ ഇവിടത്തെ മാതൃക മക്തബിൽ വരുന്നു. നേരത്തെ പരാമർശിച്ച ഒരു ബുൻയാദി മദ്രസയും വലിയവർക്ക് വേണ്ടി ജനറൽ ലിറ്ററസി പ്രോഗ്രാമും, ഖുർആൻ ലിറ്ററസി പ്രോജക്ടും എല്ലാം ഉള്ള ഒരു മാതൃകാ മുഹല്ലയായി ഈ ഗ്രാമത്തെ മാറ്റിയെടുക്കാനാണ് ലക്ഷ്യംവെക്കുന്നത്. പ്രമുഖരെ ഉൾപ്പെടുത്തി കമ്മിറ്റിയുണ്ടാക്കി മദ്രസ നടത്തിപ്പിന് അവരെ സ്വയം പര്യാപ്തരാക്കുകയാണ് ഉദ്ദേശ്യം.
ബങ്കർ ദ്വാരി: ജില്ലാ ആസ്ഥാനത്തു നിന്ന് 15 കിലോമീറ്റർ സഞ്ചരിച്ച്, തോണിയിൽ പുഴ മുറിച്ചു കടന്നു ചെല്ലേണ്ട ഒറ്റപ്പെട്ട ബങ്കർദ്വാരി ഗ്രാമത്തിൽ തുടക്കം മുതൽ നമ്മുടെ മക്തബ് നടക്കുന്നുണ്ട്.ഗ്രാമത്തിലെ മുഴുവൻ കുട്ടികൾക്കും വ്യവസ്ഥാപിതമായ പ്രാഥമിക മതപഠനം നൽകുന്ന മക്തബ്, മത പഠനത്തോടൊപ്പമുള്ള ഒരു പ്രാഥമിക സ്കൂൾ, ആസാമിലും ബംഗാളിലും ദാറുൽഹുദാ ക്യാമ്പസുകളിൽ തുടങ്ങിയ മാതൃകയിലുള്ള, അഞ്ചാംക്ലാസ് പ്രായം കഴിഞ്ഞു വരുന്ന പെൺകുട്ടികൾക്കുള്ള ഒരു ഡേ സ്കൂൾ എന്നിവയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
സീമാൽ ബാരി:
കിഷൻഗഞ്ച് ടൗണിനോട് ചേർന്നുകിടക്കുന്ന ഒരു ദരിദ്ര ഗ്രാമം. ഇവിടെ പുതിയ മസ്ജിദ്, മക്തബുകൾ നിർമിച്ച് കഴിഞ്ഞു. പെൺകുട്ടികൾക്കായി ഡേ സ്കൂളും നടക്കുന്നു.
മജ്ഗമ:
മജ്ഗമ പഞ്ചായത്തിലെ നാലാം വാർഡിൽ മക്തബ്, പ്രീസ്കൂൾ, പെൺകുട്ടികൾക്കുള്ള മതഭൗതിക സ്ഥാപനം എന്നിവ നടക്കുന്നു.
രാംപൂർ:
ബഹദൂർഗഞ്ച് നഗരസഭാ പരിധിയിലെ ഉൾനാടൻ ഗ്രാമമായ രാംപൂരിൽ ഒരു പള്ളിയും മദ്രസയും ഉണ്ടാക്കി. മാതൃകാ മക്തബ് , ബുൻയാദി മദ്രസ എന്നിവയാണ് ഇവിടെ നടക്കുന്നത്.
ഗാങ്കി:
നേപ്പാൾ അതിർത്തിയിലേക്കുള്ള വഴിയിലുള്ള ഈ ഗ്രാമത്തിൽ പുതിയ മസ്ജിദും മക്തബും സജീവമായിക്കഴിഞ്ഞു.
പ്രയാൺ ഫൗണ്ടേഷൻ
പൊതു വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ശാക്തീകരണ മേഖലകളിലും ക്രിയാത്മക ഇടപെടൽ നടത്താൻ 2017 ൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത എൻജിഒ ആണ് പ്രയാണ ഫൗണ്ടേഷൻ. കിഷൻഗഞ്ച് റീജിയണൽ ഓഫീസ് ആസ്ഥാനമാക്കിയാണ് പ്രധാന പ്രവർത്തനം. മലപ്പുറം ജില്ല വിജയകരമായി നടപ്പിലാക്കിയ വിജയഭേരി മാതൃകയിൽ, സർക്കാർ സ്കൂളുകൾ ശാക്തീകരിക്കുന്ന മോഡൽ പഞ്ചായത്ത് പ്രോജക്റ്റ്, കരിയർ എഡുക്കേഷൻ ഗൈഡൻസ് പ്രോഗ്രാം, ഇടക്കാലത്ത് സ്കൂൾ വിട്ട് പോയവരെ പ്രായത്തിനനുസരിച്ച അറിവ് പകർന്നു (Minimum Learning Level - MLL) നൽകി സ്കൂളിലേക്ക് തിരിച്ചെത്തിക്കൽ , തുടങ്ങി നിരവധി പദ്ധതികളാണ് ഇതിനു കീഴിൽ നടക്കുന്നത്.
മജ്ഗമ മോഡൽ പഞ്ചായത്ത്:
100% സ്കൂൾ എൻറോൾമെന്റ് ഉറപ്പുവരുത്തുക, ഇടക്കാല കൊഴിഞ്ഞ് പോക്ക് ഇല്ലാതാക്കുക, പത്താം ക്ലാസ് വരെയെങ്കിലും മിനിമം വിദ്യാഭ്യാസം ഉറപ്പ് വരുത്തുക,, കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഉയർന്ന പഠനങ്ങളിൽ ഗൈഡ് ചെയ്യുക എന്ന ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന ഈ പ്രോജക്ട് കോഴിക്കോട്- ഖത്തർ കെഎംസിസി ആണ് സ്പോൺസർ ചെയ്യുന്നത്. അസീം പ്രേംജി യൂണിവേഴ്സിറ്റി പിജി വിദ്യാർത്ഥികളാണ് ഇതിനാവശ്യമായ സർവ്വേ നടത്തിയത്. പഞ്ചായത്തിലെ ഹൈസ്കൂളിൽ എൻറോൾചെയ്യുന്ന മുഴുവൻ കുട്ടികളെയും ക്ലാസ്സിലെത്തിച്ച് സന്നദ്ധ അധ്യാപകരിലൂടെ അവർക്ക് മുഴുവൻസമയ ക്ലാസുകളും ആവശ്യമായ പരിശീലനവും നൽകി മികച്ച റിസൾട്ടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മോഡൽ ഹൈ സ്കൂൾ പ്രോജക്ട് ആണ് ആദ്യ ഘട്ടത്തിൽ ഫോക്കൽ ഏരിയ ആയി തിരഞ്ഞെടുത്തിട്ടുള്ളത്. സ്ഥലത്തെ എംഎൽഎയും ജില്ലാ പഞ്ചായത്ത് മെമ്പറും ഇതിൽ സപ്പോർട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.
എഡു സപ്പോർട്ട്: സ്കൂളുകളും ഗ്രാമങ്ങളും ബേസ് ചെയ്തു കരിയർ ഗൈഡൻസ് എജുക്കേഷൻ മോട്ടിവേഷൻ, ടാലൻറ് സെർച്ച് എന്നിവ നൽകുന്ന പ്രവർത്തനമാണ് മറ്റൊന്ന്. കോഴിക്കോട് ആസ്ഥാനമായ സിജി യുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്. സിജി സ്പോൺസർ ചെയ്യുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകനും മുഴുസമയം ഈ പദ്ധതിക്ക് വേണ്ടി കിഷൻഗഞ്ചിലുണ്ട്.
ഏതു മേഖലയിലും ഒട്ടനേകം കാര്യങ്ങൾ ചെയ്യാനുള്ള ഇത്തരം സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയും അംഗീകാരവും ലഭിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. സർക്കാർ നിയമപാലക സംവിധാനങ്ങളെല്ലാം വളരെ സന്തോഷത്തോടെയാണ് ഇത്തരം രാഷ്ട്ര നിർമാണപ്രവർത്തനങ്ങളോട് പ്രതികരിക്കുന്നത് എന്നാണ് ഇതുവരെയുള്ള ഫീൽഡനുഭവം. ശുഭപ്രതീക്ഷയോടെ അഞ്ചോ പത്തോ വർഷങ്ങൾക്കപ്പുറമുള്ള നല്ല റിസൾട്ടുകൾ ലക്ഷ്യംവെച്ച് ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് കാലഘട്ടത്തിൻ്റെ അനിവാര്യത.
കിഷൻഗഞ്ചിലെ ബഹുമുഖ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന പ്രയാൺ ഫൗണ്ടേഷൻ്റെ മെമ്പറും 'ഖുർത്വുബാ ഇൻസ്റ്റിറ്റ്യൂഷൻസി'ൻ്റെ ഡയറക്ടറുമാണ് സി.ടി.അബ്ദുൾ ഖാദർ.
For more details:
www.cordovainstitutions.in
ഫാപിൻസ് ചെയർമാൻ സി.ടി.അബ്ദുൾ ഖാദറിൻ്റെ കുടുംബമാണ് ചേനോത്ത് തുരുത്തുമ്മൽ - മാടത്തിൽ(സി.ടി.)
ഒന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള, അനേകം ശിഖിരങ്ങളുള്ള വലിയൊരു കുടുംബം.
അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ധീര സ്മൃതികളുറങ്ങിക്കിടക്കുന്ന, ശുഹദാക്കളുടെ മണ്ണായ രാമന്തളിയിൽ വടക്കുമ്പാട് ഹൈദ്രൂസ് മസ്ജിദിൻ്റെ സ്ഥാപകനും തൻ്റെ കാലത്തെ പൗരപ്രമുഖനും സർവാദരണീയനുമായിരുന്ന മർഹൂം ചേനോത്ത് കുട്ട്യാലി സാഹിബാണ് ഈ കുടുംബത്തിൻ്റെ വംശനാഥൻ.
പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങളെ ഒന്നിപ്പിക്കുകയും ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സി.ടി. കുടുംബ കൂട്ടായ്മ രൂപപ്പെട്ടത്. അതിൻ്റെ ജനറൽ കൺവീനർ എന്ന നിലയിൽ നേതൃപരമായ പങ്ക് വഹിക്കുന്നത് സി.ടി.അബ്ദുൾ ഖാദറാണ്. ഹൈദ്രൂസ് മസ്ജിദ് പരിപാലനക്കമ്മിറ്റിയുടെ വൈസ് ചെയർമാനാണ് സി.ടി.അബ്ദുൾ ഖാദർ.
ഹൈദ്രൂസ് മസ്ജിദ് പരിപാലന കമ്മിറ്റി ഭാരവാഹികൾ:
സി.ടി.മുഹമ്മദലി: മുതവല്ലി, ചെയർമാൻ
സി.എം.സി.അബ്ദു റഹ്മാൻ, സി.ടി.അബ്ദുൾ ഖാദർ: വൈസ് ചെയർമാൻ
സി.ടി.മുഹമ്മദ്: ജനറൽ സെക്രട്ടറി
സി.എം.പി.മുഹമ്മദ് കുഞ്ഞി : സെക്രട്ടറി
സി.എം.കെ.ദാവൂദ്: ട്രഷറർ
മെമ്പർമാർ:
സി.എം.കെ.അസൈനാർ, സി.ടി. കുട്ട്യാലി, സി.ടി.അബ്ദുൽ വാജിദ്, സി.ടി.മുനീർ, സി.എം.പി.അശ്റഫ്.
കൂട്ടായ്മയുടെ കീഴിൽ നടന്ന കുടുംബ സംഗമം ചരിത്രമായിരുന്നു. 2019 ഏപ്രിൽ 22 തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 3.30 വരെ രാമന്തളി വടക്കുമ്പാട് തുരുത്തുമ്മൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ അഞ്ഞൂറോളം കുടുംബാംഗങ്ങളാണ് പങ്കെടുത്തത്.
'നന്നായി തുടങ്ങാം' ഉൽഘാടന സെഷൻ, ആദരം, അനുമോദനം, ക്യാമ്പ്, ക്യാമ്പ് അവലോകനം, ക്യാമ്പ് മെസ്സേജ്, കളിയും കാര്യവും, അന്യോന്യം, സമ്മാനദാനം, സമാപനം എന്നീ സെഷനുകളിലായാണ് പരിപാടി നടന്നത്.
എസ്.വി.മുഹമ്മദലി കണ്ണൂർ, ഡോ.സി.ടി.സുലൈമാൻ, സി. കെ. മുനവ്വിർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ജാബിർ ഹുദവി തൃക്കരിപ്പൂർ കോഡിനേറ്ററായിരുന്നു.
സി.ടി.അബ്ദുൾ ഖാദർ സ്വാഗതസംഘം കൺവീനർ എന്ന നിലയിൽ ഈ പരിപാടിയുടെ വിജയത്തിൽ നേതൃപരമായ പങ്ക് വഹിച്ചു.
കുടുംബാംഗങ്ങളുടെ സാമൂഹിക- വിദ്യാഭ്യാസ മേഖലകളിൽ ഇടപെടുന്ന ഈ കൂട്ടായ്മ അനിവാര്യമായ ഘട്ടങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നു. അതോടൊപ്പം, ഹൈദ്രൂസ് മസ്ജിദിൻ്റെ പരിപാലനവും നിർവഹിക്കുന്നു.
ഇവയുടെയെല്ലാം സുഗമമായ നടത്തിപ്പിനായി ഒരു ഷോപ്പിങ് കോംപ്ലക്സിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ശൈഖുനാ മാണിയൂർ അഹ്മദ് മൗലവിയാണ് ശിലാസ്ഥാപന കർമം നിർവഹിച്ചത്.
കേവലം, കൂടിപ്പിരിയുക എന്നതിന് പകരം, കൂട്ടായ്മയുടെ ഐക്യവും ശക്തിയും ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് സി.ടി. കുടുംബ കൂട്ടായ്മ മുന്നോട്ട് പോവുന്നത്.
ഫാപിൻസ് ചെയർമാൻ സി.ടി.അബ്ദുൾ ഖാദറിൻ്റെ മാതാപിതാക്കളായ മർഹൂം വി.പി.എം.അബ്ദുൽ അസീസ് മാസ്റ്ററുടെയും സി.ടി. സാറയുടെയും സ്മരണാർത്ഥം രൂപീകരിക്കപ്പെട്ടതാണ് അബ്ദുൽ അസീസ് മാസ്റ്റർ സാറ ഫൗണ്ടേഷൻ (AAMSF). വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫൗണ്ടേഷനിൽ സി.ടി.അബ്ദുൾ ഖാദറും സഹോദരങ്ങളും അംഗങ്ങളാണ്. ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മത-സാമൂഹിക- സാംസ്കാരിക- വൈജ്ഞാനിക മേഖലകളിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച് കടന്ന് പോയ പിതാവ് വി.പി.എം.അബ്ദുൽ അസീസ് മാസ്റ്ററുടെ സംഭവ ബഹുലമായ ജീവ ചരിത്രം അനാവരണം ചെയ്യുന്ന ഓർമപ്പുസ്തകം പ്രസിദ്ധീകരിച്ചത് ഫൗണ്ടേഷനാണ്. അബ്ദുസ്സമദ് ഹുദവി തൃക്കരിപ്പൂർ എഡിറ്ററായി പുറത്തിറങ്ങിയ പുസ്തകം 2012 ഫെബ്രുവരിയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്തത്. രണ്ട് എഡിഷനുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ഫൗണ്ടേഷൻ്റെ കൺവീനറാണ് സി.ടി.അബ്ദുൾ ഖാദർ.
സി.ടി.അബ്ദുൾ ഖാദറിൻ്റെ മഹല്ലായ തങ്കയത്ത്, മത- സാമൂഹിക- സാംസ്കാരിക- ധാർമിക - ആരോഗ്യ മേഖലകളിൽ നാടിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് തങ്കയം എജ്യുക്കേഷണൽ ആൻറ് റിലീഫ് സൊസൈറ്റി (TEARS ). ആരംഭകാലം മുതൽ ഈ കൂട്ടായ്മയുടെ കോഡിനേറ്ററായിരുന്ന സി.ടി.അബ്ദുൾ ഖാദർ ദീർഘകാലം ഇതിൻ്റെ വ്യത്യസ്തമായ പദ്ധതികളിലും പരിപാടികളിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. 2007 ഓഗസ്റ്റ് 11 ശനിയാഴ്ചയാണ് മർഹൂം പൊറോപ്പാട് അബ്ദുല്ല മുസ്ലിയാരുടെയും ഡോ. പി.ടി.അബ്ദുൽ അസീസ് മാസ്റ്ററുടെയും സാന്നിധ്യത്തിൽ 'ടിയേഴ്സ്' നാടിന് സമർപ്പിക്കപ്പെട്ടത്. ആദ്യ വർഷം തന്നെ ഉദ്ബോധന ക്ലാസ്, പലിശ രഹിത വായ്പാ പദ്ധതി, വിദ്യാഭ്യാസ വായ്പാ പദ്ധതി, വിദ്യാഭ്യാസ സഹായം, ചികിൽസാ സഹായം, ഭവന നിർമാണ സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ടിയേഴ്സിന് നടത്താനായി. രണ്ടാം വർഷം, സ്വയം തൊഴിൽ സംരംഭം, ജോബ് സെൻ്റർ, കുടുംബ സംഗമം, 'സകാത്ത് ദായകർക്കൊരു വഴികാട്ടി' ലഘുലേഖ, മഹല്ല് സർവേ, വനിതാ വിങ്, വനിതകൾക്ക് മത പഠന ക്ലാസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്താനായി. കർമശാസ്ത്രത്തിൻ്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ, മർഹൂം പൊറോപ്പാട് അബ്ദുല്ല മുസ്ലിയാരുടെ ആശീർവാദത്തോടെ, വകാലത് വഴി സകാത്ത് ശേഖരിച്ച് അർഹരായ ആളുകൾക്ക് വിതരണം ചെയ്യുന്ന പദ്ധതി വിപ്ലവകരമായിരുന്നു. ദാരിദ്ര്യ നിർമാർജിത മഹല്ല് സാധ്യമാക്കുന്നതിലും ടിയേഴ്സ് ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്. ഒരു നാടിൻ്റെ നാനോന്മുഖമായ പുരോഗതിക്കാവശ്യമായ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കുന്ന ടിയേഴ്സിൻ്റെ പ്രവർത്തനങ്ങളിൽ ദീർഘകാലം പങ്കാളിയാവാൻ സാധ്യമായിട്ടുണ്ട് സി.ടി.അബ്ദുൾ ഖാദറിന്.